സ്വന്തം ലേഖകൻ
ന്യൂഡൽഹി:രാജ്യത്ത് കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗം കുട്ടികളെയാണ് ഏറെ ബാധിക്കുകയെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടയിൽ കുട്ടികൾക്കുള്ള വാക്‌സിൻ വിതരണം വേഗത്തിലാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ.
12 നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്‌സിൻ സെപ്തംബർ മുതൽ നൽകി തുടങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കുട്ടികൾക്ക് സൈഡസ് വാക്‌സിനാണ് നൽകുക. വാക്‌സിനേഷനുള്ള അനുമതി ആഴ്ചകൾക്കുള്ളിൽ ലഭ്യമാകുമെന്ന് ബന്ധപ്പെട്ട സമിതി അധ്യക്ഷൻ ഡോ. എൻ.കെ അറോറ വ്യക്തമാക്കി.
സൈഡസ് വാക്‌സിനു പിറകെ കോവാക്‌സിനും അനുമതി നൽകിയേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോവാക്‌സിൻ മൂന്നാംഘട്ട പരിശോധന ആരംഭിച്ചിട്ടുണ്ട്.
ഫെബ്രുവരിയോടെ കോവാക്‌സിൻ രണ്ടിനും 18നുമിടയിൽ പ്രായമുള്ള കുട്ടികൾക്കും ലഭ്യമാക്കാനുമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോ. എൻ.കെ അറോറ കൂട്ടിച്ചേർത്തു. എന്നാൽ സൈഡസ് വാക്‌സിൻ അതിന് മുൻപ് തന്നെ ലഭ്യമാവും.
കോവിഡ് മൂന്നാം തരംഗം കുട്ടികളെയും ബാധിക്കുമെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തിലാണ് കുട്ടികളിലും പരിശോധന നടത്തുന്നത്. എന്നാൽ, കുട്ടികളെ കാര്യമായി ബാധിക്കാനിടയില്ലെന്നാണ് പീഡിയാട്രിക് വിദഗ്ദരുടെ അഭിപ്രായം