സംസ്ഥാനത്ത് 14 പേർക്ക് കൂടി സിക്ക വൈറസ്; രോഗം ബാധിച്ചവരിൽ ഭൂരിഭാഗം പേരും ആരോഗ്യ പ്രവർത്തകർ :ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് 14 പേർക്ക് കൂടി സിക്ക വൈറസ് ബാധ.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും ആരോഗ്യ പ്രവർത്തകരാണ്.കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.

ഇതോടെ നിലവിൽ സംസ്ഥാനത്ത് 15 പേരാണ് സിക്ക വൈറസ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്.കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് ആദ്യമായി ഒരാൾക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പാറശാല സ്വദേശിനിയ്ക്കാണ് രോഗം ബാധിച്ചത്.

ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങളിൽ നിന്നും എൻ.ഐ.വി പൂനെയിലേക്ക് അയച്ച 19 സാമ്പിളുകളിൽ 13 പേർക്ക് സിക്ക പോസിറ്റീവാണെന്ന് സംശയമുണ്ടായിരുന്നു. എന്നാൽ ഇതിൽ 14 പേർക്ക് സിക്ക സ്ഥിരീകരിക്കുകയായിരുന്നു.

പ്രധാനമായും ഈഡിസ് കൊതുകുകൾ പരത്തുന്ന രോഗമാണ് സിക്ക. ഇത്തരം കൊതുകുകൾ സാധാരണ പകൽ സമയത്താണ് കടിക്കുന്നത്. പനി, ചുവന്ന പാടുകൾ, പേശി വേദന, സന്ധി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

Top