തെഹ്‌റാന്‍: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം അവസാനിക്കുന്നതായി സൂചന. നീണ്ട ദിവസത്തെ ആക്രമണങ്ങൾക്ക് ശേഷം ഇറാൻ – ഇസ്രയേൽ വെടിനിർത്തൽ അംഗീകരിച്ചു. സമവായം സാധ്യമാകുന്നത് കനത്തനാശം വിതച്ച 12 ദിവസത്തെ നേർക്കുനേർ ആക്രമണത്തിന് പിന്നാലെ. ഇന്ത്യൻ സമയം രാവിലെ ഒന്പതരയോടെയാണ് വെടിനിർത്തൽ നിലവിൽ വന്നെന്ന് ഇറാൻ പ്രസ് ടി.വി. ഇതുമായി ബന്ധപ്പെട്ട നിർണായക പ്രഖ്യാപനം നടത്തിയത് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ആണ്. വെടിനിർത്തൽ പ്രഖ്യാപനം ലംഘിക്കരുതെന്ന് ട്രംപ് പറഞ്ഞു. വെടിനിര്‍ത്തല്‍ ആരംഭിച്ചതായി ഇറാനിയന്‍ ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേല്‍ മാധ്യമങ്ങളും ഇരു രാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെത്തിയെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഇസ്രയേല്‍ സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായെന്ന് അറിയിച്ചിട്ടില്ല.
ആറ് മണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തലുണ്ടാകുമെന്നായിരുന്നു നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്. ഇസ്രയേലിലേക്ക് നടത്തിയ നാലാം തരംഗ ആക്രമണത്തിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെത്തിയതെന്ന് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ചാനലായ ഇറാന്‍ പ്രസ് ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ അവകാശവാദത്തിനിടെയും ആക്രമണങ്ങള്‍ തുടര്‍ന്ന് ഇറാന്‍. ഇറാഖിലെ ഇമാം അലി വ്യോമപാതയിലെ റഡാര്‍ സംവിധാനം ആക്രമിക്കപ്പെട്ടെന്ന് അല്‍ സുമരിയ ടി വി നെറ്റ്വര്‍ക്കിനെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രവിശ്യാ തലസ്ഥാനമായ നസിരിയയ്ക്ക് അടുത്താണ് ഇമാം അലി വ്യോമപാത സ്ഥിതി ചെയ്യുന്നത്. ഇറാഖിലെ ബലാദ് സൈനികതാവളത്തിലും ആക്രമണമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നിലവില്‍ ആക്രമണത്തില്‍ പരിക്കുകളൊന്നുമില്ല. ബലാദില്‍ രണ്ട് സ്ഫോടന ശബ്ദം കേട്ടതായി ഇറാനിലെ താസ്നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇസ്രയേലിലും ഇറാന്‍ ആക്രമണം തുടരുകയാണെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി എക്സില്‍ കുറിച്ചു. അതേസമയം ഇസ്രായേലിലേക്ക് ഇറാനില്‍ നിന്നും മിസൈലുകള്‍ തുടരെ ചീറിപ്പായുകയാണ്. മൂന്ന് പേര്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ കൊ്ല്ലപ്പെട്ടുവെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
അതിനിടെ വെടി നിര്‍ത്തല്‍ ഇസ്രായേലും ഇറാനും പ്രഖ്യാപിച്ചതായും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. വെടിനിര്‍ത്തല്‍ ഇരു രാജ്യങ്ങളും ആരംഭിച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. വെടിനിര്‍ത്തല്‍ ആരംഭിച്ചതായി ഇസ്രായേലി ബ്രോഡ്കാസ്റ്റിങ് അതോറിറ്റി വ്യക്തമാക്കി. പരസ്യ പ്രസ്താവനകള്‍ നടത്തരുതെന്ന് മന്ത്രിമാരോട് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു നിര്‍ദേശിച്ചതായി ഇസ്രായേല്‍ റേഡിയോയും വെടിനിര്‍ത്തല്‍ ആരംഭിച്ചതായി ഇറാനിയന്‍ പ്രസ് ടിവിയും ടിവിയും റിപ്പോര്‍ട്ട് ചെയ്തു.










