കൊച്ചി: വിവാഹം കഴിക്കണമെന്ന് കാമുകി വാശിപ്പിടിച്ചപ്പോഴാണ് കൊലപാതകം നടത്തിയതെന്ന് പ്രതിയുടെ മൊഴി. കൊച്ചിയില്‍ യുവതി കൊലപ്പെടുത്തിയ കേസിലാണ് പ്രതി വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
കാക്കനാട് പരപ്പേല്‍ വീട്ടില്‍ അന്‍വര്‍ അവിഹിത ബന്ധത്തിനൊടുവിലാണ് വീട്ടമ്മയായ സന്ധ്യയെ കൊലപ്പെടുത്തിയത്. വിവാഹം കഴിക്കണമെന്ന് സന്ധ്യ വാശിപിടിച്ചപ്പോള്‍ മറ്റ് മാര്‍ഗ്ഗമില്ലാതെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.
രണ്ടര വര്‍ഷം മുന്‍പാണ് കാക്കനാട് റൂട്ടിലെ സ്വകാര്യ ബസിലെ കണ്ടക്ടറായ അന്‍വര്‍ കൊല്ലപ്പെട്ട സന്ധ്യയെ പരിചയപ്പെടുന്നത്. ബസില്‍ വച്ച് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയത്തിന് വഴിമാറുകയായിരുന്നു. പാലാരിവട്ടത്തെ സ്വകാര്യ സ്ഥാപനത്തില്‍ നിന്നും ആലപ്പുഴ റിലയന്‍സ് വെബ് വേള്‍ഡിലേക്ക് മാനേജരായി സ്ഥലം മാറി വന്നപ്പോഴും ഈ ബന്ധം തുടര്‍ന്നു. ഇതിനിടയില്‍ ഇവര്‍ പല സ്ഥലങ്ങളിലും പോയതായി അന്‍വര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
കൊല നടന്ന ദിവസം രാവിലെ അന്‍വര്‍ സന്ധ്യയെ ഫോണില്‍ വിളിച്ച് ചേര്‍ത്തലയില്‍ കാറുമായി വരുന്നുണ്ടെന്ന് അറിയിച്ചു. ജോലി കഴിഞ്ഞിറങ്ങിയ സന്ധ്യയുമായി ചേര്‍ത്തല ഭാഗത്ത് കറങ്ങി ഭക്ഷണം കഴിച്ചതിനു ശേഷമാണ് ഇരുവരും കൂട്ടുകാരന്റെ വാടക കാറില്‍ തോപ്പുംപടിയില്‍ എത്തുന്നത്. ഇതിനിടയില്‍ ഭര്‍ത്താവ് അജിത്തുമായി പിണങ്ങിയ സന്ധ്യ ഇനി വീട്ടിലേക്ക് പോകുന്നില്ലെന്നും തന്നെ വിവാഹം കഴിക്കണമെന്നും അന്‍വറിനോട് ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ വിവാഹിതനും കുട്ടികളുടെ പിതാവുമാണെന്ന് പറഞ്ഞിട്ടും സന്ധ്യ സമ്മതിച്ചില്ലെന്നും അന്‍വര്‍ പൊലീസിന് മൊഴി നല്‍കി.
കാറില്‍നിന്നും ഇറങ്ങാന്‍ കൂട്ടാക്കാതിരുന്ന സന്ധ്യ ഒരുമിച്ച് ജീവിക്കണമെന്നും അല്ലെങ്കില്‍ ഒരുമിച്ച് മരിക്കാമെന്നും പറഞ്ഞ് വാശിപിടിച്ചു. ഈ സമയത്ത് ബലം പ്രയോഗിച്ച് സന്ധ്യയുടെ ചുരിദാറിന്റെ ഷാള്‍ കൊണ്ട് കഴുത്തില്‍ മുറുക്കി കൊല്ലുകയായിരുന്നുവെന്ന് ഇയാള്‍ പൊലീസിനോട് കുറ്റസമ്മതം നടത്തി. മരിച്ചെന്ന് ഉറപ്പ് വരുത്തിയ ശേഷം ഐലന്റ് ഭാഗത്തെ ലോറിക്കടിയില്‍ ജഡം ഉപേക്ഷിച്ച് കാറുമായി അന്‍വര്‍ പള്ളുരുത്തിയിലെ സഹോദരിയുടെ വീട്ടിലേക്ക് പോയി. ഇതിനിടയില്‍ സന്ധ്യയുടെ സ്വര്‍ണാഭരണങ്ങള്‍, മൊബൈല്‍ഫോണ്‍, ലാപ്‌ടോപ് എന്നിവ അന്‍വര്‍ കൈക്കലാക്കി. കൊലപാതകം നടത്തിയത് സ്വര്‍ണത്തിനു വേണ്ടിയായിരുന്നു എന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് അന്‍വര്‍ പിന്നീട് പൊലീസിന് മൊഴി നല്‍കി.
സന്ധ്യയുടെ മരണ വാര്‍ത്തയോടൊപ്പം പത്രത്തില്‍ അച്ചടിച്ചു വന്ന ഫോട്ടോയാണ് കേസ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ചില ബസ് ജീവനക്കാര്‍ തന്നെയാണ് ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്ന കാര്യം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മണിക്കൂറുകള്‍ കൊണ്ട് പ്രതി പിടിയിലായത്. ഇയാളുടെ ഫോണില്‍ നിന്ന് 200ഓളം യുവതിയുടെയും വിദ്യാര്‍ത്ഥിനികളുടെയും ഫോണ്‍ നമ്പര്‍ പൊലീസ് കണ്ടെത്തി. ബസില്‍ വച്ചുള്ള പരിചയം മുതലെടുത്താണ് ഇവരുമായി സൗഹൃദത്തിലാകുന്നത്. ഈ നമ്പറുകളില്‍ നിന്നും നിരവധി കോളുകള്‍ ഇയാളുടെ ഫോണിലേക്ക് വന്നിരുന്നതായി പൊലീസ് പറഞ്ഞു.
ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച പൊലീസിന് കൂടുതല്‍ സ്ത്രീകളുമായി ഇയാള്‍ അവിഹിത ബന്ധം പുലര്‍ത്തിയതിന്റെ തെളിവുകള്‍ ലഭിച്ചതായാണ് സൂചന. ബസിലെ സ്ഥിരം യാത്രക്കാരായ വിദ്യാര്‍ത്ഥിനികളും ഇക്കൂട്ടത്തിലുണ്ടെന്നാണ് വിവരം. പലരുമായും അന്‍വര്‍ നിരന്തര ബന്ധം പുലര്‍ത്തിയിട്ടുണ്ട്. ഇക്കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അന്‍വറിന്റെ ചതിക്കുഴിയില്‍ നിരവധി സ്ത്രീകള്‍ വീണതായി പൊലീസിന് സംശയം. അന്‍വറിന്റെ ഫോണില്‍ 200 യുവതികളുടെ ഫോണ്‍നമ്പറുകള്‍ പൊലീസ് കണ്ടെത്തി. സ്വകാര്യ ബസ് ജീവനക്കാരനായ അന്‍വര്‍ ജോലി ചെയ്യുന്ന ബസുകളിലെ യാത്രക്കാരായ വിദ്യാര്‍ത്ഥിനികളുടെയും യുവതികളുടെയും ഫോണ്‍നമ്പറുകളാണു സൂക്ഷിച്ചിട്ടുള്ളത്. ഇവരെ പലരെയും മാറിമാറി വിളിച്ചതിനും തെളിവുണ്ട്. യുവതികളില്‍ കൂടുതലും വിവാഹിതകളാണ്.


