മാണിയെ മുന്നണിയിലെടുക്കണമെന്ന് ആവശ്യം സിപിഎമ്മില്‍ ശക്തം; ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി മന്ത്രിപദവി വരെ വച്ചുനീട്ടുന്നു

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പു വിജയം മുന്‍നിര്‍ത്തി കേരളാ കോണ്‍ഗ്രസി (എം)നെ ഇടതുമുന്നണിയിലെടുക്കണമെന്ന ആവശ്യം സി.പി.എമ്മില്‍ ശക്തമാകുകയാണെന്ന് റിപ്പോര്‍ട്ട്. കെ.എം. മാണിക്കു ധനവകുപ്പ് പോലും വച്ചുനീട്ടാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളുടെ വിലയിരുത്തല്‍.

ഉപതെരഞ്ഞെടുപ്പിലെ സാധ്യതകളെപ്പറ്റി ഇന്റലിജന്‍സ് ബ്യൂറോ തയാറാക്കിയ റിപ്പോര്‍ട്ടിലാണിത്. സി.പി.ഐയുടെയും സ്വന്തം പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെയും എതിര്‍പ്പ് അവഗണിച്ച് സി.പി.എം. മാണിയെ ഉള്‍ക്കൊള്ളുമെന്ന് ഉറപ്പിക്കാനാകില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സി.പി.ഐയുടെ എതിര്‍പ്പ് അവഗണിച്ചും മാണിയുടെ മുന്നണിപ്രവേശവുമായി സി.പി.എം. മുന്നോട്ടുപോകുന്നത് ഇപ്പോഴത്തെ രാഷ്ട്രീ സാഹചര്യം പരിഗണിച്ചാണെന്നു രഹസ്യ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
മാണിയുടെ പ്രവേശനം എല്‍.ഡി.എഫില്‍ ചര്‍ച്ചയാകുന്നതുപോലും നല്ലൊരു ചുവടുവയ്പാണെന്നാണു സി.പി.എം. കരുതുന്നതത്രേ.

ബാര്‍ കോഴക്കേസ് നേരിട്ട മാണിയെ ബജറ്റ് അവതരിപ്പിക്കുന്നതില്‍നിന്നു തടഞ്ഞ തങ്ങള്‍ ഇനിയെങ്ങനെ മാണിയുടെ ബജറ്റവതരണത്തിനു കൈയടിക്കുമെന്നു സി.പി.എമ്മിനുള്ളില്‍നിന്നുതന്നെ ചോദ്യമുയരുന്നുണ്ട്. എന്നാല്‍ അറ്റകൈയ്ക്കു മാണിയെ മുന്നണിയിലെടുക്കാതെ രക്ഷയില്ലെന്ന സ്ഥിതിയിലേക്കാണു കാര്യങ്ങള്‍ നീങ്ങുന്നത്. ചെങ്ങന്നൂരിലെ തോല്‍വി അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു പ്രതിഫലിക്കുമെന്ന് ഇവരും സമ്മതിക്കുന്നു.

ധനവകുപ്പ് എന്നതിലപ്പുറമൊരു പ്രലോഭനം മാണിക്കു മുന്നില്‍ വയ്ക്കാനില്ല. എന്നാല്‍ തോമസ് ഐസക്കിനെ മാറ്റി മാണിയെ ധനമന്ത്രിയാക്കുന്നതു സി.പി.എമ്മിനുള്ളില്‍ വലിയ അസ്വസ്ഥതയ്ക്ക് ഇടയാക്കും. അതിനാല്‍ മകന്‍ ജോസ് കെ മാണിയെ മന്ത്രിസഭയിലെടുത്ത് മറ്റൊരു വകുപ്പു നല്‍കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. ചെങ്ങന്നൂരിലെ ജയസാധ്യത കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആരെന്നതിനെക്കൂടി ആശ്രയിച്ചിരിക്കുമെന്നതിനാല്‍ മാണിയുടെ കാര്യത്തില്‍ തീരുമാനം സാവകാശം മതിയെന്ന അഭിപ്രായവും സി.പി.എമ്മില്‍ ഉയര്‍ന്നിട്ടുണ്ട്.

ചെങ്ങന്നൂര്‍ മാത്രം ലക്ഷ്യമിട്ട് മാണിയെ ഒപ്പംകൂട്ടി സി.പി.ഐയെ പിണക്കേണ്ടെന്ന വാദവുമുണ്ട്. വേങ്ങര ഉപതെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ അന്വേഷണം പ്രഖ്യാപിച്ച് പുലിവാലു പിടിച്ചതിന്റെ ക്ഷീണം ഇപ്പോഴും തീര്‍ന്നിട്ടില്ല. സോളാറില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ കഴിയാത്തതിന്റെ കോട്ടം സര്‍ക്കാരിനെ വേട്ടയാടുകയാണ്.

Top