ഉഴവൂർ വിജയന്റെ നിര്യാണത്തിൽ വി.എം. സുധീരൻ അനുശോചനം രേഖപ്പെടുത്തി

ഉഴവൂർ വിജയന്റെ വേർപാടിൽ അതിയായി ദുഃഖിക്കുന്നു. എന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.കേരള വിദ്യാർത്ഥി യൂണിയന്റെ പ്രവർത്തന കാലഘട്ടം മുതലേ വിജയനുമായി അടുത്ത ബന്ധമുണ്ട്. അന്നേ നല്ലൊരു സംഘാടകനായിരുന്നു. കെ.എസ്. യു സംസ്ഥാന ഭാരവാഹി എന്ന നിലയിൽ കോട്ടയത്തെത്തുമ്പോൾ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തതും കെ.എസ്.യു പരിപാടികളിൽ പങ്കെടുത്തതും മറക്കാനാകാത്ത ഓർമ്മയായി ഇന്നും മനസിലുണ്ട്. ഏത് കാര്യവും സരസമായി അവതരിപ്പിക്കാനുള്ള ഒരു പ്രത്യേക കഴിവ് അന്നേ അദ്ദേഹത്തിനുണ്ടായിരുന്നു. കോട്ടയം ജില്ലയിൽ വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ പ്രവർത്തിച്ച് വളർന്ന് പിന്നീട് എൻ.സി.പിയിലൂടെ കേരളരാഷ്ട്രീയത്തിൽ സജീവസാന്നിധ്യമായി അദ്ദേഹം മാറി. തനതായ ഒരു പ്രസംഗശൈലിയിലൂടെ കേരളത്തിലെ ജനങ്ങളുടെ മനസ്സിൽ ഇടം നേടാനായ നേതാവാണ് ഉഴവൂർ വിജയൻ. അദ്ദേഹത്തിന്റെ അകാലത്തിലുള്ള വിയോഗം കേരളത്തിലെ പൊതുരംഗത്തിന് തീരാനഷ്ടമാണ്. പ്രിയപ്പെട്ട ഉഴവൂർ വിജയന്റെ പാവനസ്മരണയ്ക്ക് മുന്നിൽ സ്നേഹാഞ്ജലി അർപ്പിക്കുന്നു.

ഹൃദയ, കരള്‍ സംബന്ധ അസുഖങ്ങളെ തുടര്‍ന്ന് ഈ മാസം 11 മുതല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് രാവിലെ 7 മണിയോടെയാണ് അന്ത്യം. കെഎസ്‌യുവിലൂടെ രാഷ്ട്രീയത്തിലേക്കെത്തിയ വിജയൻ പ്രഗത്ഭനായ പ്രാസംഗികനായിരുന്നു. നർമത്തിലൂടെ ജനത്തെ പിടിച്ചിരുത്താനുള്ള കഴിവ് അദ്ദേഹത്തെ പ്രവർത്തകരുടെ പ്രിയപ്പെട്ട നേതാവാക്കി മാറ്റി. എൻസിപിക്ക് കേരളത്തിൽ കരുത്താർന്ന നേതൃത്വം നൽകിയ വ്യക്തിയായിരുന്നു ഉഴവൂർ വിജയൻ. സംസ്കാരം നാളെ ഉഴവൂരിലെ വീട്ടുവളപ്പില്‍ നടക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോട്ടയം കുറിച്ചിത്താനം സ്വദേശിയാണ്‌ ഉഴവൂര്‍ വിജയന്‍. കുറിച്ചിത്താനം കാരാംകുന്നേൽ ഗോവിന്ദൻ നായരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും ഏകമകനാണ്. കുറിച്ചിത്താനം കെ.ആർ. നാരായണൻ ഗവൺമെന്റ് എൽപി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലായിരുന്നു ഹൈസ്ക്കൂൾ പഠനം. ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജിൽനിന്നും ധനതത്വശാസ്ത്രത്തിൽ ബിരുദമെടുത്തു. വികലാംഗ ക്ഷേമ കോർപറേഷൻ ചെയർമാൻ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അംഗം, എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.

കെ.എസ്.യുവിലൂടെയായിരുന്നു തുടക്കം.  ഉമ്മന്‍ ചാണ്ടിക്കും വയലാര്‍ രവിക്കുമൊപ്പം സജീവ രാഷ്ട്രീയത്തിലേക്ക്  പ്രവര്‍ത്തിച്ചു കയറി. കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് എസിനൊപ്പം നിന്നു.  കോണ്‍ഗ്രസ് എസ്, ശരദ് പവാറിനൊപ്പം പോയപ്പോള്‍ മുതല്‍ എന്‍.സി.പിയുടെ  തലസ്ഥാനങ്ങളിലുണ്ട്.   1999മുതല്‍  വിവിധകാലങ്ങളിലായി എന്‍.സി.പിയുടെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, സീനിയര്‍ വൈസ് പ്രസിഡന്റ്, എന്നീ സ്ഥാനങ്ങളില്‍ നിലകൊണ്ടു.  നിലവില്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനും ദേശീയ സമിതി അംഗവുമാണ്.  കഴിഞ്ഞ ഇടതുസര്‍ക്കാരിന്‍റെ കാലത്ത് വികലാംഗ ക്ഷേമബോര്‍ഡ് ചെയര്‍മാനായിരുന്നു.  മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗം ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ  ഉപദേശകസമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

പ്രസംഗവേദികളിലെ രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരായ ചിരിമുനകളാണ് ഉഴവൂര്‍ വിജയനെ ജനപ്രിയനാക്കിയത്. വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോഴും ആരോടുമുള്ള ശത്രുത കാണിച്ചിരുന്നില്ല അദ്ദേഹം.  നാലുസിനിമകളില്‍ അതിഥി വേഷത്തില്‍ അഭിനയിച്ച് വെള്ളിത്തിരയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് ഉഴവൂര്‍ വിജയന്‍.ചിരിപടര്‍ത്തി അണികളില്‍ അണമുറിയാത്ത ആവേശം വിതറിയിരുന്ന ഉഴവൂര്‍ വിജയന് പാര്‍ലമെന്ററി രംഗത്ത് വിജയിക്കാനായില്ല.   2001 നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ കെ.എം.മാണിക്കെതിരെ മത്സരിച്ചു പരാജയപ്പെട്ടു.

Top