തോമസ് ചാണ്ടിയുടെ രാജി; നിര്‍ണ്ണായക സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്

മന്ത്രി തോമസ് ചാണ്ടി രാജിവെക്കുമോ എന്ന കാര്യം ഇന്നറിയാം. വിഷയം ചര്‍ച്ച ചെയ്യാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തോമസ് ചാണ്ടി രാജിവെക്കണമെന്ന ആവശ്യം നേതാക്കള്‍ ഉന്നയിച്ചേക്കാം. അതേസമയം, നിയമോപദേശം ലഭിച്ച ശേഷം അന്തിമതീരുമാനം കൈക്കൊണ്ടാല്‍ മതിയെന്ന നിലപാടിലാണ് സര്‍ക്കാര്‍. തോമസ് ചാണ്ടിക്കെതിരെ ആരോപണങ്ങള്‍ ശക്തമായിട്ടും ഒരു തീരുമാനമെടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് സര്‍ക്കാരും പാര്‍ട്ടിയും. വിഷയം പാര്‍ട്ടി നേതൃയോഗങ്ങളിലൊന്നും ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. ആദ്യമായി ഇന്നത്തെ സെക്രട്ടേറിയറ്റിലാണ് വിഷയം ചര്‍ച്ച ചെയ്യുന്നത്. നിലം നികത്തി റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചു എന്ന പരാതിയില്‍ തോമസ് ചാണ്ടിക്കെതിരെ കോട്ടയം വിജിലന്‍സ് കോടതി കഴിഞ്ഞ ദിവസം ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ മന്ത്രിയുടെ രാജിക്ക് സമ്മര്‍ദ്ദമേറി. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തി. ഇതിനിടെയാണ് നിര്‍ണ്ണായക സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരുന്നത്.

Top