ദീര്‍ഘമായതും ദുര്‍ഘടമായതുമായ യാത്രയുടെ അവസാനമാണ് വിവാഹമോചനമെന്ന് ലിസി

Lissy

ചെന്നൈ: 24വര്‍ഷത്തെ ജീവിതത്തിനുശേഷം ലിസിയും പ്രിയദര്‍ശനവും വേര്‍പിരിഞ്ഞു. ചെന്നൈ കോടതിയാണ് ഇവര്‍ക്ക് വിവാഹമോചനം അനുവദിച്ചത്. തനിക്കിപ്പോള്‍ ആശ്വാസം തോന്നുന്നുവെന്നു ഇതിനോട് ലിസി പ്രതികരിച്ചു.

ദീര്‍ഘമായതും ദുര്‍ഘടമായതുമായ യാത്രയുടെ അവസാനമാണ് വിവാഹമോചനമെന്നും ലിസി പ്രസ്താവനയില്‍ പറഞ്ഞു. ഹൃതിക് റോഷന്‍- സുസൈന്‍, മഞ്ജു വാര്യര്‍ -ദിലീപ്, അമല-വിജയ് അങ്ങനെ തുടങ്ങി അടുത്തിടെ നടന്ന വിവാഹമോചനങ്ങളില്‍ പങ്കാളികള്‍ പരസ്പരം ബഹുമാനിച്ചിരുന്നെന്നും ഞങ്ങളുടെ കാര്യത്തില്‍ അത് അങ്ങനെയല്ലായിരുന്നുവെന്നും ലിസി പറയുന്നു. കോടതിക്ക് അകത്തും പുറത്തും പരസ്പരബഹുമാനമില്ലാത്തതും ബഹളങ്ങളും നിറഞ്ഞതായിരുന്നു ഞങ്ങളുടെ വിവാഹമോചനം. ലിസി പറയുന്നു.

വിവാഹമോചനം തന്നെ ഇത്രയും മോശമായ അവസ്ഥയിലാണെങ്കില്‍ ഞങ്ങളുടെ വിവാഹബന്ധവും എത്രത്തോളം ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് ഇതിലൂടെ മനസ്സിലാക്കാം. ഇപ്പോള്‍ ഒരു ആശ്വാസം ഉണ്ട്. വെല്ലുവിളികള്‍ നിറഞ്ഞ വഴിയിലൂടെയുള്ള എന്റെ യാത്രയുടെ അവസാനമാണിത്. കൂടെ നിന്നവര്‍ക്കും സഹായിച്ചവര്‍ക്കും നന്ദി. ലിസി കൂട്ടിച്ചേര്‍ത്തു.

24വര്‍ഷം ഒരുമിച്ചു ജീവിച്ച ഇവര്‍ പിരിയാന്‍ തീരുമാനിച്ചത് ഒരു വര്‍ഷം മുന്‍പാണ്. അടുത്ത സുഹൃത്തുക്കളെപ്പോലും അമ്പരപ്പിച്ച തീരുമാനമായിരുന്നു അത്. എന്തുകൊണ്ടു പിരിയുന്നുവെന്നു ഇരുകൂട്ടരും പറഞ്ഞിട്ടില്ല. മാത്രമല്ല ഒരുമിച്ചുള്ള ജീവിതം നഷ്ടമാകുന്നതിലെ വേദനയും രണ്ടു പേരും പങ്കുവച്ചിരുന്നു.

നിരുപാധിക പിന്തുണ നല്‍കുകയും പ്രാര്‍ഥിക്കുകയും ചെയ്ത സുഹൃത്തുക്കള്‍ക്കും അഭിഭാഷകര്‍ക്കും ലിസി നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്. മക്കളുടെ സ്നേഹത്തിനും പിന്തുണയ്ക്കും താന്‍ കടപ്പെട്ടവളാണെന്നും ദൈവത്തോടു നന്ദി പറയുന്നുവെന്നും പറഞ്ഞാണ് പ്രസ്താവന അവസാനിപ്പിക്കുന്നത്.

Top