സ്വന്തം ലേഖകൻ
കൊല്ലം: വീട്ടിലെ ഇരുമ്പ് തൂണിൽ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. കോട്ടയം റബർ ബോർഡ് ഓഫീസ് ജീവനക്കാരനായ പുനുക്കന്നൂർ ആലുംമൂട് സ്വദേശി കെ.വിനോദ് (35) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയായിരുന്നു സംഭവം.
വരാന്തയിലേക്ക് പോകുന്നതിനിടയിൽ അടുക്കളയോട് ചേർന്നുള്ള വരാന്തയിലെ ഇരുമ്പ് തൂണിൽ നിന്നാണ് ഷോക്കേറ്റത്. വിനോദ് തൂണിൽ നിന്നും ഷോക്കേറ്റ് പിടയുന്നത് കണ്ട് അമ്മ ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും തെറിച്ചു വീഴുകയായിരുന്നു.
അയൽക്കാരെത്തി ലൈൻ ഓഫാക്കി വിനോദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിക്കാതെ വരികെയായിരുന്നു. വൈദ്യുതി വയറിന്റെ ഇൻസലേഷൻ ഇളകിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കുറ്റിയിൽ മുക്ക് ആർ.കെ.സദനത്തിൽ ഓമനയമ്മയുടെയും പരേതനായ കേശവൻകുട്ടി പിള്ളയുടെയും മകനാണ് വിനോദ്.
ഭാര്യ അതുല്യ. ഒരു വയസുള്ള മകനുണ്ട്. വിനോദിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും.


