അമ്മയുടെ കണ്ണീരില്‍ മനസലിഞ്ഞു; ഭീകര സംഘടനയില്‍ ചേര്‍ന്ന യുവാവ് തിരികെയെത്തി

ശ്രീനഗര്‍: അമ്മമാരുടെ കണ്ണീരില്‍ അലിയാത്ത മക്കള്‍ വളരുന്ന കാലമാണിന്ന്. പ്രായമായ അച്ഛനമ്മമാരെ വൃദ്ധ സദനത്തിലാക്കുന്ന കാലം. എന്നാലും പലയിടത്തും പ്രകാശത്തിന്റെ കിരണങ്ങള്‍ കാണുവാന്‍ കഴിയും. അമ്മമാരുടെ കണ്ണീരില്‍ അലിയുന്ന കഠിന ഹൃദയങ്ങളും ഉണ്ടെന്നതാണ് ശ്രീനഗറില്‍ നിന്നുള്ള ഈ വാര്‍ത്ത പറയുന്നത്.

ലഷ്‌കറെ തയിബയില്‍ ചേര്‍ന്ന യുവ ഫുട്‌ബോള്‍ താരം അമ്മയുടെ സങ്കടക്കണ്ണീരില്‍ മനസ്സലിഞ്ഞ് പൊലീസിനു മുന്നില്‍ കീഴടങ്ങി. ഒരാഴ്ചമുന്‍പായിരുന്നു മജീദ് ഖാന്‍ (20) ഭീകരസംഘടനയായ ലഷ്‌കറെ തയിബയില്‍ ചേര്‍ന്നത്. പിന്നാലെ, തോക്കുകളേന്തി മജീദ് നില്‍ക്കുന്ന ചിത്രവും പുറത്തുവന്നു. വാര്‍ത്ത അറിഞ്ഞ മാതാവു കരഞ്ഞുകൊണ്ടു മകനോടു തിരിച്ചുവരാന്‍ അഭ്യര്‍ഥിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ വൈറലായതിനെത്തുടര്‍ന്നു നിരവധിപ്പേര്‍ മജീദിനോടു തിരിച്ചുവരാന്‍ ആവശ്യപ്പെട്ടു. അമ്മയുടെ സങ്കടക്കണ്ണീരിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ഏകമകനായ മജീദിനു കഴിഞ്ഞില്ല. മടങ്ങിയെത്തി, പൊലീസിനു മുന്നില്‍ കീഴടങ്ങി.

‘ഞാനവനുവേണ്ടി കാത്തിരിക്കുകയാണ്, അവന്‍ തിരിച്ചെത്തണം. വീണ്ടും ഫുട്‌ബോള്‍ കളിക്കണം’ – മജീദിന്റെ അമ്മ ആയിഷ ബീഗം കരഞ്ഞു നിലവിളിച്ചുകൊണ്ട് വിഡിയോയില്‍ പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ച മുതലാണു മജീദിനെ കാണാതായത്.

അതിനിടെ, കുല്‍ഗാമില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ അകപ്പെട്ട ഭീകരരില്‍ മകനുമുണ്ടെന്ന വാര്‍ത്തയെത്തുടര്‍ന്നു മജീദിന്റെ പിതാവ് ഇര്‍ഷാദ് അഹമ്മദ് ഖാന് (59) ഹൃദയാഘാതം വന്നിരുന്നു. എന്നാല്‍ മറ്റു മൂന്നു തീവ്രവാദികളായിരുന്നു അതില്‍ ഉള്‍പ്പെട്ടിരുന്നതെന്ന് പിന്നീട് വ്യക്തമായി. സ്‌കൂള്‍തലം മുതല്‍ മജീദ് ഫുട്‌ബോള്‍ കളിക്കാരനാണ്. വീട്ടിലെ ഒരു ഷെല്‍ഫ് നിറയെ മജീദിനു ലഭിച്ച പുരസ്‌കാരങ്ങളാണ്. തെക്കന്‍ കശ്മീരിലെ അനന്ദ്‌നാഗിലെ പ്രാദേശിക ഫുട്‌ബോള്‍ ടീമിലെ ഗോളി കൂടിയാണ് മജീദ്.

Latest
Widgets Magazine