ഡ്രൈവറില്ലാതെ വണ്ടി കുതിച്ചു; നിയന്ത്രണം നഷ്ടപ്പെട്ടപ്പോള്‍ പിടിച്ച് നിര്‍ത്താനായി ഡ്രൈവറുടെ മരണയോട്ടം; വീഡിയോ

നിയന്ത്രണം നഷ്ടപ്പെട്ട് ഓടിയ വാഹനത്തെ പിടിക്കാന്‍ പിന്നാലെ ഡ്രൈവറുടെ മരണപ്പാച്ചില്‍. യുഎസ് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് കത്തുകളും പാഴ്‌സലുകളും വിതരണം ചെയ്യുന്ന ആള്‍ക്കാണ് ഈ ഗതികേടുണ്ടായത്. യുഎസിലെ ഒക്കല്‍ഹാമയിലുണ്ടായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡെലിവറി ബോയി ഓടിച്ചിരുന്ന വാഹനം റോഡിന്റെ അരികില്‍ ഇടിച്ചപ്പോഴാണ് വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ടത്. വാഹനത്തിന് ഡോറില്ലാത്തതിനാല്‍ ഡ്രൈവര്‍ തെറിച്ചു റോഡില്‍ വീണു. തുടര്‍ന്ന് വാഹനം വേഗത്തില്‍ മുന്നോട്ടുനീങ്ങി. ഇതുകണ്ട ഡ്രൈവര്‍ വാഹനത്തിന് പിന്നാലെ ഓടിയ ഓട്ടമാണ് വീഡിയോ പ്രചരിക്കാന്‍ കാരണമായത്. വാഹനം പിടിച്ചുനിര്‍ത്താന്‍ ഓടിയ വഴിയില്‍ ഡ്രൈവര്‍ മൂക്കും കുത്തി നിലത്ത് വീണു. ഇനിന് ശേഷവും അയാള്‍ ഓട്ടം തുടരാനുള്ള ശ്രമത്തിലാണെന്ന് വീഡിയോ ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. മുന്നോട്ട് പോയ വാഹനം ഒരു മരത്തില്‍ ഇടിച്ചാണ് നിന്നത്. എന്നാല്‍ അപകടത്തില്‍ ഡെലിവറി ബോയ്ക്ക് കാര്യമായ പരിക്കില്ല. ഇവിടെ സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് അപകടത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്.

Top