മുംബൈ: ഹെലികോപ്റ്റര്‍ അടപടത്തില്‍പ്പെട്ട് ഗുരുതര പരിക്കേറ്റ സഹ പൈലറ്റ് പെന്നി ചൗധരി(26) വിടവാങ്ങി. കഴിഞ്ഞ 17 ദിവസമായി ഐഎന്‍എച്ച്എസ് അശ്വിനി ആശുപത്രിയില്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ കഴിയുകയായിരുന്ന പെന്നി ചൊവ്വാഴ്ച വൈകിട്ടാണ് മരണമടഞ്ഞത്.
മഹാരാഷ്ട്രയിലെ റായ്ഗഡില്‍ മാര്‍ച്ച് പത്തിനുണ്ടായ അപകടത്തിലാണ് അസിസ്റ്റന്റ് കമാന്‍ഡറായ പെന്നിക്ക് പരിക്കേറ്റത്. മുരുഗഡിലെ നന്ദഗാവ് ഗ്രാമത്തിന് മുകളില്‍ വെച്ച് എന്‍ജിന്‍ നിലച്ചതിനെത്തുടര്‍ന്ന് സമീപത്തെ പാറയില്‍ ഇടിച്ചിറക്കുകയായിരുന്നു. വിനോദസഞ്ചാര കേന്ദ്രമായ മുരുഗഡിലെ ജനവാസകേന്ദ്രത്തില്‍ കോപ്റ്റര്‍ തകര്‍ന്നു വീണിരുന്നെങ്കില്‍ വന്‍ദുരന്തമുണ്ടാകുമായിരുന്നെന്നും പെന്നി അവസരത്തിനൊത്ത് പ്രവര്‍ത്തിച്ചതു കൊണ്ടാണ് അതൊഴിവായതെന്നും തീരരക്ഷാസേന കമാന്‍ഡന്റ് അവിനന്ദന്‍ മിത്ര അഭിനന്ദിച്ചിരുന്നു. ഇതിനിടെയാണ് പെന്നിയുടെ വിയോഗം.
ഡെപ്യൂട്ടി കമാന്‍ഡന്റ് ബല്‍വീന്ദര്‍ സിങും രണ്ടു നീന്തല്‍ വിദഗ്ദരും ഹെലികോപ്റ്ററിലുണ്ടായിരുന്നു. അവര്‍ക്ക് സാരമായ അപകടം പറ്റാതിരിക്കാനും പെന്നി ശ്രദ്ധിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പെന്നിയെയും സഹപ്രവര്‍കരെയും നാവിക സേനയുടെ ഹെലികോപ്റ്ററിലാണ് ആശുപത്രിയില്‍ എത്തിച്ചത്. 2013ലാണ് പെന്നി തീരരക്ഷാസേനയില്‍ ചേര്‍ന്നത്. 2016ല്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് ആയി 555 മണിക്കൂര്‍ ഹെലികോപ്റ്റര്‍ പറത്തിയിട്ടുണ്ട്.


