മധ്യപ്രദേശിലെ തമ്മിലടി തലവേദനയാകുന്നു..!! പരിഹരിക്കാൻ എ.കെ. ആൻ്റണി; ചുമതല നൽകി സോണിയ ഗാന്ധി

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ പടലപ്പിണക്കത്തിന് പരിഹാരം കാണാൻ സോണിയാ ഗാന്ധിയുടെ ശ്രമം. സംസ്ഥാനത്തിലെ വിഷയങ്ങൾ മുഖ്യമന്ത്രി കമല്‍നാഥിനോട് ചോദിച്ചറിഞ്ഞ ശേഷം എകെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതിക്ക് വിഷയം കൈമാറി. ഒന്നര മണിക്കൂര്‍ നീണ്ട യോഗത്തിന് ശേഷമാണ് സോണിയയുടെ തീരുമാനം.

പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ രൂക്ഷമാണെന്ന് സംസ്ഥാന ചുമതലയുള്ള ദീപക് ബാബ്റിയയും സോണിയ ഗാന്ധിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിംഗിനെതിരെ ചില മന്ത്രിമാര്‍ പരാതി ഉന്നയിച്ചിട്ടുണ്ട്. ഭരണകാര്യങ്ങളില്‍ അദ്ദേഹം അനാവശ്യമായി ഇടപെടുന്നുവെന്നാണ് ആരോപണം.
പി സി സി അധ്യക്ഷ സ്ഥാനത്തിന് വേണ്ടിയും ശക്തമായ നീക്കങ്ങളാണ് നടക്കുന്നത്.

ജ്യോതിരാദിത്യ സിന്ധ്യയെ പി സി സി പ്രസിഡന്‍റാക്കണമെന്നാവശ്യപ്പെട്ട് പോസ്റ്റര്‍ യുദ്ധവും തുടങ്ങി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സിന്ധ്യയെ പ്രസിഡന്‍റാക്കണമെന്നാവശ്യപ്പെട്ട് കൂറ്റര്‍ ബോര്‍ഡുകള്‍ ഉയര്‍ന്നു. മിക്ക എംഎല്‍എമാരും മന്ത്രിമാരും സിന്ധ്യക്ക് അനുകൂലമായി രംഗത്തെത്തിയിട്ടുണ്ട്. അധ്യക്ഷ സ്ഥാനം ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് സിന്ധ്യ സൂചന നല്‍കിയിരുന്നു. മുഖ്യമന്ത്രിയായതിന് ശേഷവും പാര്‍ട്ടി അധ്യക്ഷനായി കമല്‍നാഥ് തുടരുകയാണ്.

Top