കേരളത്തില്‍ ഭരണത്തുടര്‍ച്ചയെന്ന് എബിപി- സീ വോട്ടര്‍ സര്‍വേ.എല്‍ഡിഎഫിന് 83 മുതല്‍ 91 സീറ്റ് വരെ ലഭിക്കും.കോൺഗ്രസ് തകർന്നടിയും.തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യം അധികാരത്തിലെത്തും

ന്യുഡൽഹി: പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതുമുന്നണി വീണ്ടും കേരളത്തിൽ ഭരിക്കും.ഇടതുമുന്നണിക്ക് ഭരണത്തുടര്‍ച്ചയെന്ന് എബിപി- സീ വോട്ടര്‍ സര്‍വേ ഫലം പുറത്ത് വന്നു . യുഡിഎഫ് 47-55 സീറ്റില്‍ ഒതുങ്ങുമെന്നും ബിജെപിയ്ക്ക് 0-2 സീറ്റ്, മറ്റുള്ളവര്‍ക്ക് 0-2 സീറ്റ് എന്നിങ്ങനെയാകും സീറ്റ് നിലയെന്നും സര്‍വേ ഫലം പറയുന്നു.കേരളത്തില്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വരുമെന്നാണ് എബിപി -സീ വോട്ടര്‍ സര്‍വേ ഫലം പ്രവചിച്ചത് അതേസമയം തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യം അധികാരത്തിലെത്തുമെന്നും സര്‍വേ പ്രവചിക്കുന്നു.

നേരത്തെ ഇടതുപക്ഷത്തിന്റെ തുടർഭരണം ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ പ്രീ പോൾ സർവേ പ്രവചിച്ചിരുന്നു .എൽഡിഎഫ് 72 മുതൽ 78 സീറ്റ് വരെ നേടി ഭരണം തുടരുമ്പോൾ യുഡിഎഫ് 59 മുതൽ 65 സീറ്റ് വരെ നേടി കൂടുതൽ കരുത്തോടെ പ്രതിപക്ഷത്ത് ഇരിക്കും. എൻഡിഎ മൂന്ന് മുതൽ ഏഴ് സീറ്റ് വരെ നേടുമെന്നും പ്രീ പോൾ സർവേ പ്രവചിക്കുന്നു.

സോളാർ കേസ് ഉമ്മൻചാണ്ടിയുടെ സാധ്യതകൾക്ക് തിരിച്ചടിയാകുമെന്ന സൂചനയാണ് ഏഷ്യാനെറ്റ് സീഫോർ സർവ്വേ ഫലം വ്യക്തമാക്കുന്നത്.തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ തുടർന്നായിരുന്നു അധികാരം തിരിച്ച് പിടിക്കുകയെന്ന ലക്ഷ്യത്തോടെ ഹൈക്കമാന്റ് ഇടപെട്ട് ഉമ്മൻചാണ്ടിയെ അധ്യക്ഷനാക്കി തിരഞ്ഞെടുപ്പ് മേൽനോട്ട സമിതി രൂപീകരിക്കുകയും പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തത്. എന്നാൽ 2016 ന് സമാനമായി സോളാർ കേസ് ഇത്തവണയും ഉമ്മൻചാണ്ടിക്ക് ദോഷമാകുമെന്ന സൂചനയാണ് ഏഷ്യാനെറ്റ് ന്യൂസ് സർവ്വേ നൽകുന്നത്.കേസ് സിബിഐക്ക് വിട്ട നടപടി എൽഡിഎഫിന് ഗുണം ചെയ്യുമെന്നാണ് സർവ്വേ സൂചിപ്പിക്കുന്നത്. കേസ് സിബിഐക്ക് വിട്ട നടപടി ശരിയാണെന്ന് സർവ്വേയിൽ പങ്കെടുത്ത 42 ശതമാനം പേർ അഭിപ്രായപ്പെട്ടു. എന്നാല്‍ 34 ശതമാനം പേര്‍ അല്ല എന്നും 24 ശതമാനം പേര്‍ പറയാന്‍ കഴിയില്ലെന്നും സർവ്വേയിൽ വ്യക്തമാക്കി.

തെക്കൻ കേരളത്തിൽ ഇടതുമുന്നണി 41 ശതമാനം വോട്ടോടെ 24 മുതൽ 26 സീറ്റ് വരെ നേടും. യുഡിഎഫിന് 12 മുതൽ 14 സീറ്റേ ഇവിടെ ലഭിക്കൂ. 37 ശതമാനമാണ് വോട്ട് വിഹിതം പ്രവചിച്ചിരിക്കുന്നത്. എൻഡിഎക്ക് 20 ശതമാനം വോട്ട് വിഹിതം ലഭിക്കുമെന്നും ഒന്ന് മുതൽ രണ്ട് വരെ സീറ്റ് നേടാനാവുമെന്നും പ്രവചിക്കുന്നുണ്ട്.

ആരായിരിക്കണം കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രിയെന്ന ചോദ്യത്തിൽ സർവേയിൽ പങ്കെടുത്ത 39 ശതമാനം പേരും നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് തന്നെ പറഞ്ഞു. ഉമ്മൻചാണ്ടി മതിയെന്ന് 18 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ ഒൻപത് ശതമാനം പേരുടെ പിന്തുണയോടെ ശശി തരൂർ മൂന്നാമതെത്തി. ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ ഏഴ് ശതമാനം പേരുടെ പിന്തുണ തേടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ആറ് ശതമാനം പേരുടെ വീതം പിന്തുണയാണ് ലഭിച്ചത്. മുല്ലപ്പള്ളി രാമചന്ദ്രന് നാല് ശതമാനം പേരുടെയും പികെ കുഞ്ഞാലിക്കുട്ടിക്ക് രണ്ട് ശതമാനം പേരുടെയും പിന്തുണ ലഭിച്ചു. മറ്റുള്ളവരുടെ പേരുകൾ നിർദ്ദേശിച്ചത് ഒൻപത് ശതമാനം പേരാണ്.

വടക്കൻ കേരളത്തിൽ വ്യക്തമായ ആധിപത്യം ഇടതുമുന്നണി നിലനിർത്തുമെന്നാണ് ഫലം. 43 ശതമാനം വോട്ടോടെ 32 മുതൽ 34 വരെ സീറ്റ് ഇടതുപക്ഷം നേടും. യുഡിഎഫിന് 39 ശതമാനം വോട്ട് ലഭിക്കുമെങ്കിലും 24 മുതൽ 26 വരെ സീറ്റാണ് ലഭിക്കുക. എൻഡിഎ 17 സീറ്റ് വരെ നേടാം. രണ്ട് മുതൽ നാല് വരെ സീറ്റ് ലഭിച്ചേക്കാമെന്നും പ്രീ പോൾ സർവേ പ്രവചിക്കുന്നു. തൃശ്ശൂർ മുതൽ കോട്ടയം വരെയുള്ള മധ്യകേരളത്തിൽ എൽഡിഎഫിന് ഇക്കുറി 16 മുതൽ 18 സീറ്റ് വരെ മാത്രമേ ലഭിക്കൂവെന്നാണ് ഫലം. യുഡിഎഫ് നേട്ടമുണ്ടാക്കും, 23 മുതൽ 25 സീറ്റ് വരെ സീറ്റ് നേടും. ഇടതുമുന്നണിക്ക് 39 ശതമാനവും യുഡിഎഫിന് 42 ശതമാനവും വോട്ട് വിഹിതവും സർവേ പ്രവചിക്കുന്നു.

സംസ്ഥാനത്ത് 18 മുതൽ 25 വയസുവരെയുള്ളവരിൽ 41 ശതമാനം പേരുടെ പിന്തുണ യുഡിഎഫിനും 35 ശതമാനം പേരുടെ പിന്തുണ എൽഡിഎഫിനുമാണ്. എൻഡിഎയെ പിന്തുണക്കുന്നത് 21 ശതമാനം പേർ. 26 മുതൽ 35 വയസുവരെ പ്രായക്കാരിൽ 41 ശതമാനം പേർ ഇടതുമുന്നണിയെയും 38 ശതമാനം പേർ യുഡിഎഫിനെയും പിന്തുണക്കുന്നു. 19 ശതമാനം പേർ എൻഡിഎ അനുകൂല നിലപാടുകാരാണ്. 36 നും 50നും ഇടയിൽ പ്രായമുള്ളവരിൽ 40 ശതമാനം പേർ എൽഡിഎഫിന് ഒപ്പമാണ്. 39 ശതമാനം പേർ യുഡിഎഫിന് ഒപ്പമാണ്. 17 ശതമാനം പേർ എൻഡിഎയ്ക്ക് ഒപ്പം. 50 വയസിന് മുകളിൽ പ്രായമുള്ളവരിൽ 46 ശതമാനം പേരുടെ പിന്തുണ എൽഡിഎഫിനും 40 ശതമാനം പേരുടെ പിന്തുണ യുഡിഎഫിനും 12 ശതമാനം പേരുടെ പിന്തുണ എൻഡിഎയ്ക്കുമാണ്.

മുഖ്യമന്ത്രിക്ക് സ്വർണക്കടത്ത് കേസിൽ പങ്കില്ലെന്ന് 51 ശതമാനം പേരും വിശ്വസിക്കുന്നു. തന്റെ ഓഫീസിനെ നിയന്ത്രിക്കുന്നതിൽ മുഖ്യമന്ത്രി പരാജയപ്പെട്ടില്ലെന്ന് കരുതുന്നത് 45 ശതമാനം പേരാണ്. സോളാർ കേസ് സിബിഐക്ക് വിട്ട നിലപാട് ശരിയെന്ന് 42 ശതമാനം പേർ അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവിന്റെ പ്രവർത്തനത്തിന് പത്തിൽ 5.2 മാർക്കാണ് രമേശ് ചെന്നിത്തലയ്ക്ക് സർവേയിൽ പങ്കെടുത്തവർ നൽകിയത്.

എൽഡിഎഫ് സർക്കാരിന്‍റെ ഏറ്റവും മികച്ച നേട്ടമായി 34 ശതമാനം പേർ സൗജന്യ ഭക്ഷ്യകിറ്റിനെ വിലയിരുത്തി. 27 ശതമാനം പേർ ക്ഷേമ പെൻഷനും 18 ശതമാനം പേർ കൊവിഡ് പ്രവർത്തനത്തിനും മാർക്കിട്ടു. എൽഡിഎഫ് സർക്കാരിന്‍റെ വലിയ പരാജയമായി 34 ശതമാനം പേരും ശബരിമല വിഷയമാണ് ഉയർത്തിക്കാട്ടിയത്. 29 ശതമാനം പേർ അടിസ്ഥാന സൗകര്യ വികസനം ഉയർത്തിക്കാട്ടി. പിഎസ്‌സി പരീക്ഷാ വിഷയം കൈകാര്യം ചെയ്ത രീതിയാണ് മോശമെന്ന് 16 ശതമാനം പേർ അഭിപ്രായപ്പെട്ടു. ഒൻപത് ശതമാനം പേർ തൊഴിലില്ലായ്മയാണ് കാരണമായി പറഞ്ഞത്.

Top