അടൂര്‍ ഭാസിക്കെതിരെ തുറന്നു പറച്ചില്‍ നടത്തി പരാതികള്‍ കൊടുത്തു; ഇന്ന് തുറന്നു പറയുന്നവര്‍ക്കെതിരെ നില്‍ക്കുന്നു..കെപിഎസി ലളിത കഴിഞ്ഞ കാലം മറന്നുവോ?

പവിത്ര ജെ ദ്രൗപതി

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് കേരള ജനതയെയും മലയാള സിനിമയിലെ ‘താര രാജാക്കന്മാരെയും’ അവരുടെ പിന്താങ്ങികളെയും ഞെട്ടിച്ചുകൊണ്ട് ഡബ്ല്യു.സി.സി വാര്‍ത്താസമ്മേളനം നടത്തിയത്. മലയാള സിനിമാലോകത്തില്‍ നില്‍ക്കുന്ന പുരുഷ മേധാവിത്വവും താര സംഘടനയായ എഎംഎംഎ യുടെ പക്ഷപാതപരമായ നടപടികളും അന്ന് വാര്‍ത്താ സമ്മേളനത്തിലൂടെ പുറത്തുവരികയായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത സംഘടനയുടെ നിലപാടിനെതിരെ ഡബ്ല്യു.സി.സി പ്രതികരിച്ചത് താരസംഘടനയെ കുറച്ചൊന്നുമല്ല വലച്ചത്.

ഡബ്ല്യു.സി.സിയുടെ വാര്‍ത്താസമ്മേളനത്തിന് മറുപടിയായി എഎംഎംഎ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. സംഘടന സെക്രട്ടറി സിദ്ദിഖും കെപിഎസി ലളിതയുമാണ് മാധ്യമപ്രവര്‍ത്തകരെ കണ്ടത്. ഡബ്ല്യു.സി.സി. അംഗങ്ങള്‍ക്കെതിരേ കടുത്ത വിമര്‍ശനങ്ങളാണ് അവര്‍ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചത്. സിദ്ദിഖിന്റെ സ്ത്രീ വിരുദ്ധ സംസാരത്തെയും അഭിപ്രായത്തെയും മാറ്റി നിര്‍ത്തിയാല്‍, ഈ വിഷയത്തില്‍ കെപിഎസി ലളിതയുടെ നിലപാട് ഞെട്ടിക്കുന്നതാണ്. സംഘടന അംഗം മാത്രമല്ല കെപിഎസി ലളിത, സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ കൂടിയാണ്.

സംഘടനയില്‍ നടന്ന കാര്യങ്ങള്‍ സംഘടനകത്താണ് പറയേണ്ടത്. പുറത്തുള്ള ആളുകളെക്കൊണ്ട് കൈകൊട്ടി ചിരിപ്പിക്കരുത്. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ പരാതികള്‍ പറയാന്‍ പറ്റിയ സംഘടനയാണ് എ.എം.എം.എയെന്നും സംഘടനയില്‍നിന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കുന്നതില്‍ ഒരു മാന്യതയുണ്ട്. അവര്‍ വന്ന് സംഘടനയോട് മാപ്പ് പറയട്ടെ. ക്ഷമ പറഞ്ഞതിന് ശേഷം അവരെ തിരിച്ചെടുക്കാം എന്നായിരുന്നു കെ.പി.എ.സി. ലളിതയുടെ പ്രതികരണം.

തനിക്ക് ഇവര്‍ പറയുന്ന തരത്തില്‍ സിനിമാലോകത്ത് നിന്നും ദുരനുഭവങ്ങള്‍ ഉണ്ടായിട്ടില്ല..മുതിര്‍ന്ന താരങ്ങളും സഹ പ്രവര്‍ത്തകരും വളരെ മാന്യമായിട്ടാണ് തങ്ങളോട് പെരുമാറിയിട്ടുള്ളതെന്ന് സിദ്ദിഖ് പറയുമ്പോള്‍ ഒന്നും മിണ്ടാതെ ഇരുന്ന കെപിഎസി ലളിത ഒന്നോര്‍ക്കണം…വര്‍ഷങ്ങള്‍ക്ക് മുമ്പ് മുതിര്‍ന്ന നടന്‍ അടൂര്‍ ഭാസിയില്‍ നിന്നും ഉണ്ടായ അനുഭവങ്ങള്‍…ആത്മകഥയില്‍ ‘മദ്യപിച്ച്, ഉടുതുണിയില്ലാതെ വീട്ടില്‍ കയറിവന്ന്, നിന്നെ ഞാന്‍ കൊണ്ടു നടന്നോളാം.. കാറ് തരാം’ എന്നൊക്കെ പറഞ്ഞ് പ്രലോഭിപ്പിച്ചെന്നും അടൂര്‍ഭാസിയോടൊപ്പമുള്ള പടങ്ങളില്‍ തന്നെ ജോലി ചെയ്യാന്‍ അനുവദിക്കാതിരിക്കുകയോ, തനിക്ക് സിനിമകള്‍ നിഷേധിക്കുകയോ ചെയ്തിരുന്നെന്നും കെപിഎസി ലളിത ആരോപിക്കുന്നുണ്ട്. വെറുക്കാതിരിക്കാന്‍ എത്ര ശ്രമിച്ചാലും എനിക്കാ മനുഷ്യനെ വെറുക്കാതിരിക്കാന്‍ കഴിയില്ലെന്നും പറയുന്നുണ്ട്.

അടൂര്‍ ഭാസിക്കെതിരെ പരാതി നല്‍കിയപ്പോള്‍ ഉമ്മുക്ക ”ഇങ്ങനെയൊക്കെ ഒരാളെക്കുറിച്ച് ആക്ഷേപിച്ചെഴുതാന്‍. അങ്ങേരാര്, നീയാര്? നിന്നെ അങ്ങേര്‍ക്ക് ഇവിടന്ന് പറത്താന്‍ കഴിയും.” എന്ന് പറഞ്ഞപ്പോള്‍ എതിര്‍ത്ത് പറഞ്ഞ, അന്ന് മലയാള സിനിമ അടക്കി വാണിരുന്ന അടൂര്‍ ഭാസി തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തി എന്ന് പറഞ്ഞ കെപിഎസി ലളിതയാണ് ഇന്ന് സിനിമാ മേഖലയിലെ കൊള്ളരുതായ്മകള്‍ക്കെതിരെ പ്രതികരിച്ചതിനെ എതിര്‍ത്തത്.

ആത്മകഥയിലെ പ്രസക്ത ഭാഗങ്ങള്‍ ഇവിടെ വായിക്കാം…

അടൂര്‍ ഭാസിയോടൊത്ത് ഒരുപാടു പടങ്ങളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അതിലേറെ പടത്തില്‍നിന്നും അയാളെന്നെ ഒഴിവാക്കാന്‍ കിണഞ്ഞു ശ്രമിച്ചിട്ടുമുണ്ട്. ഒഴിവാക്കാന്‍ തീരേ പറ്റാത്തിടത്ത് എന്റെ വേഷം ചെറുതാക്കാനും ശ്രമിച്ചിട്ടുണ്ട്. എന്നെ ഉപദ്രവിക്കാന്‍ വഴികള്‍ തേടിനടക്കുകയായിരുന്നു അടൂര്‍ ഭാസി. അപ്പോഴൊക്കെ എന്നെ സഹായിച്ചത് ബഹദൂര്‍ക്കയാണ്.

ഒരു ദിവസം രാത്രി എട്ടരയായപ്പോള്‍ അടൂര്‍ ഭാസി വീട്ടില്‍ വന്നു. വീട്ടില്‍നിന്ന് രാത്രി വൈകിയിട്ടും പോകാനുള്ള ഭാവമില്ല. അവിടെത്തന്നെ ചടഞ്ഞിരിപ്പാണ്. നല്ലവണ്ണം മദ്യപിച്ചിട്ടുണ്ട്. മദ്യപാനം തുടരുകയാണ്. തുണിയൊക്കെ ഉരിഞ്ഞുപോവുന്നുണ്ട്. അതൊന്നും ശ്രദ്ധിക്കുന്നേയില്ല.- എന്നിട്ടു പറയുകയാണ്: ‘ലളിതാമ്മയെ ഞാനിങ്ങനെ കൊണ്ടുനടക്കും. എന്റെ കാറ് ലളിതാമ്മയ്ക്കു തരാം.’ എനിക്കന്ന് കാറൊന്നുമില്ല.

എന്തെങ്കിലും ഉള്ളില്‍ച്ചെന്നാല്‍ ലളിത ലളിതാമ്മയാവും. ഓരോന്നിങ്ങനെ വിടുവായത്തരം പറഞ്ഞ് ബഹളമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. എന്തു ചെയ്യണമെന്നറിയാതെ ധര്‍മസങ്കടത്തിലായി ഞാന്‍.
അന്ന് ബാബു അവിടെ ഉണ്ടായിരുന്നില്ല. എന്റെ ഏറ്റവും ഇളയ അനിയന്‍ രാജനായിരുന്നു കൂടെ. അവന്‍ വെറും കുട്ടി. സതി എന്നു പേരായ വീട്ടില്‍ നില്ക്കുന്ന ഒരു പെണ്‍കുട്ടികൂടിയുണ്ട്. കായംകുളത്തുകാരിയാണ്. എന്റെ വീടിന്റെ അടുത്തുനിന്നുള്ള ഒരു പെണ്‍കുട്ടി. — ഞങ്ങള്‍ മൂന്നുപേരും മുറ്റത്തിറങ്ങി നിന്നു. അയാള്‍ അകത്തിരിപ്പാണ്. പോവണ്ടേ? എന്റെ ദൈവമേ! എന്താണൊരു വഴി. അടൂര്‍ ഭാസിയുടെ ഡ്രൈവറുടെ പേര് കൃഷ്ണന്‍, അയാളവിടെ പുറത്തിരിപ്പുണ്ട്. എന്തു പറയാനാ. – ഞങ്ങള്‍ നേരം വെളുക്കാറാകുന്നതുവരെ മുറ്റത്തുതന്നെ നിന്നു. അകത്തേക്കു കയറാന്‍ പറ്റില്ലല്ലോ. അന്ന് മാധവിക്കുട്ടി എന്ന പടത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയമാണ്. എനിക്ക് രാവിലെ ഷൂട്ടിനു പോകാനുണ്ട്.

ഇങ്ങേര് പറയുന്നത് എന്താണെന്നുവെച്ചാല്‍ ഞാനങ്ങേരെ അനുസരിച്ച് കീഴടങ്ങിയാല്‍ അങ്ങേര്‍ അഭിനയിക്കുന്ന എല്ലാ പടങ്ങളും എനിക്കു തരും. വേറെ ആരെയും എടുക്കാന്‍ സമ്മതിക്കില്ല. എല്ലാം എനിക്കുതന്നെ. പിന്നെ അയാള്‍ക്കവിടെ വീടുണ്ട്. എനിക്കിങ്ങനെ വാടക വീട്ടിലൊന്നും താമസിക്കേണ്ട. അവിടെ താമസിക്കാം. യാത്ര ചെയ്യാന്‍ കാറുണ്ടാവും. കല്യാണം കഴിക്കേണ്ട കാര്യമൊന്നുമില്ല. എന്തിനാ കല്യാണം? കല്യാണമൊന്നും വേണ്ട. നമുക്കങ്ങനെ സുഖമായി കഴിയാം. എന്തൊക്കെ സൗകര്യങ്ങളാണ് നിനക്കു കിട്ടാന്‍ പോകുന്നത്! ”ഞാന്‍ നിന്നെ എങ്ങനെ കൊണ്ടുനടക്കുമെന്നോ!’
നേരം നാലു മണിയായപ്പോള്‍ ഞാനും രാജനുംകൂടെ നടന്ന് ബഹദൂര്‍ക്കയുടെ വീട്ടിലെത്തി. കരഞ്ഞുവിളിച്ചുകൊണ്ടാണ് ചെയ്യുന്നത്. രാത്രി മുഴുവനും കരച്ചിലായിരുന്നു ഞാന്‍. ഇങ്ങേരു പോകണ്ടേ? തുണി യൊന്നുമില്ലാതെ കിടക്കുകയല്ലേ? – അയാളന്ന് കൊടികുത്തി വാഴുന്ന സമയമാണ്. സിനിമയിലുള്ളവര്‍ അയാള്‍ പറയുന്നതിലേ ന്യായം കാണുകയുള്ളൂ. അയാളുടേത് വേദ വാക്യം. – ഞാന്‍ ചെന്ന് ബഹദൂര്‍ക്കയെ വിളിച്ചു. ജമീല ഉണര്‍ന്നെണീറ്റ് കതകു – തുറന്നു പുറത്തു വന്നു. പിന്നാലെ ബഹദൂര്‍ക്കയും. സമയം അപ്പോള്‍ അഞ്ചു മണിയായി. രാത്രി അവിടംവരെ വന്നെത്താന്‍ ഞങ്ങള്‍ ഒരു മണി ക്കൂറെടുത്തു. – ഞാന്‍ കരഞ്ഞുകൊണ്ടുതന്നെയാണ് കാര്യം പറഞ്ഞത്. ബഹദൂര്‍ ക്കയുടെ മുഖത്ത് കാരുണ്യം നിറഞ്ഞു. ”മോളേ, നീ കരയണ്ട്. നിനക്ക് എന്തു സഹായത്തിനും ഞാനില്ലേ..? നീ പേടിക്കാതിരിക്ക്. ഞാന്‍ വരാം.

ബഹദൂര്‍ക്കയുടെ കാറ് ഫിയറ്റാണ്. ബഹദൂര്‍ക്ക കാറെടുത്ത് ഞങ്ങളെയും കയറ്റി സ്വാമിയാര്‍മഠത്തിലെ എന്റെ വീട്ടിലേക്കു വന്നു. അയാളെ റൂമിനകത്തുനിന്ന് വലിച്ചിഴച്ചു പുറത്തു കൊണ്ടുവന്നു. അയാള്‍ റൂമി ലാകെ ഛര്‍ദിച്ച് നാറ്റിച്ചിട്ടിരിക്കുകയാണ്. എനിക്കിപ്പോഴും അതൊക്കെ ഓര്‍ക്കുമ്പോള്‍ എന്തൊക്കെയോ തോന്നുന്നു. വെറുക്കാതിരിക്കാന്‍ എത്ര ശ്രമിച്ചാലും എനിക്ക് ആ മനുഷ്യനെ വെറുക്കാതിരിക്കാന്‍ പറ്റില്ല.

അതിനുശേഷം എന്നെ എന്തെല്ലാം തരത്തില്‍ ദ്രോഹിക്കാമോ അതൊക്കെ ചെയ്തു. എനിക്കു വരുന്ന പടങ്ങളൊക്കെ കട്ട് ചെയ്യും. നിര്‍മാതാക്കളോട് എന്നെ വേണ്ടെന്നു പറയും. ഓരോ ഷോട്ടിലും അതില്‍ വേണ്ടാത്തതൊക്കെ അയാള്‍ കാണിക്കും; എല്ലാം എന്നെ ദ്രോഹിക്കാന്‍. ഡയറക്ടര്‍ എന്തു പറയാനാണ്. അയാള്‍ – വാഴുന്ന കാലമല്ലേ?

അയാള്‍ക്കെതിരേ പെറ്റീഷനെഴുതി മൂന്നിടത്ത് കൊടുത്തു. ഉമ്മുക്കയാണ് പരിഷത്തിന്റെ പ്രസിഡന്റ് . പെറ്റീഷന്‍ ഉമ്മുക്കയുടെ കൈയില്‍ കിട്ടി. ഉമ്മുക്ക എന്നെ വിളിച്ചു ചോദിച്ചു. അതിങ്ങനെ: – ‘നിനക്കു നാണമില്ലേ? ഇങ്ങനെയൊക്കെ ഒരാളെക്കുറിച്ച് ആക്ഷേപിച്ചെഴുതാന്‍. അങ്ങേരാര്, നീയാര്? നിന്നെ അങ്ങേര്‍ക്ക് ഇവിടന്ന് പറത്താന്‍ കഴിയും.’ – ”അങ്ങേരെന്തു വേണേല്‍ ചെയ്തോട്ടെ,’ ഞാന്‍. ‘മാത്രമല്ല, ഉമ്മുക്ക പരിഷത്തിന്റെ പ്രസിഡന്റാണെന്ന് ഓര്‍ക്കണം. അതോണ്ട് ഉമ്മുക്ക എന്നോട് ഇങ്ങനെയൊന്നും സംസാരിക്കരുത്. എന്തിനാ ഇങ്ങനെ ചെയ്യുന്നത്? അങ്ങേരുടെ ആളായി സംസാരിക്കരുത്?’ അതോടെ അങ്ങേരുടെ കഷ്ടകാലം തുടങ്ങി എന്നു പറയാം. എന്നാലും വിഷപ്പല്ല് പറിഞ്ഞില്ല.

Top