വനിതാ ജീവനക്കാരെ വീട്ടുജോലിക്ക് നിര്‍ത്തി പീഡനം; മേലുദ്യോഗസ്ഥന്‍റെ ക്രൂരത കൊച്ചിയില്‍

മേലുദ്യോഗസ്ഥന്‍ വനിതാ ജീവനക്കാരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായി തിരുച്ചിറപ്പള്ളി റെയില്‍വേ ഡിവിഷനില്‍ പീഡനശ്രമത്തിന് ഇരയായ മലയാളി യുവതി പരാതി നല്‍കി. സീനിയര്‍ സെക്ഷന്‍ എഞ്ചിനീയറും സതേണ്‍ റെയില്‍വേ മസ്ദൂര്‍ യൂണിയന്‍ വിഡിഷനല്‍ പ്രസിഡന്റുമായ വി മണിവണ്ണനെതിരേയാണ് യുവതിയുടെ പരാതി. മലിയാടുതുറ സെക്ഷനില്‍ ജോലി ചെയ്യുന്ന വനിതാ ഗ്യാങിലെ ജീവനക്കാരെ മണിവണ്ണന്‍ വീട്ടുജോലിക്കു നിര്‍ത്തുകയും ശാരീരിക ബന്ധത്തിനു നിര്‍ബന്ധിക്കുകയും ചെയ്യുന്നതായും പരാതിയില്‍ പറയുന്നു. ഡിആര്‍എമ്മിനാണ് പരാതി നല്‍കിയത്. ഇതു റെയില്‍വേ ബോര്‍ഡിനു കൈമാറിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 50 ജീവനക്കാര്‍ മണിവണ്ണന് കീഴില്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 18 പേര്‍ മലയാളി വനിതകളാണ്. എസ്ആര്‍എംയു യോഗങ്ങളില്‍ ട്രാക്ക് മെയിന്റനര്‍ തസ്തികകളില്‍ ജോലി ചെയ്യുന്നവരെ മണിവണ്ണന്‍ നിര്‍ബന്ധമായി പങ്കെടുപ്പിച്ചിരുന്നു. തഞ്ചാവൂരില്‍ നടന്ന യോഗത്തില്‍ പങ്കെടുപ്പിക്കാന്‍ വനിതാ ജീവനക്കാരിയെ ഇയാള്‍ കാറില്‍ നിര്‍ബന്ധിച്ചു കൊണ്ടുപോയെന്നും ലൈംഗികച്ചുവയോടെ സംസാരിക്കുകയും കയറിപ്പിടിക്കാന്‍ ശ്രമിച്ചുവെന്നും പരാതിയിലുണ്ട്. ക്വാട്ടേഴ്‌സില്‍ വച്ച് മുമ്പ് പീഡിപിക്കാന്‍ ശ്രമിച്ചപ്പോള്‍ ജീവനക്കാരി അവിടെ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. വനിതാ ജീവനക്കാരില്‍ നിന്നും പതിവായി 3000 മുതല്‍ 5000 രൂപ വരെ യൂണിയന്‍ ഫണ്ടെന്ന പേരില്‍ മണിവണ്ണന്‍ പിരിച്ചിരുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. വനിതാ ജീനക്കാര്‍ താന്‍ നിര്‍ദേശിക്കുന്ന വാടക വീട്ടില്‍ മാത്രമേ താമസിക്കാവൂവെന്ന് മണിവണ്ണന്‍ ആവശ്യപ്പെട്ടിരുന്നതായും സ്വന്തമായി വീടെടുക്കാന്‍ ശ്രമിച്ചാല്‍ വീട്ടുടമ ഇക്കാര്യം അയാളെ വിളിച്ച് അറിയിച്ചിരുന്നതായും മലയാളി ജീവനക്കാരിയുടെ പരാതിയില്‍ പറയുന്നു. ചില ദിവസങ്ങളില്‍ മണിവണ്ണന്‍ അസമയങ്ങളില്‍ വീട്ടില്‍ വരാറുണ്ട്. ബാത്ത്‌റൂമിന് മുന്നില്‍ വന്ന് ഇയാള്‍ പലപ്പോഴും നിന്നിട്ടുണ്ടെന്നും പരാതിയില്‍ യുവതി ആരോപിച്ചു. വനിതാ ജീവനക്കാര്‍ നേരത്തേ മണിവണ്ണനെക്കുറിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി സ്വീകരിക്കാന്‍ പോലും പോലീസ് തയ്യാറായില്ല. കേരളത്തിലെ ജനപ്രതിനിധികള്‍ അടിയന്തരമായി ഇക്കാര്യത്തില്‍ ഇടപെടണമെന്നും മലയാളി യുവതി പരാതിയില്‍ ആവശ്യപ്പെടുന്നു. നേരത്തേ പരാതി നല്‍കിയ 18 വനിതാ ജീവനക്കാരെയും മണിവണ്ണന്‍ തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും ശകാരിക്കുകയും ചെയ്തതായും ജീവനക്കാരി തന്റെ പരാതിയില്‍ കുറിച്ചു.

Top