വനിതാ ഫോറസ്റ്റ് ഓഫീസറുടെ സഹായത്തോടെ ആദിവാസികള്‍ക്ക് 497 ടോയ്‌ലറ്റുകള്‍

വനിതാ ഫോറസ്റ്റ് ഓഫീസറുടെ സഹായത്തോടെ ആദിവാസികള്‍ക്ക് ഒടുവില്‍ ടോയ്‌ലറ്റുകള്‍ ലഭിച്ചു. ഒന്‍പത് ആദിവാസി കോളനികളിലായി 497 ടോയ്‌ലറ്റുകളാണ് നിര്‍മ്മിച്ചത്. സര്‍ക്കാര്‍ അതോറിറ്റി അധികാരികള്‍ ഓപ്പണ്‍ ഡിഫെക്യേഷന്‍ ഫ്രീ ക്യാമ്പെയ്ന്‍ പ്രകാരം ടോയ്‌ലറ്റ് നിര്‍മ്മിച്ചു നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, വാഗ്ദാനങ്ങളൊക്കെ പാതിവഴിയില്‍ നിലച്ചു. നഗരത്തില്‍ നിന്നും കോളനിയിലേക്ക് വലിയ ദൂരം ഉള്ളതുകൊണ്ട് വൈദ്യുതി എത്തിക്കാനും മറ്റും വളരെ ബുദ്ധിമുട്ടായിരുന്നു. ഇതുമൂലം നിര്‍മ്മാണം ആരംഭിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഒടുവില്‍ പിജി സുധ ആ വലിയ ദൗത്യം ഏറ്റെടുത്തു. കുട്ടംപുഴയിലെ ഫോറസ്റ്റ് ഓഫീസറാണ് സുധ. 16 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള സുധ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ എല്ലാ ചുമതലയും ഏറ്റെടുത്തു. 497 ടോയ്‌ലറ്റ് നിര്‍മ്മാണ പദ്ധതിയാണ് സുധ ഏറ്റെടുത്തത്. വലിയൊരു സാഹസമാണ് സുധ ഏറ്റെടുത്തിരുന്നത്. എന്നാല്‍, പദ്ധതി വന്‍ വിജയമായി തീര്‍ന്നു. ദിവസവും 16 കിലോ മീറ്ററോളം കാടിലൂടെ യാത്രചെയ്താണ് സുധ ഈ ദൗത്യം പൂര്‍ത്തിയാക്കിയത്. ഒരിക്കല്‍ പോലും സുധ തളര്‍ന്നില്ല. ആത്മവിശ്വാസത്തോടെ നീങ്ങി. 2016 ആഗസ്തിനാണ് സുധ ഈ പദ്ധതി ഏറ്റെടുക്കുന്നത്. മൂന്നു മാസം കൊണ്ട് സുധയുടെ നേതൃത്വത്തില്‍ 497 ടോയ്‌ലറ്റുകള്‍ നിര്‍മ്മിച്ചു കഴിഞ്ഞു. ക്യാമ്പെയ്ന്‍ വിജയകരമായി പൂര്‍ത്തിയാക്കിയ സുധയ്ക്ക് അവാര്‍ഡ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആദ്യമായല്ല സുധയ്ക്ക് അവാര്‍ഡ് ലഭിക്കുന്നത്, 2006ല്‍ മികച്ച ഫോറസ്റ്റ് ഓഫീസര്‍ അവാര്‍ഡ് സുധ കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ പ്രണബ് മുഖര്‍ജിയുടെ കൈകളില്‍ നിന്നും 2016ല്‍ നാരി ശക്തി പുരസ്‌കാരവും കൈപ്പറ്റിയിട്ടുണ്ട്.

Top