പി ടി തോമസിന്റെ ആത്മാവിന് ഈ വിധിയില്‍ ഒരിക്കലും തൃപ്തിയുണ്ടാകില്ല.ഞാന്‍ ജീവനോടെയുള്ളതു വരെ മോള്‍ക്കൊപ്പം ഞാനുമുണ്ടാവും, ധീരമായി പോരാടണം, ഉപാധികളില്ലാതെ അവള്‍ക്കൊപ്പം മാത്രം: ഉമ തോമസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതി വിധിയില്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി ടി തോമസിന്റെ ആത്മാവിന് ഒരിക്കലും തൃപ്തിയുണ്ടാകില്ലെന്ന് ഉമ തോമസ് എംഎല്‍എ. ഉപാധികളോടെ അവള്‍ക്കൊപ്പം മാത്രമാണെന്നും ഉമ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.

”ഞാന്‍ ജീവനോടെയുള്ളതു വരെ മോള്‍ക്കൊപ്പം ഞാനുമുണ്ടാവും, ധീരമായി പോരാടണം. രാത്രി ഒന്‍പതരയോടെയാണ് എറണാകുളം നഗരത്തില്‍ മോളെപ്പോലെ ഒരാള്‍ക്കെതിരെ ഇതുണ്ടായത്. അപ്പോള്‍ നമ്മുടെ സാധാരണ പെണ്‍കുട്ടികളുടെ അവസ്ഥ ആലോചിച്ചിട്ടുണ്ടോ? ഏതറ്റംവരെ പോകാനും ഞാന്‍ ഒപ്പമുണ്ടാവും”

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ ആദ്യ ആറ് പ്രതികള്‍ കുറ്റക്കാരാണെന്നാണ് വിധി വന്നിരിക്കുന്നത്. എട്ടാം പ്രതി ദിലീപ് ഉള്‍പ്പെടെ ഏഴാം പ്രതി ചാര്‍ളി തോമസ്, ഒന്‍പതാം പ്രതി സനില്‍കുമാര്‍, പത്താം പ്രതി ശരത് ജി. നായര്‍ എന്നിവരെയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസ് വെറുതേ വിട്ടത്.

എത്രയോ തവണ അതിജീവിത പങ്കുവെച്ച ആശങ്കകള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും ഉമാ തോമസ് പ്രതികരിച്ചു.തെരുവില്‍ ആ പെണ്‍കുട്ടി അപമാനിതയായ വിവരമറിഞ്ഞ് രാത്രി ഈ വീട്ടില്‍ നിന്നാണ് പി ടി ഇറങ്ങിപ്പോയത്. തയ്യാറാക്കപ്പെട്ട തിരക്കഥകളെ തകര്‍ത്തത്. കോടതിക്ക് മുമ്പില്‍ മൊഴി കൊടുക്കാന്‍ പോയത്. അവള്‍ക്ക് നീതി തേടി ഗാന്ധി പ്രതിമക്ക് മുന്നില്‍ രാവും പകലും നിരാഹാരം കിടന്നത്. പി ടിയുടെ ആത്മാവ്, ഇന്നീ വിധിയില്‍ തൃപ്തമാകുമോ? ഒരിക്കലുമില്ല. കോടതി നടപടികള്‍ തുടരുമ്പോള്‍, എത്രയോ തവണ ആ കുട്ടി പങ്കുവെച്ച ആശങ്കകള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. ഉപാധികളില്ലാതെ അവള്‍ക്കൊപ്പം മാത്രം’, ഉമാ തോമസ് കുറിച്ചു.

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണഘട്ടത്തിലും സാക്ഷിവിസ്താരത്തിലും അതിജീവിതയ്ക്ക് ഏറ്റവും അനുകൂലമായി നിലപാടെടുത്തയാളായിരുന്നു പി ടി തോമസ്. നടിയെ ആക്രമിച്ച് സംഭവം നടക്കുമ്പോള്‍ തൃക്കാക്കര എംഎല്‍എയായിരുന്നു പി ടി തോമസ്. നടി ആക്രമിക്കപ്പെട്ടതിന് മണിക്കൂറുകള്‍ക്കം സംഭവങ്ങള്‍ അതിജീവിതയില്‍ നിന്ന് നേരിട്ട് മനസ്സിലാക്കുകയും പൊലീസിന് പരാതി നല്‍കാനുള്ള പിന്തുണ നല്‍കുകയും ചെയ്തത് പി ടി തോമസായിരുന്നു. ആക്രമണത്തിനിരയായ നടിയോട് സ്വന്തം മകളോടെന്ന പോലെ പെരുമാറുകയും, വാത്സല്യത്തോടെ ചേര്‍ത്തുപിടിക്കുകയുമാണ് പി ടി ചെയ്തത്.

പ്രതികള്‍ക്കുള്ള ശിക്ഷ ഈ മാസം 12 ന് വിധിക്കും. ഒന്നാം പ്രതി സുനില്‍ എന്‍.എസ് എന്ന പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി. മണികണ്ഠന്‍, നാലാം പ്രതി വി.പി. വിജീഷ്, അഞ്ചാം പ്രതി എച്ച്. സലിം എന്ന വടിവാള്‍ സലീം, ആറാം പ്രതി പ്രദീപ് എന്നിവരാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.

Top