ലൈംഗിക ബന്ധത്തിനിടെ കോണ്ടം ഊരി മാറ്റുന്നതിനെതിരെ നിയമനിർമ്മാണത്തിന് നീക്കം.ഉടൻ വിലക്കു വന്നേക്കും

ന്യുയോർക്ക് :ലൈംഗിക ബന്ധത്തിനിടെ പങ്കാളി അറിയാതെ കോണ്ടം ഊരി മാറ്റുന്നതിനെതിരെയുള്ള നിയമനിർമ്മാണത്തിന് നീക്കം നടത്തി അമേരിക്ക. കഴിഞ്ഞ മാസം അവതരിപ്പിച്ച ബില്ലിൽ ‘സ്റ്റെൽതിംഗ്’ എന്ന ഈ കുറ്റകൃത്യത്തെ ലൈംഗിക അതിക്രമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നു. ഇത്തരം നടപടിക്ക് ഇരകളാകുന്നവർക്ക് നിയമപരമായ പരിരക്ഷ ലഭിക്കുന്നതിനും, കുറ്റക്കാരെ ശിക്ഷിക്കുന്നതിനും ഈ നീക്കം വഴിയൊരുക്കും. അമേരിക്കയിലെ യുവതികൾ അവർ ഡേറ്റ് ചെയ്യുന്ന യുവാക്കളുമായി ബന്ധത്തിൽ ഏർപ്പെടും മുമ്പ്, മറക്കാതെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. “കോണ്ടം കയ്യിലുണ്ടോ?” ഇല്ല എന്നാണ് ഉത്തരമെങ്കിൽ, “എല്ലാം മറന്നേക്കൂ…” എന്ന ഒരു മറുപടിയുടെ അവർ ആ ഡേറ്റ് അവിടെ വെച്ച് അവസാനിപ്പിക്കും. അതുകൊണ്ടുതന്നെ പലരും ഡേറ്റിനു പുറപ്പെടും മുമ്പുതന്നെ ഒരു പാക്കറ്റ് കോണ്ടം കയ്യിൽ കരുതാറുണ്ട്.

എന്നാൽ, ഇങ്ങനെ ഒരു സുരക്ഷാ മുൻകരുതലിന്റെ തടസ്സം ഒട്ടും ഇഷ്ടമല്ലാത്ത ചിലരുമുണ്ട് അമേരിക്കൻ യുവാക്കൾക്കിടയിൽ. അവരിൽ പലരും പിന്തുടരുന്ന ഒരു ശീലം അവിടെ “കോണ്ടം സ്റ്റെൽത്തിങ്” എന്നാണ് അറിയപ്പെടുന്നത്. അതായത് ബന്ധപ്പെടാൻ തുടങ്ങുമ്പോൾ കോണ്ടം ധരിക്കുന്ന അവർ ബന്ധം പുരോഗമിക്കുന്നതിനിടെ പങ്കാളി അറിയാതെ അത് നീക്കം ചെയ്തുകളയും. അറിയാതെ ഊരിപ്പോയതാണ് എന്നും മറ്റുമുള്ള ന്യായങ്ങൾ പിടിക്കപ്പെട്ടാൽ അവർ നിരത്താറുണ്ട് എങ്കിലും, ഇത് തികഞ്ഞ ഗൂഢോദ്ദേശ്യത്തോടുകൂടി തന്നെ നടത്തപ്പെടുന്ന ഒരു തന്ത്രമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


ഇതിന് ഇനിമേൽ നിയമപ്രകാരം തന്നെ വിലക്കു വീഴും എന്നാണ് ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാലിഫോർണിയയിലെ അസംബ്ലിയിലെ അംഗമായ ക്രിസ്റ്റിന ഗാർഷ്യയാണ് “കോണ്ടം സ്റ്റെൽത്തിങ്”നു ഇരയാകുന്ന സ്ത്രീകൾക്ക് അവരുടെ കാമുകന്മാർക്കെതിരെ കേസുകൊടുക്കാൻ പര്യാപ്തമാകും വിധം നിയമത്തെ ഭേദഗതി ചെയ്യാനുള്ള ബില്ലുമായി മുന്നോട്ടു വന്നിട്ടുള്ളത്.

‘കൺസന്റ് ഇസ് കീ ആക്ട്’ എന്ന പേര് നൽകിയിരിക്കുന്ന മറ്റൊരു ബില്ലിൽ വിവിധ സ്റ്റേറ്റുകൾക്ക് സ്വന്തം നിലയ്ക്ക് നിയമനിർമാണം നടത്താനുള്ള അനുമതിയും നൽകുന്നുണ്ട്.

2021 സെപ്റ്റംബർ 14 ന് സ്റ്റെൽതിംഗിനെതിരെ കാലിഫോർണിയ ബിൽ അവതരിപ്പിച്ചിരുന്നു. ഒക്ടോബർ 8ന് നിയമം പാസാക്കുകയും ചെയ്തു. അമേരിക്കയിൽ ലൈംഗിക ബന്ധത്തിനിടെ പങ്കാളി അറിയാതെ കോണ്ടം ഊരി മാറ്റുന്നത് നിയമവിരുദ്ധമാക്കിയ ആദ്യ സ്റ്റേറ്റ് ആയി ഇതോടെ കാലിഫോർണിയ. അന്ന് കാരോലിൻ ബി മലോണി, നോർമ ജെ ടോറസ്, റോ ഖാൻ എന്നിവരാണ് ബിൽ മുന്നോട്ടുവച്ചത്.

തുടർന്നാണ് രാജ്യം മുഴുവൻ ഇത്തരമൊരു നിയമം കൊണ്ടുവരാനുള്ള ബിൽ ആലോചനയിൽ വന്നത്. സ്‌റ്റെൽതിംഗ് എന്നത് അന്തസ്, വിശ്വാസം എന്നിവയുടെ വലിയ ലംഘനമാണെന്നും, മാനസികവും ലൈംഗികമായുള്ള പീഡനമാണെന്നും സ്റ്റെൽതിംഗ് ആക്ട് 2022 എന്ന ഹൗസ് ബില്ലിൽ പറയുന്നു.

2017 ൽ മെൽബൺ സെക്ഷ്വൽ ഹെൽത്ത് സെന്റർ ആന്റ് മൊനാഷ് യൂണിവേഴ്‌സിറ്റി സ്റ്റഡി നടത്തിയ പഠനം പ്രകാരം മൂന്നിൽ ഒരു സ്ത്രീ സ്റ്റെൽതിംഗിന് വിധേയമാകുന്നുണ്ടെന്നാണ് കണക്ക്. 2019 ൽ ജേക്കബസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വുമൻസ് ഹെൽത്ത് 21 വയസിനും 30 വയസിനും മധ്യേയുള്ള സ്ത്രീകളിൽ നടത്തിയ പഠനത്തിൽ 12% പേരും സ്റ്റെൽതിംഗിന് വിധേയരാകുന്നുണ്ടെന്ന് പറയുന്നു. 2019 ൽ സൈക്ക്ഇൻഫോ 626 പുരുഷന്മാരിൽ നടത്തിയ പഠനത്തിൽ 10 ശതമാനം പേരും പങ്കാളിയുടെ സമ്മതമില്ലാതെ കോണ്ടം ഊരി മാറ്റാറുണ്ടെന്ന് സമ്മതിച്ചിരുന്നു. ഗർഭഛിദ്രത്തിനുള്ള അവകാശവും മറ്റും സ്ത്രീകൾക്ക് നിഷേധിക്കപ്പെടുന്ന ഇക്കാലത്ത് സ്റ്റെൽതിംഗിനെതിരായ നിയമം അനിവാര്യമാണെന്നാണ് സ്ത്രീകൾ വിലയിരുത്തുന്നു.

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ പങ്കാളിയുടെ സമ്മതം കൂടാതെ കോണ്ടം ഊരി മാറ്റുകയോ, അതിനെ മനഃപൂർവം നശിപ്പിക്കുകയോ ചെയ്യുന്നതിനെയാണ് സ്റ്റെൽത്തിങ് എന്ന് പറയുന്നത്. സ്റ്റെൽത്തിങ് നടന്ന ശേഷം യുവതികൾ തങ്ങളുടെ കാമുകരുമായി ഇതേപ്പറ്റി ചർച്ചചെയ്യുമ്പോൾ പലപ്പോഴും അവർക്കു കിട്ടുന്ന മറുപടി, “ഇതിത്ര കാര്യമാക്കാനുണ്ടോ? എന്നെ വിശ്വാസമില്ലേ?” എന്നാവും. എന്നാൽ, വിശ്വസിക്കാൻ പറ്റാത്ത ആളാണ് തന്റെ കാമുകനെന്ന് അയാൾ തെളിയിച്ച സംഭവമായിരുന്നു തനിക്ക് നേരിടേണ്ടി വന്ന “കോണ്ടം സ്റ്റെൽത്തിങ്” എന്ന് 2017 -ൽ നടന്ന ഒരു സർവേയിൽ സാറ എന്ന യുവതി ഗാർഡിയനോട് പറയുകയുണ്ടായി. അത്രമേൽ വിശ്വാസയോഗ്യനായിരുന്നു എങ്കിൽ തന്റെ അറിവോ സമ്മതമോ കൂടാതെ കോണ്ടം ഊരി മാറ്റില്ലായിരുന്നു എന്നാണ് സാറ പറയുന്നത്.

ഇത്തരത്തിൽ വെറും പരസ്പര വിശ്വാസത്തിന്റെ പേരിൽ കോണ്ടം കൂടാതെ ബന്ധപ്പെട്ടവരും, “കോണ്ടം സ്റ്റെൽത്തിങ്” നു ഇരയായി കാമുകരോട് വേണ്ടത്ര സുരക്ഷാ മുൻകരുതലുകൾ കൂടാതെ ബന്ധപ്പെടേണ്ടി വന്നവരും ഒടുവിൽ സിഫിലിസ്, ഗൊണേറിയ, എയിഡ്സ് പോലുള്ള ഗുരുതരമായ ഗുഹ്യരോഗങ്ങൾക്ക് ഇരകളായി ജീവിതകാലം മുഴുവൻ നരകിച്ചു കഴിയേണ്ടി വന്ന ചരിത്രമുണ്ട് അമേരിക്കയിൽ. ഇങ്ങനെ “കോണ്ടം സ്റ്റെൽത്തിങ്” ന് തങ്ങളുടെ കാമുകിമാരെ നിർബന്ധിക്കുന്ന യുവാക്കളിൽ 29 % പേർക്കും ലൈംഗിക രോഗങ്ങളുണ്ട് എന്നതും ഞെട്ടിക്കുന്ന ഒരു കണക്കാണ്. ആഗ്രഹിക്കാതെ ഗർഭം ധരിക്കേണ്ടി വരിക എന്ന മറ്റൊരു റിസ്കും ഇങ്ങനെ ചതിക്കപ്പെടുന്ന യുവതികൾക്ക് നേരിടേണ്ടി വരുന്നുണ്ട്. സർവേയിൽ പങ്കെടുത്ത 12 % യുവതികളും തങ്ങൾ “കോണ്ടം സ്റ്റെൽത്തിങ്”ന് ഇരകളായിട്ടുണ്ട് എന്നാണ് പറഞ്ഞത്.

Top