കണ്ണൂര്‍: കേരളം യു.പിയിലെ ആശുപത്രികളെ മാതൃകയാക്കണമെന്ന് യോഗി ആദിത്യനാഥ്. കണ്ണൂരില്‍ ജനരക്ഷാ യാത്രയ്ക്കിടെ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പകര്‍ച്ചപ്പനിക്കെതിരെ കേരളത്തില്‍ ശക്തമായ നടപടികള്‍ ആവശ്യമുണ്ട്. ഡെങ്കിപ്പനിയും ചിക്കന്‍ ഗുനിയയും നാടിന് ഭീഷണിയാണ്. പകര്‍ച്ചപ്പനി ബാധിച്ച് നിരവധി പേര്‍ മരിച്ച കേരളം ആശുപത്രികളുടെ കാര്യത്തില്‍ യു.പിയെ മാതൃകയാക്കണമെന്നാണ് യോഗി പറഞ്ഞത്. ജനരക്ഷാ യാത്രയില്‍ പങ്കെടുക്കുന്നതിന് കേരളത്തിലെത്തിയ യോഗി ആദിത്യനാഥ് കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍ സന്ദര്‍ശിച്ച് ആശുപത്രികള്‍ എങ്ങനെ നടത്തണമെന്ന് പഠിക്കണമെന്ന് സി.പി.ഐ.എം നിര്‍ദേശിച്ചിരുന്നു. ട്വിറ്ററിലൂടെയായിരുന്നു സി.പി.ഐ.എമ്മിന്റെ പരിഹാസം. ഇതിനോടു പ്രതികരിച്ചുകൊണ്ടായിരുന്നു യോഗിയുടെ അഭിപ്രായ പ്രകടനം. യു.പിയില്‍ യോഗി ആദിത്യനാഥിന്റെ സ്വന്തം മണ്ഡലമായ ഗോരഖ്പൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ വിതരണത്തിലെ അപാകത കാരണം നൂറോളം കുട്ടികള്‍ ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ചിരുന്നു. ഇതിനു പിന്നാലെ ഉത്തര്‍പ്രദേശിലെ ആരോഗ്യമേഖല വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ജനരക്ഷായാത്രയുടെ രണ്ടാംദിന പരിപാടികളിലാണ് യോഗി ആദിത്യനാഥ് പങ്കെടുക്കുന്നത്. വൈകിട്ട് കണ്ണൂരില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും യോഗി പ്രസംഗിക്കും.


