ബാങ്കിനകത്ത് ജീവനക്കാരി വെടിയേറ്റ് മരിച്ച കേസിന്റെ കുറ്റപത്രം ഇന്ന്; വെടിപൊട്ടിയത് സെക്യൂരിറ്റി ജീവനക്കാരന്റെ തോക്കില്‍ നിന്ന്

സജീവന്‍ വടക്കുമ്പാട്

തലശ്ശേരി: തലശ്ശേരി ഐ.ഡി.ബി.ഐ ബാങ്കില്‍ ജോലിക്കിടെ ജീവനക്കാരി സെക്യൂരിറ്റി ജീവനക്കാരന്റെ തോക്കിലെ വെടി പൊട്ടി മരിച്ച കേസിന്റെ അന്വേഷണം പൂര്‍ത്തിയായി. കേസിന്റെ കുറ്റ പത്രം വ്യാഴാഴ്ച തലശ്ശേരി പോലീസ് കോടതിയില്‍ സമര്‍പ്പിക്കും. തലശ്ശേരി ലോഗന്‍സ് റോഡിലെ റാണി പ്ലാസ ബില്‍ഡിംഗില്‍ പ്രവര്‍ത്തിച്ച് വരുന്ന ഐ.ഡി.ബി.ഐ ബാങ്ക് തലശ്ശേരി ശാഖയിലെ ജീവനക്കാരി മേലൂര്‍ സ്വദേശി വില്‍ന വിനോദ്(31) ബാങ്കിനകത്ത് വെടിയേറ്റ് മരിച്ച കേസിലാണ് പോലീസ് കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നത്.

പരിയാരം മെഡിക്കല്‍ കൊളേജിലെ ഫോറന്‍സിക് തലവനും പൊലീസ് സര്‍ജനുമായ ഡോ.ഗോപാലകൃഷ്ണപ്പിള്ളയുടെ നേതൃത്വത്തില്‍ സംഭവം നടന്ന ബാങ്കിനകത്ത് നടത്തിയ പരിശോധനയില്‍ വെടിയേറ്റ് വില്‍നയുടെ തല ചിന്നിച്ചിതറിയതില്‍ അസ്വഭാവികത കണ്ടെത്തിയിരുന്നു. ഒരു മീറ്ററിനപ്പുറത്ത് നിന്നാണ് വെടിയുതിര്‍ത്തതെന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ മരണകാരണത്തെക്കുറിച്ചുള്ള ചിത്രം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് അന്വേഷണ പുരോഗതിയുണ്ടായില്ല. തുടര്‍ന്ന് സംഭവം നടന്ന് മൂന്ന് വര്‍ഷത്തിന് ശേഷമാണ് കേസന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിക്കുന്നത്. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസത്രേട്ട് കോടതി മുമ്പാകെയാണ് കുറ്റപത്രം സമര്‍പ്പിക്കുക. അഞ്ചരക്കണ്ടി ഓടക്കടവ് കിനാലൂര്‍ ഹരിശ്രീയില്‍ ഹരീന്ദ്രനാണ്(53) കേസിലെ പ്രതി.

ആയുധങ്ങള്‍ ഉപയോഗിക്കുന്നതിന് പ്രത്യേക പരിശീലനം നേടിയ പ്രതി അശ്രദ്ധമായാണ് തോക്ക് കൈകാര്യം ചെയ്തതെന്നും പ്രതി കുറ്റകരമായ നരഹത്യയാണ് നടത്തിയതെന്നും പോലീസ് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൊലക്കുപയോഗിച്ച തോക്കും സംഭവ സ്ഥലത്ത് നിന്ന് ശേഖരിച്ച സിസി ടി.വി ദൃശ്യങ്ങളുടങ്ങടിയ ഹാര്‍ഡ് ഡിസ്‌ക്കും ഉള്‍പ്പെടെ 15 തൊണ്ടി മുതലുകളും 25 രേഖകളും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിക്കും. കൊലപാതകത്തിന് ഉപയോഗിച്ച തോക്കിന്റെ ലൈസന്‍സ് കാശ്മീരില്‍ നിന്നാണ് തലശ്ശേരി പോലീസ് കണ്ടെടുത്തിരുന്നത.

അന്വേഷണ സംഘം പറഞ്ഞ രീതിയിലുള്ള സ്ഥലത്ത് വെച്ച് വെടി ഉതിര്‍ത്താല്‍ തലയോട്ടിയും തലച്ചോറും ചിതറിപ്പോകുന്ന തരത്തിലുള്ള പരിക്കേല്‍ക്കില്ലെന്നാണ് ഡോ.ഗോപാലകൃഷ്ണപ്പിള്ളയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഇത്തരം ഗൗരവമേറിയ റിപ്പോര്‍ട്ട് ഫോറന്‍സിക് സംഘം പൊലിസിന് കൈമാറിയിട്ടും തുടര്‍ അന്വേഷണം നടത്താന്‍ പൊലിസിന് താല്‍പര്യമുണ്ടായില്ല. ടെസ്റ്റ് ഫയര്‍ നടത്തി കൂടൂതല്‍ തെളിവുകള്‍ ശേഖരിക്കുമെന്ന് നേരത്തെ പൊലിസ് പറഞ്ഞിരുന്നെങ്കിലും പിന്നീട് അതും നടന്നില്ല. കേസില്‍ കൂടുതല്‍ വ്യക്തത വരുത്താനായിരുന്നു ടെസ്റ്റ് ഫയര്‍ നടത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചിരുന്നത്. ഇതിന്റെ ഭാഗമായ് വില്‍ന മരണപ്പെടാനിടയായ ഡബിള്‍ ബാരല്‍ തോക്ക് തിരുവന്തപുരം ലാബിലേക്ക് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. ഇതിന്റെയെല്ലാം റിപ്പോര്‍ട്ട് കുറ്റപത്രത്തോടൊപ്പം സമര്‍പ്പിക്കും.

ഇതിനിടെ വില്‍ന വെടിയേറ്റ് മരിച്ച സംഭവത്തില്‍ 30 ലക്ഷം രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് ഭര്‍ത്താവ് പുന്നോല്‍ കൊമ്മല്‍വയലിലെ പൂജ ഹൗസില്‍ സംഗീത് അഡ്വ.ഒ.ജി പ്രേമരാജ് മുഖേന നല്‍കിയ ഹരജി കോടതിയുടെ പരിഗണനയിലാണുള്ളത്.

2016 ജൂണ്‍ രണ്ടിന് രാവിലെ 9.50നാണ് തലശ്ശേരി നഗരത്തെ നടുക്കിയ സംഭവം. നടന്നത്. നഗര മധ്യത്തിലെ ബാങ്കിനകത്ത് ജീവനക്കാരി വെടിയേറ്റ് മരിച്ച സംഭവത്തില്‍ അവിടെയുള്ള സെക്യൂരിറ്റി ജീവനക്കാരന്‍ ഹരീന്ദ്രനെ(52)പൊലിസ് അറസ്റ്റ് ചെയ്യുകയും ഏറെ നാള്‍ റിമാന്‍ഡിലാവുകയും ചെയ്തിരുന്നു. ഇയാല്‍ പിന്നീട് ജാമ്യത്തിലിറങ്ങി. സംഭവത്തിന് ഒരു മാസം മുമ്പാണ് വില്‍ന താല്‍ക്കാലിക ജീവനക്കാരിയായി ബാങ്കില്‍ ജോലിക്ക് കയറിയത്. തോക്കില്‍ തിര നറിക്കുമ്പോള്‍ അബദ്ധത്തില്‍ വെടി പൊട്ടിയെന്നായിരുന്നു വിമുക്ത ഭടന്‍കൂടിയായ സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴി.

Top