സോളാർ; ഉമ്മൻ ചാണ്ടിക്കും തിരുവഞ്ചൂരിനും എതിരേ കേസ്

സോളാർ കേസുമായി ബന്ധപ്പെട്ട ജൂഡീഷൽ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരേ വിജിലൻസ് കേസെടുക്കാൻ സർക്കാർ തീരുമാനിച്ചു. കേസ് അന്വേഷിച്ച ജസ്റ്റീസ് ജി.ശിവരാജൻ കമ്മീഷന്‍റെ റിപ്പോർട്ട് പരിഗണിച്ച ശേഷം ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ രക്ഷിക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ പോലീസിനെ ഉപയോഗിച്ച് ശ്രമിച്ചുവെന്ന കമ്മീഷൻ കണ്ടെത്തലിനെ തുടർന്ന് അദ്ദേഹത്തിനെതിരേ ക്രിമിനൽ കേസെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. തിരുവഞ്ചൂർ അന്ന് ആഭ്യന്തരമന്ത്രിയായിരുന്നു. സോളാർ ഇടപാടുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്ന കോൺഗ്രസ് നേതാക്കളായ തന്പാനൂർ രവി, മുൻ എംഎൽഎ ബെന്നി ബെഹനാൻ എന്നിവർക്കെതിരേയും ക്രിമിനൽ കേസെടുക്കും. ഉമ്മൻ ചാണ്ടിയും അദ്ദേഹത്തിന്‍റെ പഴ്സണൽ സ്റ്റാഫ് അംഗങ്ങളും സരിത നായരിൽ നിന്നു നേരിട്ടു പണം കൈപ്പറ്റിയതായാണ് കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്. അഴിമതി നിരോധന നിയമം എഴ്, എട്ട്, ഒൻപത്, പതിമൂന്ന് വകുപ്പുകൾ പ്രകാരം ഉമ്മൻ ചാണ്ടിക്കെതിരെ കേസെടുക്കാമെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചു. അതിനാൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസെടുത്ത് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജനങ്ങളെ കബളിപ്പിക്കാൻ യുഡിഎഫ് സർക്കാർ കൂട്ടുനിന്നുവെന്നും ഉമ്മൻ ചാണ്ടിയും പഴ്സണൽ സ്റ്റാഫ് അംഗങ്ങളും തട്ടിപ്പിന് സഹായം നൽകിയെന്ന ഗുരുതര കുറ്റവുമാണ് കമ്മീഷൻ കണ്ടെത്തിയത്. സോളാർ കേസ് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിനെതിരേയും ഗുരുതര കുറ്റങ്ങളാണ് കമ്മീഷൻ ചുമത്തിയിരിക്കുന്നത്. ശ​രി​യാ​യ രീ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​തി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഡിജിപി എ.ഹേമചന്ദ്രൻ എഡിജിപി കെ.​പ​ത്മ​കു​മാ​ർ, മു​ൻ പെ​രു​ന്പാ​വൂ​ർ ഡി​വൈ​എ​സ്പി ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ വ​കു​പ്പ് ത​ല ന​ട​പ​ടി​യെ​ടുക്കും. ഹേമചന്ദ്രനെയും പത്മകുമാറിനെയും സർക്കാർ മാറ്റുകയും ചെയ്തിട്ടുണ്ട്.

Top