ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ മദ്യനയം അട്ടിമറിക്കപ്പെടും; ബിജെപി വര്‍ഗ്ഗീയ അജണ്ട നടപ്പിലാക്കുന്നുവെന്നും എകെ ആന്റണി

a-k-antony

കണ്ണൂര്‍: ഇടതുപക്ഷത്തെ അടച്ചാക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി എത്തി. ഇത്തവണ ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തെ മദ്യനയം അട്ടിമറിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി കേരളത്തില്‍ വര്‍ഗ്ഗീയ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുന്നുവെന്നും ആന്റണി പറയുകയുണ്ടായി.

പ്രകടനപത്രികയില്‍ എല്ലാം വിശദമായി പറഞ്ഞ ഇടതുപക്ഷം മദ്യനയത്തെ കുറിച്ച് ഒരു പേരിന് മാത്രം പരാമര്‍ശം നടത്തിയതിനെ ആന്റണി വിമര്‍ശിച്ചു. കണ്ണൂര്‍ പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആന്റണി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബാര്‍വിഷയത്തില്‍ ഇടതുപക്ഷത്തിന്റെ നയമെന്താണെന്നും പ്രകടന പത്രികയില്‍ ബാറിനെ കുറിച്ച് നിശബ്ദത പാലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൂട്ടിയ ബാറുകളെ കുറിച്ചും അതില്‍ പറയുന്നില്ല. ഈ ഒളിച്ചുകളിയുടെ അര്‍ത്ഥം ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം അട്ടിമറിക്കപ്പെടുമെന്നാണ്. ആന്റണി പറഞ്ഞു.

ബിജെപിയും ആര്‍എസ്എസും നടപ്പിലാക്കാന്‍ ശ്രമിക്കുന്ന വര്‍ഗ്ഗീയ അജണ്ടയേയും ആന്റണി വിമര്‍ശിച്ചു. പ്രധാനമന്ത്രി അടക്കമുള്ള നേതാക്കള്‍ ഇങ്ങോട്ട് വരുന്നത് കേരളത്തോട് മമത ഉണ്ടായിട്ടല്ലെന്നും വര്‍ഗ്ഗീയ വിഷം കലര്‍ത്തി ഇവിടെ കുളംകലക്കാനാണെന്നും ആന്റണി കുറ്റപ്പെടുത്തി. ”കേരളത്തില്‍ പരസ്പരം സ്നേഹിച്ചും സഹകരിച്ചും ജീവിക്കുന്ന ജനങ്ങള്‍ക്കിടയില്‍ മതവിദ്വേഷം വളര്‍ത്തി വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കുകയാണ് ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയുടേയും ആര്‍എസ്എസിന്റെയും ശ്രമം. എന്നാല്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ ബിജെപിക്ക് കഴിയില്ല.” ആന്റണി പറഞ്ഞു.

എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ശക്തമായ പോരാട്ടമാണ് ഇത്തവണ നടക്കുന്നതെന്നും എന്നാല്‍ അവസാന റൗണ്ടില്‍ യുഡിഎഫ് തന്നെ മേല്‍ക്കൈ നേടുമെന്നും ആന്റണി അഭിപ്രായപ്പെട്ടു.

Top