ന്യൂഡല്‍ഹി: ഭരണഘടനാ ഭേദഗതി ബില്ലുകള്‍ പാസാക്കാനാവശ്യമായ പാര്‍ലമെന്റിലെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാനുള്ള ശ്രമം തുടരുന്ന ഭരണകക്ഷിക്ക് അനുകൂലമായി രാജ്യസഭയിലെ കണക്കുകള്‍. രാജ്യസഭയില്‍ എന്‍.ഡി.എ. മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിനടുത്തെത്തി.
തൃണമൂല്‍ കോണ്‍ഗ്രസിലെ കലാപം തുണയ്ക്കുമെങ്കിലും ലോക്സഭയില്‍ ഇപ്പോഴും മാന്ത്രികസംഖ്യ അകലെയാണ്. നിലവില്‍ രാജ്യസഭയില്‍ എന്‍.ഡി.എ.യ്ക്ക് 148 അംഗങ്ങളുടെ പിന്തുണയാണുള്ളത്. ഝാര്‍ഖണ്ഡിലും മിസോറമിലും നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പുകളിലൂടെ മൂന്ന് സീറ്റുകള്‍കൂടി നേടാനാകുമെന്നതിനാല്‍ അംഗസംഖ്യ 151 ആയി ഉയരും.
ഇതിനുപുറമെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് മൂന്ന് രാജ്യസഭാംഗങ്ങള്‍ രാജിവെച്ചതിനെത്തുടര്‍ന്ന് പശ്ചിമബംഗാളില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ മൂന്ന് സീറ്റുകളും എന്‍.ഡി.എ.യുടെ കൈയിലെത്തും. ഇതോടെ, അംഗസംഖ്യ 154 ആകും. രാജ്യസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് 163 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. നിലവില്‍ ലക്ഷ്യത്തില്‍ നിന്ന് ഒമ്പത് അംഗങ്ങള്‍മാത്രം അകലെയാണ് എന്‍.ഡി.എ.
തൃണമൂലില്‍ നിന്ന് കൂടുതല്‍ രാജ്യസഭാംഗങ്ങള്‍ രാജിവെക്കാന്‍ സാധ്യതയുണ്ടെന്നും അങ്ങനെ സംഭവിച്ചാല്‍ 163 എന്ന നിര്‍ണായകസംഖ്യയിലെത്താന്‍ കഴിയുമെന്നുമാണ് ഭരണകക്ഷിയുടെ പ്രതീക്ഷ. രാജ്യസഭയില്‍ മൂന്നില്‍രണ്ട് ഭൂരിപക്ഷം ഉറപ്പാക്കിയാല്‍ ഭരണഘടനാ ഭേദഗതി ബില്ലുകള്‍ പാസാക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് വലിയ നേട്ടമാകും.
നവംബറില്‍ ഉത്തര്‍പ്രദേശില്‍നിന്ന് 10 രാജ്യസഭാംഗങ്ങള്‍ വിരമിക്കും. സംസ്ഥാന നിയമസഭയില്‍ ശക്തി വര്‍ധിപ്പിച്ച സമാജ്വാദി പാര്‍ട്ടിക്ക് പുതിയ അംഗങ്ങളെ രാജ്യസഭയിലേക്ക് അയക്കാനും സാധിച്ചാല്‍ എന്‍.ഡി.എ.യുടെ കണക്കുകൂട്ടലുകള്‍ക്ക് തിരിച്ചടിയാകും.
‘ഇന്ത്യസഖ്യ’ത്തിന്റെ ശക്തിയും രാജ്യസഭയില്‍ കുറഞ്ഞു. ഡി.എം.കെ.യും ആം ആദ്മി പാര്‍ട്ടിയും സഖ്യത്തില്‍നിന്ന് അകന്നതോടെ രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ എണ്ണം 64 ആയി ചുരുങ്ങി. അതേസമയം, വൈ.എസ്.ആര്‍. കോണ്‍ഗ്രസിനും ബിജു ജനതാദളിനും നിര്‍ണായക സ്വാധീനമുണ്ട്. യഥാക്രമം ഏഴും ആറും അംഗങ്ങളുള്ള ഈ പാര്‍ട്ടികള്‍ വിഷയാടിസ്ഥാനത്തില്‍ ഏത് പക്ഷത്തെയും പിന്തുണയ്ക്കാന്‍ സാധ്യതയുണ്ട്.


