അമലാ പോളിനെതിരെ ആരാധകരുടെ തെറിവിളി; ശക്തമായ മറുപടിയുമായി നടി രംഗത്ത്

അമല പോളിന്റെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് സുശി ഗണേശന്റെ തിരുട്ടു പയലേ 2. പ്രസന്നയും ബോബി സിംഹയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം പക്ഷേ, ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് മറ്റൊരു കാരണം കൊണ്ടാണ്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലെ അമല പോളിന്റെ ലുക്കാണ് പ്രശ്‌നം.

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തതിന് പിന്നാലെയാണ് സദാചാരവാദികള്‍ അമലയ്‌ക്കെതിരെ കലിതുള്ളി വാളെടുത്തിറങ്ങിയത്. ബോബി സിംഹയ്‌ക്കൊപ്പമുള്ള ഒരു പ്രണയരംഗത്തില്‍ മഞ്ഞ സാരിയുടുത്ത് വയറും പൊക്കിളും അമല കാണിച്ചതാണ് അവരുടെ പ്രശ്‌നം. കേട്ടാല്‍ അറയ്ക്കുന്ന ഭാഷയായിരുന്നു പലരുടെയും പ്രതികരണം.

എന്നാല്‍, ഇതുകൊണ്ടൊന്നും തളരുന്ന ആളല്ല, താനെന്ന് അമല തന്നെ ഇപ്പോള്‍ വ്യക്തമാക്കുന്നു. എന്റെ പൊക്കിള്‍ ഇത്ര വലിയ വിഷയമാകുമെന്ന് ഞാന്‍ കരുതിയതേയില്ല-ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അമല പറഞ്ഞു. ഒരു പോസ്റ്ററിനെ ചൊല്ലി ഈ ചിത്രം ഇത്ര വലിയ ചര്‍ച്ചയാകുമെന്ന് കരുതിയില്ല. എല്ലാം തുറന്നു കാണിക്കുന്ന ഒരു ലോകത്തല്ലേ നമ്മള്‍ ജീവിക്കുന്നത്. എന്നിട്ടും എന്റെ പൊക്കിള്‍ ഒരു വലിയ ആഘോഷം തന്നെയായിരിക്കുകയാണ്-അമല പറഞ്ഞു.

ഒരു അഭിനേതാവ് എന്ന നിലയിലും വ്യക്തി എന്ന നിലയിലും ഞാന്‍ ഒരുപാട് വളര്‍ന്നുകഴിഞ്ഞു. പ്രേമത്തെക്കുറിച്ച് കഴിഞ്ഞ വര്‍ഷമുള്ള കാഴ്ചപ്പാടല്ല ഇക്കൊല്ലം എന്റേത്. ഈ ചിത്രത്തില്‍ തന്റേടമുള്ള, ആത്മവിശ്വാസമുള്ള ഒരു സ്ത്രീയെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. എന്റെ ആത്മപ്രകാശത്തിന് ഒരുപാട് സ്വാതന്ത്ര്യമുണ്ട്. ബോബി സിംഹയും പ്രസന്നയും മികച്ച പിന്തുണയാണ് നല്‍കിയത്-അമല പറഞ്ഞു.

Latest
Widgets Magazine