എമി ജാക്‌സണ്‍ വിവാഹിതയാകുന്നു; പ്രണയദിനത്തില്‍ പങ്കുവെച്ച ചിത്രം അഭ്യൂഹങ്ങള്‍ക്ക് ഉത്തരം നല്‍കി

മദ്രാസ പട്ടണം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് ബ്രിട്ടീഷ് വംശജയായ എമി ജാക്‌സണ്‍. എമി വിവാഹത്തിനൊരുങ്ങുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കാമുകനും ബ്രിട്ടീഷ് വംശജനുമായ ബിസിനസ്സുകാരന്‍ ജോര്‍ജ് പാനോട്ടാണ് എമിയുടെ വരന്‍. വാലന്റൈന്‍സ് ഡേയ്ക്ക് ആശംസകളോടൊപ്പം ജോര്‍ജിന്റെ ചിത്രവും എമി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന എമി ഇരുവരും തമ്മിലുള്ള ബന്ധം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഈ വര്‍ഷം തന്നെ ഇരുവരും തമ്മിലുള്ള വിവാഹം നടക്കുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം അവസാനത്തോടെ വിവാഹിതരാവാനാണ് ഇരുവരും ഒന്നിച്ചെടുത്ത തീരുമാനം. വിവാഹം എന്നായിരിക്കണമെന്നും എവിടെയായിരിക്കണമെന്നും ഇരുവരും കൂടി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. കഴിഞ്ഞ വര്‍ഷം തന്നെ വിവാഹം വേണമെന്നായിരുന്നു എമിയുടെ ആഗ്രഹം. പലകാരണങ്ങള്‍ കൊണ്ടും അത് നടന്നില്ല. ഇപ്പോള്‍ ഇരുവരും ചേര്‍ന്ന് വേഗം തന്നെ നടത്താനുള്ള പദ്ധതി ആവിഷ്‌ക്കരിക്കുകയാണ്. അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ഐ, തങ്കമകന്‍, തെരി തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ട എമി രജനികാന്തിന്റെ 2.0 യിലും അഭിനയിക്കുന്നുണ്ട്.

Latest
Widgets Magazine