വൈഷ്ണ സുരേഷിന്റെ പേരുവെട്ടല്‍; കോണ്‍ഗ്രസ് ഇന്ന് ഹൈക്കോടതിയിലേക്ക്.തിരഞ്ഞെടുപ്പ് കമ്മീഷന് തിരുത്തി നല്‍കിയ മേല്‍വിലാസത്തിലും പിഴവ്.

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടടവാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരുന്ന കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് വൈഷ്ണ സുരേഷിന്റെ പേര് നീക്കം ചെയ്ത നടപടിക്കെതിരെ കോണ്‍ഗ്രസ് ഇന്ന് ഹൈക്കോടതിയിലേക്ക്.മേല്‍വിലാസത്തിലെ പിഴവ് ചൂണ്ടിക്കാട്ടിയായിരുന്നു വൈഷ്ണയുടെ പേര് നീക്കം ചെയ്തത്. ഇതോടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത മങ്ങുകയായിരുന്നു.

അതേസമയം വൈഷ്ണ സുരേഷ് തിരഞ്ഞെടുപ്പ് കമ്മീഷന് തിരുത്തി നല്‍കിയ മേല്‍വിലാസത്തിലും പിഴവ്. ഇന്നലെ സ്പീഡ് പോസ്റ്റ് ആയി തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തിലാണ് വീണ്ടും മേല്‍വിലാസത്തില്‍ തെറ്റ് സംഭവിച്ചത്. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ വൈഷ്ണയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവില്ല. TC 18/564 എന്ന കെട്ടിട നമ്പര്‍ രേഖപ്പെടുത്തിയത് അബദ്ധത്തില്‍ സംഭവിച്ചതാണ് എന്ന സത്യവാങ്മൂലം. ബന്ധുവായ സന്ദീപ് എന്ന വ്യക്തിയുടെ New TC 18/ 2365- Old TC 3/564 നമ്പരുള്ള കെട്ടിടത്തിലാണ് താമസം എന്ന് പുതിയ സത്യവാങ്മൂലം. എന്നാല്‍, K SMARTല്‍ നിന്നും ബില്‍ഡിംഗ് സര്‍ട്ടിഫിക്കറ്റ് പരിശോധിക്കവേ New TC 18/ 2365- എന്ന നമ്പറിലെ കെട്ടിടത്തിന്റെ പഴയ നമ്പര്‍ TC 3/566 ആണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പേരൂര്‍ക്കട ലോ കോളേജിലെ നിയമവിദ്യാര്‍ത്ഥിയായ 24കാരി വൈഷ്ണയുടെ സ്ഥാനാര്‍ത്ഥിത്വം തുടക്കം മുതല്‍ ശ്രദ്ധനേടിയിരുന്നു. കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റും ടെക്‌നോപാര്‍ക്ക് ജീവനക്കാരിയും കൂടിയാണ് വൈഷ്ണ. ആദ്യഘട്ടത്തില്‍ കവടിയാറില്‍ ശബരീനാഥന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതിനൊപ്പം പ്രഖ്യാപിച്ച പേരായിരുന്നു വൈഷ്ണയുടേത്.

അന്തിമ വോട്ടര്‍പട്ടികയിലും ഞായറാഴ്ച പുറത്തിറക്കിയ സപ്ലിമെന്ററി ലിസിറ്റിലും വൈഷ്ണയുടെ പേരുണ്ടായിരുന്നില്ല. ഇതിന്റെകൂടി പശ്ചാത്തലത്തിലാണ് ഹര്‍ജി നല്‍കാനുള്ള നീക്കം. കോടതിയില്‍ നിന്ന് അനുകൂല വിധി വന്നാല്‍ വൈഷ്ണ തന്നെയാവും മത്സരിക്കുകയെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു.

സ്ഥിരതാമസമുള്ള വിലാസത്തിലല്ല വൈഷ്ണയുടെ വോട്ടെന്ന് ചൂണ്ടിക്കാട്ടി സിപിഐഎം പരാതി നല്‍കിയിരുന്നു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നല്‍കിയ വിലാസം ശരിയല്ലെന്നും പട്ടികയില്‍ നിന്ന് ഒഴിവാക്കണം എന്നും കാണിച്ചായിരുന്നു സിപിഐഎം പരാതി. തുടര്‍ന്ന് ഹിയറിങ്ങിന് വിളിച്ചിരുന്നു. പിന്നാലെയാണ് വോട്ട് തള്ളിയത്. മുട്ടടയില്‍ കുടുംബവീടുള്ള വൈഷ്ണ അമ്പലമുക്കിലെ വാടക വീട്ടിലാണ് താമസം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിരുന്നു. സിപിഐഎം പരാതി അംഗീകരിച്ച് വൈഷ്ണയുടെ വോട്ട് നീക്കുകയായിരുന്നു.

അതേസമയം, വൈഷ്ണ സുരേഷിന്റെ പേര് നീക്കം ചെയ്ത നടപടിക്കെതിരെ കെഎസ്‌യു രംഗത്തെത്തി.
വൈഷ്ണയെ പോലുള്ള യുവസ്ഥാനാര്‍ത്ഥികളെ സിപിഐഎമ്മിന് ഭയമാണെന്ന് വ്യക്തമായതായും പ്രസ്തുത വിഷയത്തില്‍ നടത്തുന്ന നിയമ പോരാട്ടത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

വികസനം ചര്‍ച്ച ചെയ്ത് രാഷ്ട്രീയം പറഞ്ഞ് വോട്ട് നേടാന്‍ കഴിയാതെ വന്ന് കള്ളന്മാരുടെയും കൊള്ളക്കാരുടെയും സംഘമായി മാറിയ സിപിഐഎം പരാജയഭീതി മൂലം ജനാധിപത്യ പോരാട്ടങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്.ഇതിനെതിരെ ശക്തമായ വിധിയെഴുത്ത് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഉണ്ടാകും. കെപിസിസി ജനറല്‍ സെക്രട്ടറി കെ എസ് ശബരീനാഥന്റെ നേതൃത്വത്തില്‍ ബഹുദൂരം മുമ്പിലാണ് യുഡിഎഫ് ക്യാമ്പെന്നും അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.

വൈഷ്ണയുടെ വിശദീകരണം നല്‍കേണ്ട അവസാന തീയതി 13 ആയിരുന്നു. 14ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്നായിരുന്നു ഇലക്ഷന്‍ കമ്മീഷന്റെ സമയക്രമം. എന്നാല്‍ 15നാണ് സ്പീഡ് പോസ്റ്റ് മുഖേന വൈഷ്ണ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ സത്യവാങ്മൂലം നല്‍കിയത്. അതിലാണ് ഇപ്പോള്‍ പിഴവുണ്ടായിരിക്കുന്നത്. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ വൈഷ്ണയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല.

Top