വൈഗയെ ഞെരിച്ചുകൊന്നു..ഫ്‌ളാറ്റില്‍ നിന്ന് കണ്ടെത്തിയ രക്തം ആരുടേത്? ശരീരത്തിൽ ആൽക്കഹോൾ എങ്ങനെയെത്തി?കുറ്റസമ്മതം മൊഴികളിൽ വൈരുധ്യമെന്ന് പൊലീസ്.വൈഗയുടെ മരണത്തിൽ ദുരൂഹതകൾ ബാക്കി.

കൊച്ചി: മകൾ വൈഗയെ കൊന്നത് താൻ തന്നെയാണെന്ന് പിടിയിലായ ശേഷം പിതാവ് സനുമോഹൻ കുറ്റസമ്മതം നടത്തിയതായാണ് പൊലീസ് പറയുന്നത്. വൈഗയെ കൊലപ്പെടുത്തിയത് സനുമോഹനാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച് നാഗരാജു. ഇക്കാര്യം സനുമോഹന്‍ സമ്മതിച്ചിട്ടുണ്ടെന്നും കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മകളുമായി ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. എന്നാല്‍ മകള്‍ ഇതിന് വിസമ്മതിച്ചതോടെ കൊലപ്പെടുത്തി. പിന്നീട് തനിക്ക് ആത്മഹത്യ ചെയ്യാനുള്ള ധൈര്യമുണ്ടായില്ലെന്നാണ് സനുവിന്റെ മൊഴി. കേസില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് ഏകദേശം സ്ഥിരീകരിച്ചതായും സിറ്റി പൊലീസ് കമ്മീഷണര്‍ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

മകളെ ചേർത്ത് പിടിച്ച് ശ്വാസംമുട്ടിച്ചു, അബോധാവസ്ഥയിലായ ശേഷം പുഴയിൽ തള്ളി, മകളോടൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി എന്നാൽ തനിക്ക് ആത്മഹത്യ ചെയ്യാനായില്ലെന്നും സനുമോഹൻ അന്വേഷണ സംഘത്തിന് മൊഴി നൽകി. വൈഗയുടെ മരണത്തിലേക്ക് എത്തിച്ച കാരണങ്ങൾ സനുമോഹൻ പറയുന്നുണ്ടെങ്കിലും മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ. കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്നാണ് സനുമോഹൻ പറയുന്നത്.

ചോദ്യം ചെയ്യല്‍ തുടരുകയാണ്. എങ്ങനെ ചെയ്തു എന്നത് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ കണ്ടെത്തേണ്ടതുണ്ട്. കടബാധ്യതയാണ് ഇത്തരമൊരു കൃത്യത്തിലേക്ക് നയിച്ചതെന്നാണ് സനു മോഹന്റെ മൊഴി. കടബാധ്യത കാരണമുള്ള ടെന്‍ഷനും മറ്റുമാണ് കൊലപാതകത്തിലേക്കും ആത്മഹത്യ ചെയ്യാനുള്ള തീരുമാനത്തിലേക്കും എത്തിച്ചത്. ഇതുസംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുണ്ടെന്നും പ്രതി തുടര്‍ച്ചയായി മൊഴി മാറ്റുന്നതും മൊഴികളിലെ പൊരുത്തക്കേടുകളും അന്വേഷിച്ചുവരികയാണെന്നും കമ്മീഷണര്‍ പറഞ്ഞു.

സനുമോഹനെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങിയ ശേഷം വീണ്ടും ചോദ്യംചെയ്യും. കൊലപാതകം എങ്ങനെ ചെയ്തു എന്നത് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ കണ്ടെത്തേണ്ടതുണ്ട്. വാളയാറിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളായിരുന്നു സനു ജീവിച്ചിരിപ്പുണ്ടെന്നതിന്റെ ആദ്യ തെളിവ്. പൊലീസ് സംഘങ്ങള്‍ തുടര്‍ന്ന് വിവിധയിടങ്ങളിലായി തിരച്ചില്‍ ആരംഭിച്ചു. ഒരുപാട് സ്ഥലങ്ങളില്‍ കറങ്ങിയതിന് ശേഷമാണ് സനുമോഹന്‍ കൊല്ലൂര്‍ മൂകാംബികയില്‍ എത്തിയത്. ഒരുപാട് വെല്ലുവിളികള്‍ അഭിമുഖീകരിച്ചാണ് പൊലീസ് സംഘം പ്രതിയെ പിടികൂടിയതെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

വൈഗയുടെ ആന്തരികാവയവങ്ങളില്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തിയത് സംബന്ധിച്ചും ദുരൂഹതയുണ്ട്. ഇതുസംബന്ധിച്ചും അന്വേഷണം നടത്തണം. തെളിവുകള്‍ ശേഖരിക്കണം. സനുമോഹന്റെ ഭാര്യയെയും അടുത്തബന്ധുക്കളെയും നേരത്തെ പലതവണ ചോദ്യംചെയ്തിരുന്നു. സനുവിന്റേത് ഏറെ രഹസ്യങ്ങള്‍ നിറഞ്ഞ ജീവിതമാണെന്നായിരുന്നു ഇവരുടെ മൊഴി. ഒന്നും ആരോടും പങ്കുവെയ്ക്കാത്ത പ്രകൃതമായിരുന്നു. മുംബൈയില്‍ സനുവിനെതിരേ മൂന്ന് കോടി രൂപയുടെ വഞ്ചനാകേസ് നിലവിലുണ്ട്. ഫ്‌ളാറ്റില്‍ കണ്ട രക്തക്കറ ആരുടേതെന്ന് പറയാറായിട്ടില്ല. പ്രതി തുടര്‍ച്ചയായി മൊഴി മാറ്റി പറയുന്നതിനാല്‍ കേസില്‍ വിശദമായ ചോദ്യംചെയ്യലും അന്വേഷണവും വേണമെന്നും എച്ച്.നാഗരാജു വിശദീകരിച്ചു.

മാർച്ച് 21ന് തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ ഒരു മിസിങ് കേസ് റജിസ്റ്റർ ചെയ്തതിൽനിന്നായിരുന്നു തുടക്കം. തൊട്ടടുത്ത ദിവസം ഒരു പെൺകുട്ടിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയതിന് കളമശേരിയിലും കേസ് രജിസ്റ്റർ ചെയ്തു. തുടരന്വേഷണത്തിലാണ് ഇത് അച്ഛനും മകളുമാണെന്നും പെൺകുട്ടിയുടെ മരണം കൊലപാതകമാണെന്നും തിരിച്ചറിഞ്ഞത്. സനു മോഹൻ ജീവിച്ചിരിക്കുന്നതായി പൊലീസ് ആദ്യം സ്ഥിരീകരിച്ചത് വാളയാറിൽ കാർ കടന്നു പോകുന്നതിന്റെ ദൃശ്യം ലഭിച്ചതിലൂടെയായിരുന്നു. എട്ടു സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം.

എപ്പോൾ എവിടെനിന്നു വിവരം ലഭിച്ചാലും അവിടേക്ക് എത്താൻ വിധത്തിലായിരുന്നു പ്രവർത്തനം. യാതൊരു ഡിജിറ്റൽ തെളിവുകളും ബാക്കി വയ്ക്കാതിരുന്നത് ഇയാളെ കണ്ടെത്തുന്നതിനുള്ള ശ്രമം ദുഷ്കരമാക്കി. തുടർന്നു കഴിഞ്ഞ ദിവസം കൊല്ലൂരിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കങ്ങൾക്കൊടുവിലാണ് ഇന്നലെ ഇയാളെ പിടികൂടിയത്. പല സ്ഥങ്ങളിൽ കറങ്ങിക്കറങ്ങിയാണ് ഇയാൾ കർണാടകയിലെ കാർവാറിലെത്തിയത്.

വൈഗയെ കഴുത്തുഞെരിച്ച് കൊന്നുവെന്നാണ് സനുമോഹൻ പൊലീസിനോട് പറഞ്ഞത് .സഭാവത്തെക്കുറിച്ച് സാനു മോഹൻ പറഞ്ഞത് ഇങ്ങനെയാണ് .  മാർച്ച് 21 ന് ഭാര്യയെ ഭാര്യവീട്ടിലാക്കിയ ശേഷം മകളെയും കൊണ്ട് കങ്ങരപ്പടിയിലെ ഫ്‌ളാറ്റിലെത്തി. അവിടെ വെച്ച് തനിക്ക് വലിയ രീതിയിലുള്ള കടബാധ്യതകളുണ്ടെന്നും അതിനാൽ താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്നും തന്‍റെ കൂടെ വരണമെന്നും മകളോട് പറഞ്ഞു. അപ്പോൾ അമ്മയെന്ത് ചെയ്യുമെന്ന് മകൾ ചോദിച്ചു. അമ്മയെ വീട്ടുകാർ നോക്കിക്കൊള്ളുമെന്ന് പറഞ്ഞ് മകളെ കെട്ടിപ്പിടിച്ച് കരയുന്നു. ആ സമയത്ത് മകളെ ശ്വാസംമുട്ടിക്കുകയായിരുന്നു. അതോടെ മകൾ അബോധാവസ്ഥയിലായി. അതിന് ശേഷം വൈഗയെ തുണിയിൽ പൊതിഞ്ഞ് കാറിൽ കയറ്റി മുട്ടാർ പുഴയുടെ തീരത്ത് കൊണ്ടുപോയി അവിടെയുള്ള ഒരു കലുങ്കിൽ നിന്ന് പുഴയിലേക്ക് തള്ളുകയായിരുന്നു. പിന്നീട് ആത്മഹത്യ ചെയ്യണമെന്നായിരുന്നു കരുതിയത്. അതിന് സാധിച്ചില്ല. പക്ഷേ ആത്മഹത്യ ചെയ്യണമെന്ന് കരുതിയാണ് അവിടെ നിന്ന് പോയത്. പലയിടങ്ങളിൽ പോയി. രണ്ടുമൂന്നു തവണ ആത്മഹത്യാശ്രമം നടത്തി. കൈ ഞരമ്പ് മുറിച്ചു, ട്രെയിനിന് മുന്നിൽ ചാടാൻ ശ്രമിച്ചു, കടലിൽ ചാടാൻ ശ്രമിച്ചു. ബീച്ചിൽ വെച്ച് ഒരു കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. അങ്ങനെ മൂന്നുതവണ ആത്മഹത്യ ശ്രമങ്ങൾ നടത്തി.

തിരിച്ച് ഗോവയിലേക്കുള്ള യാത്രയ്ക്കിടെയാണ് സനുമോഹനെ പൊലീസ് പിടികൂടുന്നത്. തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ സനുമോഹനെയും മകളെയും കാണാനില്ലെന്ന് ഭാര്യ നൽകിയ പരാതിയുണ്ട്. കളമശേരി പൊലീസ് സ്റ്റേഷനിൽ മുട്ടാർപുഴയിൽ നിന്ന് പെൺകുട്ടിയുടെ മൃതശരീരം കണ്ടെത്തിയതിലും കേസ് ഉണ്ട്. ആലപ്പുഴയിലെ സ്വന്തം വീട്ടിലാണ് ഇപ്പോൾ സനുമോഹന്റെ ഭാര്യയുള്ളത്. അഞ്ചുവർഷം മുമ്പുവരെ പൂനയിൽ വിവിധ ബിസിനസ്സുകൾ ഉണ്ടായിരുന്നു സനുമോഹന്. അവിടെ നിന്ന് പലരുടെയും പണം തട്ടിയെടുത്ത ശേഷമാണ് ഇയാൾ കൊച്ചിയിലെത്തുന്നത്. അവിടെ ഒരു ഫ്‌ളാറ്റ് വാങ്ങി. കങ്ങരപ്പടിയിൽ ഭാര്യയുടെ പേരിലായിരുന്നു ഇത്. മുന്നോട്ടുള്ള ജീവിതത്തിൽ വരുമാനത്തിന് സനുമോഹന് മുന്നിൽ മറ്റുവഴികളൊന്നുമില്ലായിരുന്നു. അതിന് പിന്നീട് കടം വാങ്ങാൻ തുടങ്ങി. കടം പെരുകി പെരുകി അത് കൊടുത്ത് തീർക്കാൻ കഴിയാതെ വന്നു. കടം നൽകിയവരുടെ ഭാഗത്തുനിന്ന് അത് തിരിച്ചുചോദിച്ചുകൊണ്ടുള്ള വൻ സമ്മർദ്ദവുമുണ്ടായി. അതോടെ ആത്മഹത്യ മാത്രമാണ് മുന്നിലുള്ള പോംവഴി എന്നായി.

താൻ മാത്രം മരിച്ചാൽ മകളെ മറ്റാരെങ്കിലും അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും പേടിച്ചു. അവളെ ആരെങ്കിലും തട്ടിക്കൊണ്ടുപോകുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്താലോ എന്നതും ആശങ്കപ്പെടുത്തി. അത്തരത്തിൽ ചിലർ തന്നെ ഭീഷണിപ്പെടുത്തിയെന്നും സനുമോഹൻ പറയുന്നു. ഇതിനെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. മാത്രമല്ല, പൊലീസ് പിടികൂടുമ്പോൾ സനുമോഹൻറെ കൈത്തണ്ടയിൽ മുറിവിന്റെ പാടുണ്ടായിരുന്നു. ഇത് ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെയാണ് എന്നാണ് മനസ്സിലാകുന്നത്.

മകളെ പുഴയിലെറിഞ്ഞ ഉടനെ തന്നെ സനുമോഹൻ എന്തിന് കേരളം വിട്ടു എന്ന ചോദ്യത്തിന് ഉത്തരവും പൊലീസിന് ലഭിക്കേണ്ടതുണ്ട്. മകളോട് അത്യധികം സ്‌നേഹമുള്ള ഒരച്ഛനാണ് സനു മോഹൻ എന്നാണ് ബന്ധുക്കൾ എല്ലാം പറയുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് മകളെ കൊലപ്പെടുത്തിയതും ഒളിവിൽ പോയതും എന്നതിനുള്ള ഉത്തരവും പൊലീസിന് ലഭിച്ചിട്ടില്ല. ഒരു മാസത്തോളമാണ് പലയിടങ്ങളിലായി സനു മോഹൻ ഒളിവിൽ കഴിഞ്ഞത്. കൊല്ലൂർ മൂകാംബികയിൽ ലോഡ്ജിൽ താമസിച്ച ആറുദിവസവും ഇയാൾ വളരെ സന്തോഷവാനായിരുന്നു എന്നാണ് ലോഡ്ജിലെ ജീവനക്കാർ നൽകിയ മൊഴി. നിരവധി ചോദ്യങ്ങൾക്കാണ് ഉത്തരം കണ്ടെത്തേണ്ടത്.

Top