ബിജെപി ജനാധിപത്യത്തെ പരിഹസിക്കുകയാണ്: താമരയെ തള്ളി രൂക്ഷ വിമര്‍ശനവുമായി രജനികാന്ത്

ബാംഗലൂരു: കര്‍ണ്ണാടകയില്‍ ബിജെപി കളിച്ച രാഷ്ട്രീയ നാടകത്തിനെതിരെ ആഞ്ഞടിച്ച് സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത്. അടുത്ത ലോക്‌സഭാ ഇലക്ഷനില്‍ രജനിയുടെ പാര്‍ട്ടി ബിജെപിക്കൊപ്പം നില്‍ക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് രൂക്ഷ വിമര്‍ശനവുമായി താരം രംഗത്തെത്തിയത്.
കര്‍ണാടകയില്‍ കഴിഞ്ഞ ദിവസം സംഭവിച്ചതു ജനാധിപത്യത്തിന്റെ വിജയമാണെന്ന് രജനികാന്ത് പറഞ്ഞു. ചെന്നൈയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവര്‍ണറുടെ നടപടി ജനാധിപത്യത്തെ പരിഹസിക്കലാണെന്നും ജനാധിപത്യത്തിന്റെ മൂല്യം ഉയര്‍ത്തിയ സുപ്രീംകോടതിയോട് നന്ദിയുണ്ടെന്നും രജനികാന്ത് പറഞ്ഞു. കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാഹചര്യമുണ്ടെന്നും പിന്തുണയുണ്ടെന്നും ഭൂരിപക്ഷമുണ്ടെന്നും ജനതാദളും കോണ്‍ഗ്രസും ചേര്‍ന്ന് വ്യക്തമാക്കിയി്ട്ടും അതിനെ തള്ളി ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച നടപടിയെ വിമര്‍ശിക്കുന്ന പരാമര്‍ശമാണ് രജനി നടത്തിയത്.

സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ബിജെപി കൂടുതല്‍ സമയം ആവശ്യപ്പെട്ടതും ഗവര്‍ണര്‍ 15 ദിവസം നല്‍കിയതും ജനാധിപത്യത്തെ കളിയാക്കുന്നതിനു തുല്യമായിരുന്നു. വിഷയത്തില്‍ ജനാധിപത്യത്തെ സംരക്ഷിക്കുന്ന വിധി പുറപ്പെടുവിച്ചതിന് സുപ്രീം കോടതിയോട് നന്ദി പറയുന്നു- രജനീകാന്ത്് ഇങ്ങനെ പ്രതികരിച്ചതോടെ താന്‍ ബിജെപിക്ക് ഒപ്പമല്ലെന്ന പ്രഖ്യാപനം കൂടിയായി അത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമോയെന്നതില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്ക് ഇതുവരെ രൂപം നല്‍കിയിട്ടില്ല. പക്ഷേ എന്തും നേരിടാന്‍ സജ്ജമാണെന്നും ഏതെങ്കിലും മുന്നണിയുമായി സഖ്യം രൂപീകരിക്കണോ എന്ന കാര്യത്തില്‍ അഭിപ്രായം പറയാറായിട്ടില്ലെന്നും രജനി വ്യക്തമാക്കി.

കര്‍ണാടകയിലെ ബിജെപിയുടെ കാട്ടികൂട്ടലുകളെ പരിഹസിച്ച് നേരത്തെ പ്രകാശ് രാജും രംഗത്തെത്തിയിരുന്നു. രജനി, കമല്‍ഹാസന്‍, പ്രകാശ് രാജ് എന്നിവര്‍ തമിഴകത്ത് ജയലളിതയുടെ മരണത്തിന് പിന്നാലെ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കി രംഗത്തെത്തിയവരാണ്. ഇതില്‍ കമല്‍ഹാസന്‍ താന്‍ സോഷ്യലിസ്റ്റ് – ഇടത് പാതയിലാണെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

പ്രകാശ് രാജും ബിജെപി വിരുദ്ധ സമീപനമാണ് സ്വീകരിച്ചിരുന്നത്. രജനിയാകട്ടെ ബിജെപിക്കൊപ്പം നിന്നേക്കുമെന്ന സൂചനകളാണ് നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ കര്‍ണാടകയോടെ സ്ഥിതി മാറി. രജനിയും ബിജെപി നിലപാടിനെ അപലപിച്ച് രംഗത്തെത്തുന്നു. ഇതോടെ തമിഴകത്ത് ബിജെപിക്ക് വലിയ പ്രതീക്ഷ വേണ്ടെന്ന സൂചനകളാണ് ലഭിക്കുന്നത്.

Top