കൊച്ചിയിലെ ഗുണ്ടായിസവും ക്വട്ടേഷൻ മാഫിയയും കുപ്രസിദ്ധമാണ്. പുതിയ ട്രെന്റാണ് കൊച്ചിയിലെ ഗുണ്ടാ സംഘങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
കൊച്ചിയിൽ പെൺ ഗുണ്ടകൾ അരങ്ങു തകർക്കുന്നതായാണ് വിവരം.
ഇതിനുപുറമെ വാടക മാഫിയയും പിടിമുറുക്കുകയാണ്. കെട്ടിട ഉടമകളെ നോക്കു കുത്തികളാക്കി വാടക മാഫിയ വിലസുന്നതായാണ് റിപ്പോർട്ട്.
ജിസിഡിഎയിൽ നിന്നടക്കം പല പേരുകളിലായി വാടകയ്ക്ക് മുറിയെടുത്ത ശേഷം വൻ തുകയ്ക്ക് ദിവസ വാടകയ്ക്ക് നൽകുകയാണ് ഇവരുടെ രീതി.
ജിസിഡിഎയുടെ ഉടമസ്ഥതയിലുള്ള കലൂർ സ്റ്റേഡിയത്തിലെ കെട്ടിടങ്ങൾ വാടകയ്ക്കെടുത്ത് കെട്ടിടം ഉടമ ചമയുന്ന സ്ത്രീയും അവരിൽ നിന്ന് വാടകയ്ക്കെടുത്ത ആളും തമ്മിൽ തർക്കം സ്റ്റേഡിയത്തിൽ ക്രമസമാധാന പ്രശ്നമായിട്ടും ജിസിഡിഎയോ കൊച്ചി കോർപ്പറേഷനോ ഇടപെടുന്നില്ലെന്നാണ് ആരോപണം.
വാടക മാഫിയകൾ കട ഒഴിപ്പിക്കുന്നതിനായി പെൺ ഗുണ്ടകളെ രംഗത്തിറക്കുന്നതായാണ് വിവരം. അടുത്തിടെ അത്തരത്തിൽ ഒരു സംഭവം പോലും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.
ജിസിഡിഎയിൽ നിന്ന് മുറി കൾ വാടകയ്ക്കെടുത്ത ഒരു സ്ത്രീ കട തിരിച്ചു പിടിക്കാനായിട്ടാണ് പെൺഗുണ്ടകളെ രംഗത്തിറക്കിയതെന്നാണ് പറയുന്നത്.
സ്റ്റേഡിയത്തിൽ ദിവസ വാടകയ്ക്ക് പ്രവർത്തിച്ചിരുന്ന ഹോട്ടൽ വണ്ടിയിൽ വന്നിറങ്ങിയ ഒരു കൂട്ടം സ്ത്രീകൾ പട്ടാപ്പകൽ തല്ലിത്തകർക്കുകയായിരുന്നു. പോലീസ് പെൺഗുണ്ടകളെ തടഞ്ഞില്ലെന്നും ആക്ഷേപമുണ്ട്.
ആക്രമണത്തിൽ നടപടിയെടുക്കാൻ ആദ്യം മടിച്ച പോലീസ് പിന്നീട് ജിസിഡിഎയിൽ നിന്നുള്ള കടുത്ത സമ്മർദത്തെ തുടർന്നാണ് നടപടി എടുത്തതെന്നാണ് വിവരം.


