ആരാധകരോട് കൂവരുതെന്ന് ആംഗ്യം കാണിച്ച് മമ്മൂട്ടി; പാര്‍വതിയെ ചേര്‍ത്തുപിടിച്ചു

കൊച്ചി: മമ്മൂട്ടിയുടെ കസബ സിനിമക്കെതിരെ വിമര്‍ശനമുന്നയിച്ച നടി പാര്‍വ്വതിക്ക് സോഷ്യല്‍മീഡിയയില്‍ വലിയ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. ഡിസംബറില്‍ തിരുവനന്തപുരത്ത് നടന്ന 22 ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഓപ്പണ്‍ ഫോറത്തിനിടെ സിനിമകളിലെ സ്ത്രീ വിരുദ്ധതയെ പരാമര്‍ശിക്കുന്നതിനിടെയായിരുന്നു മമ്മൂട്ടിയുടെ കസബക്കെതിരെ പാര്‍വ്വതി ആഞ്ഞടിച്ചത്.

താന്‍ ഈ അടുത്ത് മലയാളത്തിലെ ഒരു സിനിമ കണ്ടെന്നും തന്റെ പ്രതിഭ തെളിയിച്ച ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണെന്നുമായിരുന്നു പാര്‍വ്വതിയുടെ വിമര്‍ശനം.കസബയുടെ പേര് പരാമര്‍ശിക്കാതെ വിമര്‍ശനമുന്നയിച്ച് പാര്‍വ്വതി നടി ഗീതു മോഹന്‍ദാസിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് സിനിമയുടെ പേര് പരാമര്‍ശിക്കുകയായിരുന്നു.

പാര്‍വ്വതിയുടെ ഈ വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ നിമിഷ നേരം കൊണ്ടാണ് വൈറലായത്. തൊട്ടുപിന്നാലെ പാര്‍വ്വതിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയത്. ഏതു വേഷം എങ്ങനെ ചെയ്യണം എന്ന് മമ്മൂട്ടി തീരുമാനിച്ചോളും മമ്മൂട്ടിക്ക് സിനിമ പറഞ്ഞു പഠിപ്പിക്കാന്‍ പാര്‍വ്വതി ആയിട്ടില്ല, ആദ്യം നിന്റെ കൂട്ടത്തിലുള്ളവരോട് പറയൂ, ആടിയും പാടിയും പെണ്‍ശരീരം കാണിച്ചു സിനിമക്ക് ആളെ ആട്ടുന്ന വാണിജ്യ തന്ത്രത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ എന്നിങ്ങനെയായിരുന്നു കമന്റുകള്‍.

എന്നാല്‍ ഈ വര്‍ഷത്തെ ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡില്‍ ഒരുവെടിനിര്‍ത്തലിനുള്ള സൂചന നല്‍കുന്ന സംഭവമുണ്ടായി. പാര്‍വതിക്കായിരുന്നു മികച്ച നടിക്കുള്ള അവാര്‍ഡ്. അത് സമ്മാനിച്ചത് മമ്മൂട്ടിയും. കസബ വിവാദത്തിന് ശേഷം മമ്മൂട്ടി ഫാന്‍സുമായുള്ള പാര്‍വതിയും സ്വര ചേര്‍ച്ചയില്ലായ്മ പുരസ്‌കാരദാനത്തിലും പ്രതിഫലിച്ചു. ഇരുവരും ഒന്നിച്ച് വേദി പങ്കിട്ടപ്പോള്‍, മമ്മൂക്കയെ നിറഞ്ഞ ആര്‍പ്പു വിളികളോടെ സ്വാഗതം നല്‍കിയപ്പോള്‍ പാര്‍വതിക്ക് നേരെ കൂവല്‍ വര്‍ഷമായിരുന്നു. എന്നാല്‍ ആരാധകരോട് കൂവരുതെന്ന് മമ്മൂട്ടി ആംഗ്യം കാണിച്ചു. അവാര്‍ഡ് സമ്മാനിച്ചതിന് ശേഷം പാര്‍വതിയെ മമ്മൂട്ടി ചേര്‍ത്തുപിടിച്ചു.

Top