കണ്ണൂർ എയർ പോർട്ടിന്റെ നിയന്ത്രണം നേടാനുള്ള വ്യവസായി യൂസഫലിയുടെ ശ്രമങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ പിന്തുണ എന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍. 50 കോടിയുടെ കൂടി ഓഹരി യൂസഫ് അലിയ്ക്ക് നൽകാനുള്ള നടപടികൾ സർക്കാർ നിർദ്ദേശത്തെ തുടർന്ന് കണ്ണൂർ ഇന്റർ നാഷണൽ എയർപോർട്ട് ലിമിറ്റഡ് പൂർത്തിയാക്കി എന്നാണ് പുതിയ വിവരം. കണ്ണൂർ എയർ പോർട്ടിന്റെ ആകെ ഷെയറുകളുടെ എകദേശം പത്ത് ശതമാനത്തോളം ഇതോടെ യൂസഫലിയുടെ സ്വന്തമാകും. സെപ്റ്റംബർ 19 ന് നടക്കുന്ന കണ്ണൂർ ഇന്റർ നാഷണൽ എയർ പോർട്ട് ലിമിറ്റഡിന്റെ എട്ടാമത് വാർഷിക യോഗത്തിന്റെ അജണ്ടയാണത്. ഇനം നമ്പർ 6 അനുസരിച്ച് പ്രൈവറ്റ് പ്ലേസ്മെന്റ് അടിസ്ഥാനത്തിൽ കമ്പനിയുടെ ഓഹരികൾ വിതരണം ചെയ്യുന്നതിനെക്കുറിച്ച് അന്ന് തീരുമാനിയ്ക്കും.
ആകെ രണ്ട് കോടി അൻപത് ലക്ഷം ഓഹരികളാണ് ഇങ്ങനെ കൈമാറുക. ഇനി ആർക്കൊക്കെ ഈ ഓഹരികൾ കൈമാറും എന്നത് വിവരിയ്ക്കുന്ന ഭാഗത്തിൽ ഗവർണ്ണർ ഓഫ് കേരള, എം.എ യൂസഫലി, കണ്ണൂർ ഇന്റർ നാഷണൽ എയർ പോർട്ട് പ്രമോഷൻ സൊസൈറ്റി ഇങ്ങനെ മൂന്നുപേർക്കാണ് ഷെയറുകൾ വിഭജിച്ച് നൽകുന്നത്. 50 ലക്ഷം ഓഹരികൾ കൂടി ഇങ്ങനെ യൂസഫലിയ്ക്ക് ലഭിയ്ക്കും. ഓഹരി ഒന്നിന് 100 രൂപ എന്ന മുഖവിലയ്ക്കാണ് ഷെയർ വിൽപന. സർക്കാർ നിയന്ത്രണത്തിലുള്ള കമ്പനിയുടെ ഷെയറുകളാണ് ഒരു സ്വകാര്യ വ്യക്തിയ്ക്ക് മാത്രമായ് ഇങ്ങനെ കൂട്ടമായ് കൈമാറുന്നത്. കണ്ണൂർ എയർപോർട്ടിന്റെ ഷെയറുകൾ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് നിരവധി ആളുകൾ രംഗത്ത് ഉള്ളപ്പോഴാണ് ഈ നടപടി. 50 ലക്ഷം ഓഹരികൾ കൂടി ലഭിയ്ക്കുന്നതോടെ 95 ലക്ഷം ഓഹരികൾ ഉള്ള എക സ്വകാര്യ വ്യക്തിയായ് യൂസഫലി മാറുകയും ചെയ്യും. അസ്വാഭാവികമായ ഈ ഷെയർ കൈമാറ്റത്തിന് പ്രത്യേക കാരണങ്ങളൊന്നും കമ്പനിയ്ക്ക് വിശദീകരിയ്ക്കാനില്ല. ലഭിയ്ക്കുന്ന സൂചന അനുസരിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രത്യേക താത്പര്യം അനുസരിച്ചാണ് നടപടികൾ.അതേസമയം വ്യവസായിയായ യൂസഫലിയ്ക്ക് കൂട്ടത്തോടെ ഷെയറുകൾ കൈമാറുന്നത് ഡയറക്ടർ ബോർഡിന്റെ തിരുമാനം അനുസരിച്ച് ചട്ടപ്രകാരം ആണെന്നാണ് കണ്ണൂർ ഇന്റർ നാഷണൽ എയർ പോർട്ട് ലിമിറ്റഡിന്റെ നിലപാട്


