മഅദനിയടക്കം 20 പേര്‍ കേരളത്തില്‍നിന്ന്‌ പ്രഖ്യാപിത ഭീകരപട്ടികയിലേക്ക്‌? യു.എ.പി.എ. ഭേദഗതി ബില്‍ നിയമമാകുമ്പോള്‍ വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാൻ എൻ.ഐ.എക്ക് അധികാരം

ന്യുഡൽഹി : നിയമ വിരുദ്ധ പ്രവര്‍ത്തന നിരോധന ഭേദഗതി ബില്‍ ( യു.എ.പി.എ. ഭേദഗതി ബില്‍ ) നിയമമാകുമ്പോള്‍ പി.ഡി.പി. ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മഅദനിയും തടിയന്റവിട നസീറിനെയും പ്രഖ്യാപിത ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നീക്കം. ആദ്യപട്ടികയില്‍ കേരളത്തില്‍നിന്നുള്ള 20 പേരടക്കം ഇരുനൂറോളം പേരുണ്ടാകുമെന്നും സൂചന.വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാൻ എൻ.ഐ.എക്ക് അധികാരം നൽകുന്നതാണ് യു.എ.പി.എ ഭേദഗതി ബിൽ .ലോഹാസഭ ഇത് കഴിഞ്ഞദിവസം പാസാക്കിയിരുന്നു 287 എം.പിമാർ നിയമഭേദഗതിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോൾ മുസ്‌ലിം ലീഗ് എം.പിമാർ അടക്കം എട്ടുപേർ മാത്രമാണ് ബില്ലിനെ എതിർത്തു വോട്ട് ചെയ്തത്.

പാക്‌ ഭീകരസംഘടനകളുടെ തലവന്മാരായ ഹാഫിസ്‌ സയീദ്‌, മസൂദ്‌ അസര്‍, സയ്യിദ്‌ സലാഹുദ്ദീന്‍ എന്നിവരാകും പട്ടികയിലെ ആദ്യ പേരുകള്‍. മഅദനിയും നസീറുമടക്കം നിലവില്‍ യു.എ.പി.എ. ചുമത്തിയിട്ടുള്ള ഇരുപതോളം മലയാളികളടക്കം കരടുപട്ടിക തയാറായിക്കഴിഞ്ഞു. വിദേശത്തു കഴിയുന്ന വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കും പട്ടികയിലുള്‍പ്പെട്ടേക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിലവില്‍ യു.എ.പി.എ. ചുമത്തിയിട്ടുള്ള മുഹമ്മദ്‌ സാബിര്‍ (സവാദ്‌), മെറിന്‍ ജേക്കബ്‌ പള്ളത്ത്‌, ഷിബി കുന്നത്ത്‌, അബ്‌ദുള്‍ റഷീദ്‌ അബ്‌ദുള്ള, മുഹമ്മദ്‌ സാജിദ്‌, എം.ടി.പി. ഫിറോസ്‌ ഖാന്‍, ഷംസിയ കുരിയന്‍, അഷറഫ്‌ മജീദ്‌ കല്ലുകെട്ടിയ, ഡോ. ഇജാസ്‌ കല്ലുകെട്ടിയ, ഷിഹാസ്‌ കല്ലുകെട്ടിയ, മുഹമ്മദ്‌ മര്‍വാന്‍ ബേക്കര്‍, മുഹമ്മദ്‌ മന്‍സാദ്‌ മയില്‍, ടി.കെ. മുര്‍ഷിദ്‌ മുഹമ്മദ്‌, സോണിയ സെബാസ്‌റ്റ്യന്‍ (അയിഷ), അഫെസുദ്ദീന്‍ തെക്കേകോലത്ത്‌, റഫീല, അജ്‌മല്‍, ഷജീര്‍ മംഗലശേരി, സിദ്ദിഖ്‌ ഉള്‍ അസ്ളാം എന്നിവരാണു ഭീകരരായി പ്രഖ്യാപിക്കാന്‍ സാധ്യതയുള്ള മറ്റുളളവര്‍.

സംഘടനകളെ മാത്രമല്ല, വ്യക്‌തികളെയും ഭീകരരായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്‌ അധികാരം നല്‍കുന്നതാണു യു.എ.പി.എ. ഭേഭഗതി ബില്‍. ഇവരുടെ സ്വത്ത്‌ കണ്ടുകെട്ടാനുള്ള വ്യവസ്‌ഥകളുമുണ്ട്‌. രാജ്യസഭയുടെയും തുടര്‍ന്നു രാഷ്‌ട്രപതിയുടെയും അംഗീകാരം വൈകില്ലെന്ന പ്രതീക്ഷയിലാണ്‌ എന്‍.ഐ.എ. പ്രഖ്യാപിത ഭീകരരുടെ കരടുപട്ടികയ്‌ക്കു രൂപം കൊടുക്കുന്നത്‌. ഭീകരവാദി പട്ടികയില്‍നിന്നു പേര്‌ ഒഴിവാക്കിക്കിട്ടണമെന്ന അപേക്ഷകളില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാകും തിര്‍പ്പ്‌ കല്‍പ്പിക്കുക. അപേക്ഷകള്‍ 45 ദിവസത്തിനകം തീര്‍പ്പാക്കണമെന്നാണു വ്യവസ്‌ഥ.

അന്വേഷിക്കുന്ന കേസിലെ പ്രതികളുടെ വസ്തുവകകൾ പിടിച്ചെടുക്കുന്നതിന് എൻ.ഐ.എ ഡയറക്ടർ ജനറലിന് അധികാരം നൽകുന്നതും വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാൻ ഏജൻസിക്ക് അനുവാദം നൽകുന്നതുമടക്കമുള്ള ഭേദഗതികളാണ് ബില്ലിലുള്ളത്. വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാൻ അന്വേഷണ ഏജൻസികൾക്ക് അധികാരം നൽകുന്ന വകുപ്പ് അമേരിക്കയും പാകിസ്താനും ചൈനയും ഇസ്രയേലും അടക്കമുള്ള രാജ്യങ്ങളിൽ ഉണ്ടെന്ന് അമിത് ഷാ പറഞ്ഞു.

ഭരണഘടന ആർട്ടിക്കിൾ 21-ന്റെ ലംഘനമാണ് ബില്ലെന്നും ജുഡീഷ്യൽ അവകാശങ്ങളെ ഇത് മറികടക്കുന്നുവെന്നും എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി ആരോപിച്ചു. ഇത്തരം നിയമങ്ങൾ ഉണ്ടാക്കിയതിന് കോൺഗ്രസിനെ കുറ്റപ്പെടുത്തിയ ഉവൈസി, ഏതെങ്കിലും കോൺഗ്രസ് നേതാവ് ഈ നിയമപ്രകാരം അറസ്റ്റിലാകുമ്പോഴേ അവർ പഠിക്കൂ എന്നും അഭിപ്രായപ്പെട്ടു.

എതിരഭിപ്രായങ്ങളെയും മാധ്യമസ്വാതന്ത്ര്യത്തെയും അടിച്ചമർത്താൻ വേണ്ടി യു.എ.പി.എ നിയമം ഉപയോഗിക്കപ്പെടുന്നുണ്ടെന്നും ഇത് നിയമരാഹിത്യത്തിലേക്കാണ് കാര്യങ്ങൾ കൊണ്ടുചെന്നെത്തിക്കുക എന്നും മുസ്ലിം ലീഗ് എം.പി ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു. ബിൽ സർക്കാർ സ്‌പോൺസർ ചെയ്യുന്ന ഭീകരതയാണെന്നും എതിർശബ്ദങ്ങളെ ഇല്ലാതാക്കാൻ വേണ്ടിയാണ് ഇത് ഉപയോഗപ്പെടുത്തുകയെന്നും വി.സി.കെ അംഗം തോൽ തിരുമവളൻ ആരോപിച്ചു. സമുദായങ്ങളെ തമ്മിലടിപ്പിക്കുന്നതിനു വേണ്ടിയുള്ളതാണ് ബില്ലെന്ന് സി.പി.ഐ അംഗം സുബ്ബരായൻ പഞ്ഞു. ചെറിയ വിയോജിപ്പുകളുടെ പേരിൽ പോലും ജനങ്ങളെ രാജ്യദ്രോഹികളെന്ന് മുദ്രകുത്താൻ ബിൽ കാരണമാകുമെന്ന് എ.ഐ.യു.ഡി.എഫ് നേതാവ് ബദ്‌റുദ്ദീൻ അജ്മൽ പറഞ്ഞപ്പോൾ, നിരപരാധികളെ പീഡിപ്പിക്കാൻ നിയമം ഉപയോഗിക്കപ്പെടാമെന്ന് എൻ.കെ പ്രേമചന്ദ്രൻ പറഞ്ഞു.

ബിൽ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിടണമെന്നാണ് കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടത്. വോട്ടെടുപ്പ് നടന്നപ്പോൾ കോൺഗ്രസും സി.പി.എമ്മും അടക്കമുള്ളവർ സഭ വിട്ടു. എട്ടു പേർ മാത്രമാണ് വിയോജിപ്പ് രേഖപ്പെടുത്തിയത്.

Top