“കോടികള്‍ വിലവരുന്ന ചന്ദനവിഗ്രഹങ്ങള്‍ പിടിച്ചു.മുട്ടത്തറ സ്വദേശി അറസ്റ്റില്‍

തിരുവനന്തപുരം :രാജ്യാന്തരവിപണിയില്‍ ഒന്നരക്കോടിയോളം വിലമതിക്കുന്ന ചന്ദന വിഗ്രഹങ്ങള്‍ വനംവകുപ്പ് പിടികൂടി. മുട്ടത്തറ പുതുവല്‍ പുത്തന്‍ വീട്ടില്‍ ജയകുമാറില്‍ (46) നിന്നുമാണു 10 തലയുള്ള വിശ്വരൂപ വിഗ്രഹവും ഏഴോളം ഗണപതി വിഗ്രഹങ്ങളും നിര്‍മാണത്തിന് ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തത്. മുട്ടത്തറ ടി.സി 35/ 165 ല്‍ ടി. ജയകുമാറിനെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്.മൂന്നര അടി വലിപ്പമുള്ള വിശ്വരൂപവും വിവിധ ഉയരത്തിലുള്ള ഏഴു ഗണപതി വിഗ്രഹങ്ങളും വലിയ ചന്ദനത്തടികളുമാണ് ജയകുമാറിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തത്. വലിയ വിഗ്രഹത്തിന് മാത്രം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഒന്നരക്കോടി രൂപ വിലവരുമെന്ന് കണക്കാക്കുന്നു.മുട്ടത്തറ കേന്ദ്രീകരിച്ച് ചന്ദനവിഗ്രഹ നിര്‍മ്മാണം നടക്കുന്നതായി രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പിന്റെ ഇന്റലിജന്‍സ് വിഭാഗം ദിവസങ്ങളായി പ്രദേശം നിരീക്ഷിച്ച് വരികയായിരുന്നു. ഡി.എഫ്.ഒ അനിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വിഗ്രഹങ്ങള്‍ കണ്ടെത്തിയത്.
വിഗ്രഹങ്ങള്‍ വീട്ടിലെ രണ്ടാം നിലയിലെ മുറിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ചന്ദനത്തടി വീട്ടിലെത്തിച്ചാണ് വിഗ്രഹങ്ങള്‍ പണിതിരുന്നത്. പണിയായുധങ്ങളും കണ്ടെടുത്തു. ഒറ്റയ്ക്കാണ് വിഗ്രഹം നിര്‍മ്മിക്കുന്നതെന്നാണ് ജയകുമാര്‍ നല്‍കിയ മൊഴി.ഇത്രയും ചന്ദനം ഇയാള്‍ക്ക് എവിടെ നിന്ന് കിട്ടിയെന്നും ഇതിന് പിന്നില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. റേഞ്ച് ഓഫീസര്‍മാരായ എസ്.വി. വിനോദ് , ദിവ്യാ എസ്. റോസ്, ജയകുമാര്‍, എച്ച്.ടി. ജോസ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്.

Top