ക്രൈം ഡെസ്‌ക്
കൊച്ചി: സ്ത്രീ പീഡനങ്ങളിലും കുറ്റകൃത്യങ്ങളിലും കേരളം ഇന്ന് റെക്കോർഡുകൾ പുതുക്കിയിരിക്കുകയാണ്. പന്ത്രണ്ടുകാരിയെ കൊച്ചിയിൽ ഗർഭിണിയാക്കിയത് പെൺകുട്ടിയുടെ സഹോദരൻ തന്നെയാണ്. പ്രായപൂർത്തിയാകാത്ത പ്രതി അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടു. ജീവൻ പോലും അപകടത്തിലായ നിലയിൽ പ്രസവത്തിന് തയ്യാറെടുക്കുകയാണ്, പീഡനത്തിനിരയായ പെൺകുട്ടി. പെൺകുട്ടി 22 ആഴ്ച ഗർഭിണിയാണിപ്പോൾ.
എറണാകുളം ചൈൽഡ് വെൽഫെയർ കമ്മറ്റി വിഷയത്തിൽ ഇടപെടുകയും പെൺകുട്ടിക്ക് കൗൺസിലിംഗും ചികിത്സയും ലഭ്യമാക്കിയിട്ടുണ്ട്. ബലാത്സംഗത്തിന് ഇരയായി ഗർഭിണിയായതിനാൽ കോടതിയുടെ അനുമതിയോടെ ഗർഭം അലസിപ്പിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പെൺകുട്ടിയുടെ പ്രായക്കുറവും ശാരീരിക ബലഹീനതയുമാണ് ഇതിന് കാരണമെന്ന് ചൈൽഡ് വെൽഫെയർ കമ്മറ്റി വ്യക്തമാക്കി.
പെൺകുട്ടി പ്രസവിച്ച ശേഷം കുട്ടിയെ ദത്ത് നൽകുന്നതടക്കം മറ്റ് നടപടികൾ സ്വീകരിക്കാമെന്നാണ് ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ നിലപാട്. പെൺകുട്ടിക്കും സഹോദരനും അമ്മ മാത്രമേയുള്ളൂ. പെൺകുട്ടി ഗർഭിണിയായതിനെ തുടർന്ന് അറസ്റ്റിലായ സഹോദരനെ അമ്മ തന്നെയാണ് ജാമ്യത്തിലിറക്കിയത്.


