കരുത്തുറ്റ വേഷവുമായി അമല പോള്‍; ആടൈ ട്രയിലര്‍ ശ്രദ്ധയാകര്‍ഷിക്കുന്നു

അമല പോള്‍ കേന്ദ്രകഥാപാത്രമാകുന്ന ‘ആടൈ’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നു. ട്രെയിലറിലെ അല്‍പ്പസമയത്തെ പ്രകടനം കൊണ്ടാണ് അമലപോള്‍ സിനിമാ ലോകത്ത്െ ഞെട്ടിച്ചിരിക്കുന്നത്. തെന്നിന്ത്യയിലെ മുന്‍നിര നായികമാര്‍ ചെയ്യാന്‍ മടിക്കുന്ന കഥാപാത്രമാണ് ചിത്രത്തില്‍ അമലയുടേത്.

കാണാതായ ഒരു പെണ്‍കുട്ടിയുടെ റോളാണ് അമലയുടേതെന്ന് കരുതാവുന്ന വിധത്തിലാണ് ട്രെയിലര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഒരു ആക്രമണം നേരിട്ടതിന് ശേഷമുള്ള രംഗങ്ങളാണ് കാണിക്കുന്നത്. അര്‍ദ്ധനഗ്നയായാണ് നടി ഇതില്‍ പ്രത്യേക്ഷപ്പെടുന്നത്. കരണ്‍ ജോഹറാണ് ടീസര്‍ റിലീസ് ചെയ്തത്.

അമല പോളിന്റെ കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷമാകും ആടൈയിലേത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. ടോയ്‌ലറ്റ് പേപ്പര്‍ ദേഹത്ത് ചുറ്റി, മുഖത്തും ശരീരത്തിലും രക്തക്കറകളുമായി പേടിച്ച് കരയുന്ന കഥാപാത്രമായാണ് അമല പ്രത്യക്ഷപ്പെട്ടത്. സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് ആണ്. വയലന്‍സ് രംഗങ്ങളുടെ അതിപ്രസരമാണ് എ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കാരണമായത്.

ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം രത്‌നകുമാറാണ് സംവിധാനം ചെയ്യുന്നത്. കാമിനി എന്ന കഥാപാത്രത്തെയാണ് അമല പോള്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥകേട്ട് മറ്റ് പ്രോജക്ടുകള്‍ വേണ്ടെന്നു വച്ചിട്ടാണ് ആടൈ സ്വീകരിച്ചതെന്ന് നേരത്തെ അമല പോള്‍ പറഞ്ഞിരുന്നു.

ചിത്രത്തെക്കുറിച്ച് അമല മുമ്പ് പറഞ്ഞത്-‘ആടൈ അസാധാരണമായ തിരക്കഥയാണ്. മനുഷ്യവികാരങ്ങളുടെ പല അവസ്ഥാന്തരങ്ങളെ അഭിനേതാവ് എന്ന നിലയില്‍ ഈ ചിത്രത്തിലൂടെ കൊണ്ടുവരാനാകും. കാമിനി എന്നാണ് ഞാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ആ കഥാപാത്രത്തിന്റെ സങ്കീര്‍ണതയില്‍ എനിക്ക് മാത്രമല്ല സുഹൃത്തുക്കള്‍ക്കും പരിഭ്രമമുണ്ട്.’

‘രത്നകുമാറിന്റെ മേയാതമാന്‍ എന്ന സിനിമ കണ്ടതിന് ശേഷമാണ് എന്റെ ആത്മവിശ്വാസം വര്‍ധിച്ചത്. അദ്ദേഹത്തിന്റെ കഥാപാത്രശൈലിയിലും ആവിഷ്‌കാരത്തിലും വിശ്വാസമുണ്ട്.’-അമല പോള്‍ പറഞ്ഞു.

കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഗായകന്‍ പ്രദീപ് കുമാറാണ്. വി. സ്റ്റുഡിയോസ് നിര്‍മാണം.

Top