സീറോ മലബാർ സഭ: ഏകീകൃത കുർബാനയർപ്പണ രീതി നിലവിൽ വന്നു; ബലിയർപ്പണം നടന്നു

സീറോ മലബാർ സഭയിൽ ഏകീകൃത കുർബാനയർപ്പണ രീതി നിലവിൽ വന്നു. ഭേദഗതികൾ വരുത്തിയ പുതിയ കുർബാന തക്സയുടെ ഉപയോഗത്തോടൊപ്പം സീറോ മലബാർ സിനഡിന്റെ 1999-ലെ തീരുമാനപ്രകാരം വിശുദ്ധ കുർബാനയുടെ അർപ്പണരീതിയിലും ഐക്യരൂപമുണ്ടാകണമെന്ന സീറോ മലബാർ സഭയുടെ അവസാനസിനഡിന്റെ നിർദ്ദേശം പാലിച്ചുകൊണ്ട് സീറോ മലബാർ സഭയുടെ മഹാഭൂരിപക്ഷം രൂപതകളും വിശുദ്ധ ബലിയർപ്പണത്തിൽ ഏകീകൃതരൂപം പാലിച്ചുകൊണ്ട് ഇന്ന് ബലിയർപ്പിച്ചു.

വിശുദ്ധ ബലിയർപ്പണം സഭയുടെ പരമോന്നതമായ ആരാധന എന്ന നിലയിൽ അതീവശ്രദ്ധയോടെ സംരക്ഷിക്കപ്പെടേണ്ട അമൂല്യനിധി കൂടിയാണ്. സീറോ മലബാർ മെത്രാൻ സിനഡ് ഇക്കാര്യത്തിൽ എക്കാലവും ജാഗ്രത പുലർത്തിയിരുന്നു. സിനഡ് തീരുമാനം വലിയ വിഭാഗീയതകൾക്ക് വഴിതെളിച്ചുവെന്ന വായ്ത്താരികളിൽ യാതൊരർത്ഥവുമില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വലിയ ഐക്യത്തിന്റെ മഹാസംഭവമാണ് സീറോ മലബാർ സഭയിൽ ഇന്ന് അരങ്ങേറിയിരിക്കുന്നത്. പുതിയ ആരാധനാക്രമവത്സരം ആരംഭിക്കുന്ന മംഗലവാർത്തക്കാലത്തിന്റെ ഈ ഒന്നാം ഞായറാഴ്ച സീറോ മലബാർ സഭയുടെ ചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെടുത്തപ്പെടും. ഇക്കാലമത്രയും വിവിധ രൂപതകൾ സീറോ മലബാർ സഭയിൽ ബലിയർപ്പിച്ചിരുന്നത് 3 രീതികളിലായിരുന്നു:

1. പൂർണമായും ജനാഭിമുഖം

2. പൂർണമായും മദ്ബഹാഭിമുഖം

3. സിനഡ് ക്രമം (50:50)

എന്നാൽ പുതുക്കിയ കുർബാനക്രമം നടപ്പിൽ വരുന്ന ഇന്നുമുതൽ ഏകീകൃതരൂപത്തിലുള്ള ബലിയർപ്പണത്തിലേക്ക് മഹാഭൂരിഭാഗം രൂപതകളും കടന്നുവന്നിരിക്കുകയാണ്. ഇന്ത്യക്കകത്തും പുറത്തുമായി 35 രൂപതകളാണ് സീറോ മലബാർ സഭയ്ക്കുള്ളത്. അതിൽ 31 രൂപതകളിലും സിനഡ് ക്രമം പാലിക്കപ്പെട്ടിരിക്കുകയാണ്. ബാക്കിയുള്ള നാല് രൂപതകളിൽ കുറേ പള്ളികളിലെങ്കിലും സിനഡ് ക്രമം അനുസരിച്ചുള്ള കുർബാനയർപ്പണം ഇന്ന് നടക്കുകയുണ്ടായി.

ഇത് നമുക്ക് വലിയൊരു ആശ്വാസവും ആത്മവിശ്വാസവും നല്കുന്നു. കണക്കുകളനുസരിച്ച് നോക്കിയാൽ സീറോ മലബാർ സഭയിൽ സിനഡ് നിർദ്ദേശിച്ച ഐക്യരൂപത്തിലുള്ള കുർബാന അർപ്പിക്കുന്ന രൂപതകളാണ് മഹാഭൂരിപക്ഷവും എന്ന് കാണാൻ കഴിയും. അത് ഏതാണ്ട് സഭയുടെ 91 ശതമാനത്തോളം വരുമെന്ന കാര്യവും നമ്മൾ പരിഗണിക്കേണ്ടതുണ്ട്. മാത്രവുമല്ല, മൂന്ന് രീതികൾ എന്നത് എന്നേക്കുമായി അവസാനിക്കുകയാണ്.

മഹാഭൂരിപക്ഷം രൂപതകളും പിന്തുടരുന്ന സിനഡ് ക്രമത്തിലേക്ക് ബാക്കിയുള്ള രൂപതകളും എത്തിച്ചേരുന്നത് വരെ സീറോ മലബാർ സഭയിൽ മറ്റൊരു ശൈലി കൂടി പ്രാദേശികമായി നിലവിലുണ്ടാകും എന്നതൊഴിച്ചാൽ സീറോ മലബാർ സഭാസിനഡിന്റെ തീരുമാനം വിജയകരമായി നടപ്പിലാക്കാൻ സഭാംഗങ്ങൾക്കു സാധിച്ചുവെന്നു തന്നെ പറയാം.

Top