പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ബാരിക്കേഡില്‍ കെട്ടിയിരുന്ന കയര്‍ കഴുത്തില്‍ കുരുങ്ങി യുവാവ് മരിച്ചു

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണത്തിനിടെ യുവാവ് മരിച്ചു. റോഡിന് കുറുകെ വെച്ച ബാരിക്കേഡില്‍ കെട്ടിയിരുന്ന കയര്‍ ശ്രദ്ധിക്കാതെ ബൈക്ക് ഓടിച്ച് പോയപ്പോള്‍ കയര്‍ കഴുത്തില്‍ കുരുങ്ങിയാണ് യുവാവ് മരിച്ചത്. നന്തന്‍കോട് നളന്ദറോഡില്‍ ഹൗസ് നമ്പര്‍ 11960 എന്‍.എന്‍.ആര്‍.എ 106ല്‍ റോബിന്‍സണ്‍ ഡേവിഡിന്റെ മകന്‍ റെനി റോബിന്‍സനാണ് (21) മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് കവടിയാര്‍ മന്‍മോഹന്‍ ബംഗ്ലാവിന് സമീപത്ത് വെച്ചായിരുന്നു അപകടം നടന്നത്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്നലെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വാഹനങ്ങള്‍ കടന്നുപോകാതിരിക്കാന്‍ ബാരിക്കേഡിന് കുറുകെ കയര്‍ കെട്ടിയിരുന്നു. എന്നാല്‍ റെനി ഇത് ശ്രദ്ധിക്കാതെ ബൈക്ക് ഓടിച്ച് വരികയായിരുന്നു. കയറില്‍ കുടുങ്ങി കഴുത്ത് പകുതിയോളം മുറിഞ്ഞ് മാറിയ നിലയിലാണ് റെനിയെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചത്. അതേസമയം രണ്ട് സ്ഥലത്ത് വെച്ച് കൈ കാണിച്ചിട്ടും യുവാവ് ബൈക്ക് നിര്‍ത്താതെ പോകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ചെക്കിങ്ങ് ആണെന്ന് കരുതി സ്പീഡില്‍ ബൈക്ക് ഓടിച്ച് പോയപ്പോഴാണ് അപകടം നടന്നതെന്നും പൊലീസ് പറഞ്ഞു.

Top