ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു! 4 പേർ അറസ്റ്റിൽ..

കോഴിക്കോട് : ശീതളപാനീയത്തിൽ മയക്കുമരുന്ന്‌ കലർത്തി നൽകി പതിനേഴുകാരിയായ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത നാലുപേർ പിടിയിലായി. മരുതോങ്കര പഞ്ചായത്തിലെ അടുക്കത്ത് പാറച്ചാലിൽ ഷിബു (24), മൊയിലോത്ര തെക്കെ പറമ്പത്ത് സായൂജ് (24), മൊയിലോത്ര തമഞ്ഞിമ്മൽ രാഹുൽ (22), ആക്കൽ പാലോളിൽ അക്ഷയ് (22) എന്നിവരെയാണ് നാദാപുരം എഎസ്‌പി നിതിൻ രാജ് അറസ്‌റ്റ്‌ചെയ്‌തത്‌.

സായൂജും പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു. രണ്ടാഴ്ച മുൻപ് സായൂജ് പെൺകുട്ടിയെ ജാനകിക്കാട് വിനോദസഞ്ചാര കേന്ദ്രത്തിലെത്തിക്കുകയും പിന്നാലെ എത്തിയ സുഹൃത്തുക്കളായ മറ്റുള്ളവരുമായി ചേർന്ന് പീഡിപ്പിക്കുകയുമായിരുന്നു. ശീതളപാനീയത്തിൽ ലഹരി ചേർത്ത് കുടിക്കാൻ നൽകിയതായും ഇതിന് ശേഷമാണ് പീഡനം നടത്തിയതെന്നും പെൺകുട്ടി മൊഴി നൽകിയതായി പൊലീസിന് പറഞ്ഞു.

കഴിഞ്ഞ ദിവസം വീട്ടിൽ നിന്ന് കുറ്റ്യാടി പുഴയോരത്ത് എത്തിയ പെൺകുട്ടിയെ കുറിച്ച് സംശയം തോന്നിയ നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പറഞ്ഞത്. തുടർന്ന് തൊട്ടിൽപാലം പൊലീസ് പ്രതികളെ രാത്രി തന്നെ കസ്റ്റഡിയിൽ എടുത്തു. ഇന്ന് കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കും.സംഭവം നടന്ന ജാനകിക്കാട്ടിലെത്തി തെളിവെടുപ്പ് നടത്തി. പ്രതികളെ വ്യാഴാഴ്ച കോഴിക്കോട് കോടതിയിൽ ഹാജരാക്കും. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം ആവശ്യമാണെന്നും ജാനകിക്കാട്ടിൽ നിരീക്ഷണം ശക്തമാക്കുമെന്നും എഎസ്‌പി പറഞ്ഞു.

Top