സനല്‍ കൊലക്കേസ്; മൂന്നാറില്‍ നിന്ന് ഹരികുമാര്‍ വീട്ടില്‍ വന്നത് പോലീസ് അറിഞ്ഞില്ല? വീഴ്ച മറയ്ക്കാന്‍ പോലീസിന് തുണയായി ആത്മഹത്യ

മൈഥിലി ബാല

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വാഹന പാര്‍ക്കിംഗുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് വാഹനത്തിന് മുന്നിലേക്ക് സനലെന്ന യുവാവിനെ തള്ളിയിട്ട് കൊന്ന ഡിവൈഎസ്പി ഹരികുമാറിനെ ഇന്ന് രാവിലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കല്ലമ്പലം വെയിലൂരിലെ നന്ദാവനമെന്ന വീട്ടില്‍ ഇന്ന് രാവിലെ പത്തരയോടെയാണ് ചായ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയുടെ അമ്മയാണ് കണ്ടത്. എന്നാല്‍ ഹരികുമാര്‍ തമിഴ്‌നാട്ടിലും പിന്നീട് മൂന്നാറിലുമൊക്കെയായി ഒളിവില്‍ കഴിയുകയാണെന്ന പോലീസിന്റെ വാദം സംശയത്തിന്റെ നിഴലില്‍ വരികയാണ്.

കഴിഞ്ഞ അഞ്ചിനാണ് റോഡരികിലെ തര്‍ക്കത്തെത്തുടര്‍ന്ന് നെയ്യാറ്റിന്‍കര സ്വദേശി സനല്‍ കൊല്ലപ്പെടുന്നത്. സനല്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഹരികുമാര്‍ ഒളിവില്‍ പോയിയെന്നാണ് ആദ്യം പോലീസ് പറഞ്ഞത്. തമിഴ്‌നാട്ടിലേക്ക് കടക്കുന്നതിന് മുമ്പായി തൃപ്പരപ്പിലെത്തിയെന്നും ലോഡ്ജില്‍ താമസിച്ചുവെന്നും വാര്‍ത്തകള്‍ വന്നു. ഇതുമായി ബന്ധപ്പെട്ട് ലോഡ്ജ് ഉടമയെയും പോലീസ് ചോദ്യം ചെയ്തിരുന്നു. പിന്നീട് ഇയാള്‍ മൂന്നാറിലേക്ക് കടന്നുകളഞ്ഞതായും വാര്‍ത്തകള്‍ വന്നു. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് സനലിന്റെ ഭാര്യയും ബന്ധുക്കളും പരാതിപ്പെടുകയും പോലീസ് അന്വേഷണത്തിനെതിരെ വ്യാപകമായി പ്രതിഷേധമുയരുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് കേസ് അന്വേഷണത്തിന്റെ ചുമതല ഐജി ശ്രീജിത്തിന് നല്‍കിയതും.

ഇത്രയേറെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നപ്പോഴും കേസന്വേഷണത്തില്‍ പോലീസ് അനാസ്ഥ കാണിച്ചുവെന്നതിന്റെ തെളിവാണ് ഹരികുമാറിന്റെ ആത്മഹത്യ. പോലീസ് അന്വേഷിക്കുന്ന ഒരു കുറ്റവാളിയാണ് ഹരികുമാര്‍. ഹരികുമാറിനായി തെരച്ചില്‍ ഊര്‍ജിതമാക്കിയെന്നും മറ്റും പറയുമ്പോഴും ഹരികുമാറിന്റെ വീട് പോലീസ് നിരീക്ഷണത്തില്‍ അല്ലായിരുന്നു എന്നത് തള്ളിക്കളയാനാകില്ല. ഹരികുമാര്‍ സ്ഥിരമായി താമസിക്കാറുള്ള വീടല്ല കല്ലമ്പലത്തുള്ള വീട്..എങ്കില്‍ക്കൂടിയും അന്വേഷണത്തിന്റെ ഭാഗമായി ഒരു ഉദ്യാഗസ്ഥന്‍ പോലും അവിടെ പോകുകയോ നിരീക്ഷിക്കുകയോ ചെയ്തിട്ടില്ല.

അവിടെ നിരീക്ഷണത്തിനായി ആരെയും നിയോഗിച്ചതുമില്ലെന്നത് പോലീസിന് പറ്റിയ വീഴ്ചയാണ്. മൂന്നാറില്‍ നിന്നും പോലീസിന്റെ കണ്ണ് വെട്ടിച്ച് ഹരികുമാറിന് കല്ലമ്പലത്ത് എത്താന്‍ കഴിഞ്ഞതെങ്ങനെ? ഹരികുമാര്‍ മൂന്നാറില്‍ പോയിട്ടുണ്ടോ എന്നതിന് പോലും ഉറപ്പ് പറയാന്‍ പോലീസിനായിട്ടില്ല. ഹരികുമാറിന്റെ ആത്മഹത്യയോടെ അയാളെ പിടികൂടേണ്ട ബുദ്ധിമുട്ടില്‍ നിന്നും പോലീസ് രക്ഷപ്പെട്ടിട്ടുണ്ട്. ഇതോടെ അന്വേഷണത്തിലെ അപാകതകള്‍ മറയ്ക്കാന്‍ പോലീസിനായി. വീഴ്ചകള്‍ മറയക്കാന്‍ കഷ്ടപ്പെട്ട പോലീസിന് ഇത് വീണു കിട്ടിയൊരു അവസരം മാത്രമായി.

Latest
Widgets Magazine