![](https://dailyindianherald.com/wp-content/uploads/2018/08/salim-kumar-munna.png)
പറവൂര്‍: നടന്‍ സലീം കുമാറും കുടുംബവും അയല്‍വാസികളും അടക്കം 30 പേര്‍ അദ്ദേഹത്തിന്റെ വസതിയില്‍ കുടുങ്ങിക്കിടക്കുന്നു. കൊടുങ്ങല്ലൂര്‍ പറവൂര്‍ ആലമ്മാവ് ജംഗ്ഷന് സമീപത്താണ് അദ്ദേഹത്തിന്റെ വീട്. എത്രയും വേഗം രക്ഷാപ്രവര്‍ത്തകരെ എത്തിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വീടിന്റെ ഒന്നാം നിലയില്‍ വെള്ളം കയറിയതിനാല്‍ മുകളിലത്തെ നിലയിലാണ് ഇപ്പോഴുള്ളത്. വേഗത്തില്‍ ജലനിരപ്പ് ഉയരുന്ന അവസ്ഥയാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടാം നിലയിലേക്ക് വെള്ളം കയറിതുടങ്ങിയാല്‍ ടെറസിലേക്ക് കയറേണ്ടി വരും. ടെറസ് ചെറുതായതിനാല്‍ ഇത്രയും ആളുകള്‍ക്ക് നില്‍ക്കാനാവില്ല. പ്രായമായ ആളുകള്‍ ഉള്‍പ്പെടെ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ ടെറസിലെത്തുക്കുക ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തന്റെ അച്ഛനും അമ്മയും ഉള്‍പ്പെടെ രണ്ടായിരത്തി അഞ്ഞൂറോളം പേര്‍ പൂവത്തുരുശി സെന്റ് ജോസഫ് പള്ളിയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് കരഞ്ഞ് പറഞ്ഞ് നടന്‍ മുന്ന രംഗത്തെത്തി. ഇതുവരെ അവിടെ സഹായവുമായി ആരും എത്തിയിട്ടില്ലെന്നും ഭക്ഷണമോ വെള്ളമോ അവര്‍ക്ക് ലഭിച്ചിട്ടില്ലെന്നും മുന്ന ഫെയ്സ്ബുക്ക് ലൈവിലൂടെ പറഞ്ഞു.
അച്ഛനും അമ്മയും പൂവത്തുശ്ശേരി സെയ്ന്റ് ജോസഫ് പള്ളിയില്‍ കുടുങ്ങി കിടക്കുകയാണ്. അവിടെ വെള്ളം കൂടിക്കൊണ്ടിരിക്കുകയാണ്. എന്ത് ചെയ്യണമെന്നറിയില്ല. ഇന്നലെ രാത്രി വരെ 300ലധികം ആളുകളാണ് മുന്‍പ് പള്ളിയില്‍ ഉണ്ടായിരുന്നത്. എന്നാലിപ്പോള്‍ അത് രണ്ടിയിരത്തിലധികമായി. ഇതുവരെ ഇവര്‍ക്ക് സഹായമെത്തിക്കാനായിട്ടില്ല. എന്തുകൊണ്ടോ മാധ്യമങ്ങള്‍ക്കും മറ്റു രക്ഷാ സംഘങ്ങള്‍ക്കും അവിടെ എത്താന്‍ കഴിഞ്ഞിട്ടില്ല. എന്ത് ചെയ്യണമെന്നറിയില്ല. ഭക്ഷണമോ വെള്ളമോ കറന്റോ ഫോണോ ഒന്നുമില്ല. പള്ളിയുടെ അകത്ത് മുഴുവന്‍ വെള്ളം കയറി. വളരെ ഭീകരമായ അവസ്ഥയാണ്.
ഇന്നെന്റെ അച്ഛന്റെ പിറന്നാളാണ്. പക്ഷെ എന്ത് പറയണമെന്നെനിക്കറിയില്ല. കഴിക്കാനുള്ള കുറച്ചു ഭക്ഷണമെങ്കിലും എത്തിക്കാന്‍ ശ്രമിക്കാനേ എനിക്കീ പിറന്നാളിന് കഴിയുള്ളൂ. ദയവ് ചെയ്ത് അവിടെയുള്ളവരെ രക്ഷിക്കാന്‍ സഹായിക്കണം .