ന്യൂയോര്‍ക്ക് : ബാബാ രാംദേവിനെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ഉപമിച്ച് ന്യൂയോര്‍ക്ക് ടൈംസ്. രാംദേവിനെ കുറിച്ച് പത്രത്തില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണ് രാംദേവും ട്രംപും ഒരുപോലെയെന്ന് പ്രസ്താവിച്ചിരിക്കുന്നത്. രാംദേവ് ഇന്ത്യയില്‍ ചെലുത്തുന്ന സ്വാധീനം വച്ച് നോക്കുമ്പോള്‍ ട്രംപ് യു.എസ് പ്രസിഡന്റായതുപോലെ രാംദേവ് ഒരിക്കല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി വരെയായേക്കുമെന്നാണ് ലേഖനത്തില്‍ പറയുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങള്‍ ബാബാ രാംദേവിനെക്കുറിച്ച് പലപ്പോഴും റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കാറുണ്ടെങ്കിലും ട്രംപുമായി താരതമ്യപ്പെടുത്തി ഒരു ലേഖനം വരുന്നത് ഇതാദ്യമാണ്.
യോഗയിലൂടെയും ‘പതഞ്ജലി’ബ്രാന്റിലൂടെയും വിദേശ രാജ്യങ്ങളില്‍ പോലും പ്രസിദ്ധി നേടിയ ബാബാ രാംദേവ് ട്രംപിനെപ്പോലെതന്നെ വലിയൊരു കച്ചവട സാമ്രാജ്യത്തിന്റെ മേധാവിയാണ്. ട്രംപിനെപ്പോലെ ടിവി പരിപാടികളില്‍ പൊങ്ങച്ചം പറയുന്നയാളാണ് രാംദേവെന്നും ഇരുവര്‍ക്കും സത്യവുമായുള്ള ബന്ധം ഇലാസ്റ്റിക് പോലെയാണെന്നും ആണ് ലേഖനത്തില്‍ പറയുന്നത്. രാംദേവ് ഒരു രാഷ്ട്രീയ പാര്‍ട്ടിയിലുമില്ലെങ്കിലും നിരവധി ബി ജെ പി നേതാക്കന്‍മാരുമായി അടുത്ത ബന്ധമുണ്ട്. രാംദേവ് ഇപ്പോള്‍ ഇന്ത്യയില്‍ പ്രധാനമന്ത്രിയേക്കാള്‍ സ്വാധീനമുള്ളയാളാണെന്നും വിമര്‍ശകര്‍ക്കും നിയമത്തിനും ഒന്നും തളച്ചിടാനാകാതെ അദ്ദേഹം വളരുമെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.




