ശാശ്വതിയും റഷീദും പറയുന്നത് കള്ളക്കഥ; ഫ്‌ളാറ്റിലെ കൊലപാതക കാരണം കോടികളുടെ കള്ളപ്പണത്തെ കുറിച്ചുള്ള തര്‍ക്കം; കോണ്‍ഗ്രസ് നേതാവ് രാംദാസിനും മാഫിയകളുമായി അടുത്ത ബന്ധം

തൃശൂര്‍: മഴവില്‍ മനോരമ റിയാലിറ്റി ഷോതാരം ശ്വേത ഉള്‍പ്പെട്ട കൊലപാതക കേസ് കള്ളപ്പണ്ണത്തെ ചൊല്ലിയുള്ള തര്‍ക്കം മൂലമെന്ന് സൂചന. നേരത്തെ പിടിയിലായ കോണ്‍ഗ്രസ് നേതാവ് രാംദാസ് ഉള്‍പ്പെടെ കേസിലെ പ്രധാന പ്രതി റഷിദൂമായി വന്‍കള്ളപ്പണ ഇടപാടുകള്‍ ഉണ്ടായിരുന്നതായാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കള്ളപ്പണത്തെ കുറിച്ചുളള വിവരങ്ങള്‍ മറച്ചുവച്ച് കേസ് വെറും അവിഹിതത്തിലേക്ക് വഴിതിരിച്ചുവിടാനാണ് പ്രതികളുടെ നീക്കമെന്ന് പോലീസ് സംശയിക്കുന്നു.

മൂന്ന് ദിവസം കെട്ടിയിട്ടാണ് സതീഷിനെ മര്‍ദ്ദിച്ച് കൊന്നത്. എല്ലാം ചെയ്തത് ശാശ്വതിയാണെന്നാണ് പിടിയിലായവരുടെ മുഴുവന്‍ മൊഴി. ശാശ്വതിയാണ് കൊന്നതെങ്കില്‍ സുഹൃത്തിനെ രക്ഷിക്കാന്‍ ബോധപൂര്‍വ്വം പിടിയിലായ റഷീദിനും കൃഷ്ണപ്രസാദിനും കഴിയുമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. കോണ്‍ഗ്രസ് നേതാവ് കൂടിയായ രാംദാസ് ഫ്‌ലാറ്റിലെത്തിയ ശേഷമാണ് സതീഷിനെ ആശുപത്രിയില്‍ കൊണ്ടു പോയത്. സതീഷിനെ വകവരുത്തിയത് രാംദാസിന് നേരിട്ട് കാണാനായിരുന്നു അത്. കള്ളപ്പണം പങ്കുവയ്ക്കലിലെ തര്‍ക്കവും അത് എങ്ങോട്ടേക്ക് മാറ്റിയെന്ന മാഫിയാ സംഘത്തിന്റെ അന്വേഷണവും എങ്ങുമെത്തില്ലെന്ന് ഉറപ്പായതോടെയാണ് സതീഷിനെ ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് സൂചന. എന്നാല്‍ ഇതൊന്നും പുറത്തുവരാതിരിക്കാന്‍ അവിഹിത കഥ ശാശ്വതിയെ കൊണ്ട് പറയിപ്പിച്ചതെന്നാണ് ആക്ഷേപം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉന്നത രാഷ്ട്രീയഗുണ്ടാ ബന്ധമുള്ള പ്രതികള്‍ ഉള്‍പ്പെട്ട കേസില്‍ ഒന്നാം പ്രതിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ റഷീദിനെ പൊലീസ് ദിവസങ്ങളോളം തിരഞ്ഞെങ്കിലും കിട്ടിയില്ല. ഒടുവില്‍, കഴിഞ്ഞദിവസം ഉച്ചയോടെ പാലക്കാട് കോടതിയില്‍ ഇയാള്‍ കീഴടങ്ങുകയായിരുന്നു. രാഷ്ട്രീയ സംരക്ഷണം നല്‍കിയിരുന്ന നേതാവിനെ പൊലീസ് അകത്താക്കിയതോടെ, ഇനി രക്ഷയില്ലെന്ന് ബോധ്യമായപ്പോഴാണ് റഷീദ് കീഴടങ്ങിയത്.

പ്രതിക്ക് സഹായങ്ങള്‍ ചെയ്തതിന് കെ. പി. സി. സി. മുന്‍ സംസ്ഥാന സെക്രട്ടറി എം.ആര്‍ രാമദാസിനെയാണ് പൊലീസ് അറസ്റ്റു ചെയ്തതിന്റെ പിന്നാലെയായിരുന്നു റഷീദിന്റെ കീഴടങ്ങല്‍. ഇന്നലെ തൃശൂര്‍ കോടതി സംസ്ഥാന നേതാവിനെ ജയിലിലേക്ക് അയയ്ക്കാന്‍ ഉത്തരവിടുമ്പോള്‍, പാലക്കാട് കോടതിയില്‍ റഷീദ് കീഴടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. പ്രധാന പ്രതി പുതുക്കാട് യൂത്ത് കോണ്‍ഗ്രസ് ബ്‌ളോക്ക് പ്രസിഡന്റ് റഷീദിനെ രക്ഷപ്പെടാന്‍ സഹായിച്ചത് രാമദാസാണ്. പ്രതികളെ സഹായിക്കുകയും തെളിവ് നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്ത കുറ്റത്തിനാണ് രാമദാസിനെ അറസ്റ്റ് ചെയ്തത്. രണ്ടുപേരും അകത്തായതോടെ ഇവരുടെ സൗഹൃദത്തിന്റെ പിന്‍ബലത്തില്‍ നടന്ന കുറ്റകൃത്യങ്ങള്‍ ചികയുകയാണ് പൊലീസ്. കൊല നടത്തിയ ശേഷം പല സ്ഥലങ്ങളില്‍ താമസിക്കാന്‍ റഷീദിന് സഹായം ചെയ്തുകൊടുത്തവരെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. റഷീദും കാമുകി ശാശ്വതിയും സുഹൃത്ത് കൃഷ്ണപ്രസാദും ചേര്‍ന്ന് പഞ്ചിക്കലിലെ ഫ്‌ളാറ്റില്‍ സതീശിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.

അയ്യന്തോള്‍ കൊലപാതക കേസില്‍ മാത്രമൊതുങ്ങില്ല റഷീദ് എന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കുറ്റകൃത്യ പശ്ചാത്തലം. തൃശൂരില്‍ തന്നെ നിരവധി അടിപിടി അടക്കമുള്ള കേസുകളില്‍ പ്രതിയാണ് ഇയാള്‍. തൃശൂരിലെ കോടാലിയില്‍ നിന്ന് മൈസൂരിലേക്ക് കുടിയേറിയ കോടാലി ശ്രീധരന്‍ എന്ന കുപ്രസിദ്ധ ഗുണ്ടയുമായി അടുത്ത ബന്ധം പുലര്‍ത്തിയ ആളായിരുന്നു റഷീദ്. കുഴല്‍പ്പണം തട്ടിയെടുക്കലും കൊലപാതകവും തൊഴിലാക്കിയ കോടാലി ശ്രീധരന് സംസ്ഥാനത്തിനകത്തും പുറത്തും വലിയൊരു ശൃംഖല തന്നെയുണ്ടായിരുന്നു. ശ്രീധരന്റെ ഈ അധോലോക ശൃംഖലയിലെ കണ്ണിയാണ് റഷീദ്. ഇതെല്ലാം പൊലീസിന് നന്നായി അറിയാം. പക്ഷേ അന്വേഷിച്ച് പോയാല്‍ കള്ളപ്പണ മാഫിയയുടെ യഥാര്‍ത്ഥ ചിത്രം പുറത്തുവരും. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരമൊരു കഥ പുറത്തുവരുന്നതിനെ കോണ്‍ഗ്രസ് നേതാക്കളും അനുകൂലിക്കുന്നില്ല. അതുകൊണ്ട് കൂടിയാണ് തൃശൂരിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് പകപോലും ഈ കേസില്‍ ചര്‍ച്ചയാകാത്തത്.

2007ജൂലായ് 15ന് ദേശീയ പാതയില്‍വച്ച് വിദേശത്തെ ജുവലറിയിലേക്ക് കൊണ്ടുപോയ പതിനൊന്ന് കിലോ സ്വര്‍ണം വാഹനം തടഞ്ഞു നിറുത്തി കൊള്ളയടിച്ച കോടാലി ശ്രീധരന്റെ സംഘത്തിലും യൂത്ത് കോണ്‍ഗ്രസ് നേതാവായ റഷീദ് ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, ഈ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ റഷീദിന് തുണയായത് രാമദാസുമായുള്ള സൗഹൃദമാണ്. രാമദാസിന്റെ രാഷ്ട്രീയബന്ധത്തിന്റെ പിന്‍ബലത്തിലാണ് റഷീദ് കുറ്റകൃത്യങ്ങളില്‍ വിളയാടിയിരുന്നത്. യൂത്ത് കോണ്‍ഗ്രസ് ബ്‌ളോക്ക് പ്രസിഡന്റ് പദവിയില്‍ എത്താന്‍ റഷീദിനെ സഹായിച്ചതും രാമദാസാണ്. സതീശനെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ റഷീദിന് ധൈര്യം നല്‍കിയതും ഈ സൗഹൃദമാണെന്ന് പൊലീസ് കരുതുന്നു. ഇരുവരെയും വിശദമായി ചോദ്യം ചെയ്താലേ അധോലോക ബന്ധമുള്‍പ്പെടെ വെളിച്ചത്ത് വരൂ. കൊലപാതകം നടക്കുന്നതിന് തൊട്ട് മുന്‍പുള്ള ദിവസങ്ങളില്‍ താന്‍ ഫ്‌ളാറ്റില്‍ പോയിരുന്നുവെന്ന് രാമദാസ് ഇന്നലെ ചോദ്യം ചെയ്യലില്‍ പൊലീസിനോട് സമ്മതിച്ചിരുന്നു.

ശാശ്വതിയുടെ മൊഴിക്ക് സമാനമായത് തന്നെയാണ് റഷീദും പൊലീസിനോട് പറഞ്ഞത് ഇടക്കാലത്ത് ഭര്‍ത്താവുമായി തെറ്റിപ്പിരിഞ്ഞ ശാശ്വതി അയ്യന്തോളിലെ ഫ്‌ളാറ്റില്‍ താമസം തുടങ്ങി. കുഞ്ഞും ഒപ്പമുണ്ടായിരുന്നു. ഈ സമയത്താണ് റഷീദുമായി അടുക്കുന്നത്. റഷീദിന്റെ ഭാര്യയും ശാശ്വതിയും സുഹൃത്തുക്കളായിരുന്നു. ഈ അടുപ്പമാണ് പിന്നീട് ഇരുവരും തമ്മിലുള്ള വഴിവിട്ട ബന്ധങ്ങളിലേക്ക് നീങ്ങിയത്. കഴിഞ്ഞ ഫെബ്രുവരി അവസാനം, കൊല്ലപ്പെട്ട സതീശനും മറ്റൊരു സുഹൃത്തുമൊത്ത് റഷീദിന്റെ ഫ്‌ലാറ്റ് മുറിയില്‍ ഒത്തുകൂടിയിരുന്നു. തൊട്ടടുത്ത ദിവസം ഈ ഫ്‌ലാറ്റിലെ തന്നെ താമസക്കാരിയായ ശാശ്വതിയും ഇവര്‍ക്കൊപ്പം കൂടി. അന്ന് വൈകിട്ട് റഷീദും ശാശ്വതിയും സതീശനും കൊടൈക്കനാലില്‍ വിനോദയാത്ര പോയി. കൊടൈക്കനാലില്‍ നിന്ന് തിരിച്ചുവന്ന ശേഷമാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. യാത്രക്കിടെ ശാരീരിക ബന്ധത്തിന് തയ്യാറാണെന്ന് ശാശ്വതി സതീശിനോട് പറഞ്ഞിരുന്നു.

രണ്ട് ദിവസം കഴിഞ്ഞ് മദ്യലഹരിയിലായിരിക്കേ, ശാശ്വതിയുമായി അടുത്തകാര്യം റഷീദിനോട് സതീശ് തുറന്നടിച്ചു. തന്റെ കാമുകിയെ സ്വാധീനിച്ചതില്‍ അമര്‍ഷം തോന്നിയ റഷീദ് അപ്പോള്‍ ഒന്നും പറഞ്ഞില്ല. ഫെബ്രുവരി 29ന് ഫ്‌ളാറ്റില്‍ മൂവരും വീണ്ടും ഒത്തുകൂടിയ വേളയില്‍ സതീശിന്റെ സാന്നിദ്ധ്യത്തില്‍ ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ശാശ്വതിയോട് റഷീദ് ചോദിച്ചു. അപകടം മണത്ത ശാശ്വതി ഇക്കാര്യം നിഷേധിച്ചു. ആ പകയിലാണ് ഇല്ലാത്ത കാര്യം പറയുമോടാ എന്നു ചോദിച്ച് താന്‍ മര്‍ദ്ദിച്ചതെന്ന് ശാശ്വതി പൊലീസിനോട് വെളിപ്പെടുത്തി. തുടര്‍ന്ന് സതീശനെ ഫ്‌ളാറ്റില്‍ മൂന്നു ദിവസം കെട്ടിയിട്ടാണ് മര്‍ദ്ദിച്ചത്. വടികൊണ്ടും മറ്റും ക്രൂരമായി മര്‍ദ്ദിച്ചു. ഒടുവില്‍ ബാത്ത് റൂമില്‍ തുണികള്‍ അലക്കാന്‍ ഉപയോഗിക്കുന്ന കല്ല് എടുത്ത് മുതുകത്ത് ആഞ്ഞ് ഇടിക്കുകയായിരുന്നു. മുതുകത്തെ ഞരമ്പുകള്‍ തകര്‍ന്ന് ചോര വാര്‍ന്നാണ് സതീഷ് മരിച്ചത്. റഷീദും ശാശ്വതിയും മറ്റൊരു സുഹൃത്ത് കൃഷ്ണപ്രസാദും ചേര്‍ന്നാണ് ക്രൂര മര്‍ദ്ദനം നടത്തിയത്.

സെക്യൂരിറ്റി ജീവനക്കാരനും കൃഷ്ണപ്രസാദും ചേര്‍ന്ന് സതീശിനെ പിന്നീട് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന സതീശ് ആശുപത്രിയില്‍വച്ച് മരിച്ചു. ഇതോടെ മൂവരും ഫ്‌ലാറ്റ് കാലിയാക്കി സ്ഥലം വിടുകയായിരുന്നു. കേസില്‍ ആദ്യം അറസ്റ്റിലായ കൃഷ്ണപ്രസാദ് റഷീദിന്റെ സന്തത സഹചാരിയാണ്. പിന്നാലെ ശാശ്വതി അറസ്റ്റിലായി. അതിനുശേഷം രാമദാസും. ഒടുവില്‍ റഷീദ് പാലക്കാട്ട് കീഴടങ്ങി. ഇതെല്ലാം കള്ളപ്പണ മാഫിയയുടെ തിരക്കഥയുടെ ഭാഗമാണ് എന്ന് പൊലീസും കരുതുന്നു.

Top