പത്തനംതിട്ട: പത്തനംതിട്ട എംപി ആന്റോ ആന്റണി കെപിസിസി അധ്യക്ഷ പദവിയിലേക്ക് ചരട് വലി തുടങ്ങി .പ്രിയങ്കാ ഗാന്ധിയുടെയും റോബര്‍ട്ട് വാദ്രയുടെയും പിന്തുണ തേടിയുള്ള നീക്കം സജീവമാണ് .ഷാഫി പറമ്പിലിനെ അധ്യക്ഷനാക്കി മുസ്ലിം മുഖം കോൺഗ്രസിന് കൊടുക്കാനുള്ള നീക്കം കെസി വേണുഗോപാൽ നടത്തുന്നുണ്ട് . കേരളത്തിൽ ഏകദേശം 30 ശതമാനത്തോള മുസ്ലിം സമുദായം ആയതിനാൽ ഭരണം കിട്ടിയാൽ മുസ്ലിം സമുദായം കോൺഗ്രസിനെ വിഴുങ്ങുമെന്നുറപ്പാണ്. നിലവിലെ അധ്യക്ഷന്‍ സണ്ണി ജോസഫ് പേരാവൂരില്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായതോടെ സമുദായിക സമവാക്യം കൂടി കണക്കിലെടുക്കണം , ക്രിസ്ത്യൻ സമുദായത്തിന് തന്നെ അധ്യക്ഷ സ്ഥാനം കിട്ടണം എന്ന വാദം ഉയർത്തുകയാണ് ആന്റോ ആന്റണി. ഒരിക്കല്‍ കൈയെത്തും ദൂരത്ത് നിന്ന് പോയ അധ്യക്ഷ പദവി വീണ്ടും തേടിവരുമ്പോള്‍ ഇത്തവണ സാഹചര്യങ്ങള്‍ എല്ലാം ആന്റോയ്ക്ക് അനുകൂലമാക്കാനാണ് നീക്കം
സണ്ണി ജോസഫ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ഭരണം കിട്ടിയാൽ മന്ത്രിയാകുകയും ചെയ്യാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍, കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് ആന്റോ ആന്റണി കരുനീക്കങ്ങള്‍ നടത്തിയിരുന്നു. കെപിസിസി അധ്യക്ഷ പദം ലക്ഷ്യമിട്ട് പലരും കളത്തിലുണ്ട്. അടൂര്‍ പ്രകാശ്, ഷാഫി പറമ്പില്‍ തുടങ്ങിയവരെല്ലാം കെപിസിസി പദം ആഗ്രഹിക്കുന്നുണ്ട്.
വാദ്രയുടെ വിശ്വസ്തനായ ആന്റോ ആന്റണിക്ക് ദേശീയ നേതൃത്വത്തിന്റെ പിന്തുണ ഉറപ്പിക്കാനായാല്‍ സംസ്ഥാനത്തെ ശത്രുക്കളുടെ നീക്കം പൊളിക്കാമെന്നാണ് കണക്കുകൂട്ടല്‍. നേരത്തെയും ആന്റോയെ കെപിസിസിയുടെ തലപ്പത്ത് എത്തിക്കാന്‍ വാദ്ര ശ്രമിച്ചിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി അതിന് പച്ചക്കൊടി കാട്ടിയില്ല. ഇതോടെയാണ് സണ്ണി ജോസഫ് കെപിസിസി അധ്യക്ഷനായത്. സണ്ണി ജോസഫ് മാറിയാല്‍ ആന്റോയെ ആക്കണമെന്ന നിലപാട് വാദ്ര എടുത്തിരുന്നു.കോണ്‍ഗ്രസ് അധ്യക്ഷ കസേര സ്വപ്നം കണ്ട് നീങ്ങിയ ആന്റോ ആന്റണിക്ക് ഈ ആരോപണങ്ങള്‍ വലിയ നിരാശയാണ് നല്‍കിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഇഡി നോട്ടീസ് കൂടി എത്തുന്നതോടെ കോണ്‍ഗ്രസ് രാഷ്ട്രീയം കൂടുതല്‍ കലുഷിതമാകും.
അതിനിടെയാണ് ആന്റോ ആന്റണിക്ക് എതിരെ ഉയര്‍ന്ന രണ്ട് കോടിയുടെ സാമ്പത്തിക ആരോപണം ഉയരുന്നത് . ഇത് കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരിന്റെ ഭാഗമാണെന്ന വിലയിരുത്തല്‍ ശക്തമാകുന്നുണ്ട് . നെടുമ്പറമ്പില്‍ ഫിനാന്‍സ് ഉടമ എന്‍.എം. രാജുവിനെ പത്രസമ്മേളനത്തിന് സഹായിച്ചത് കോണ്‍ഗ്രസിലെ തന്നെ ചില പ്രമുഖരാണെന്നാണ് ആന്റോ ആന്റണിയുടെ പക്ഷം. തന്നെ കെപിസിസി അധ്യക്ഷനാക്കാനുള്ള നീക്കങ്ങളെ തകര്‍ക്കാനാണ് ഈ ‘അന്തര്‍നാടകങ്ങള്‍’ അരങ്ങേറുന്നതെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
ഈ കേസില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടന്‍ ഇടപെടാന്‍ സാധ്യതയുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രേഖകളില്ലാതെ രണ്ട് കോടി രൂപ കൈമാറിയെന്ന രാജുവിന്റെ വെളിപ്പെടുത്തല്‍ അതീവ ഗുരുതരമാണ്. അനധികൃത പണമിടപാടും കള്ളപ്പണം വെളുപ്പിക്കലും ആരോപിക്കപ്പെടുന്ന ഈ വിഷയത്തില്‍ ഇഡി എത്തുന്നതോടെ കോണ്‍ഗ്രസ് ദേശീയ തലത്തില്‍ തന്നെ പ്രതിരോധത്തിലാകും. ഈ സാഹചര്യത്തില്‍ പ്രിയങ്കാ ഗാന്ധിയേയും റോബര്‍ട്ട് വാദ്രയേയും നേരിട്ട് കണ്ട് കാര്യങ്ങള്‍ വിശദീകരിക്കാനാണ് ആന്റോ ആന്റണിയുടെ നീക്കം.
ഇതിനിടെയാണ് പുതിയ വിവാദം. 2 കോടിയുടെ ആരോപണം എല്ലാ അര്‍ത്ഥത്തിലും ആന്റോയെ വെട്ടിലാക്കിയിട്ടുണ്ട്. അതേസമയം, കോണ്‍ഗ്രസിലെ ഈ ആഭ്യന്തര കലഹം സിപിഎം രാഷ്ട്രീയമായി മുതലെടുക്കുകയാണ്. ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്കൊപ്പം ഈ സാമ്പത്തിക ഇടപാടും ചേരുന്നതോടെ യുഡിഎഫിനെതിരെ വന്‍ പ്രചാരണത്തിനാണ് ഇടതുമുന്നണി കോപ്പുകൂട്ടുന്നത്. രാജു അന്ന് യുഡിഎഫിന്റെ ഭാഗമായിരുന്ന കേരള കോണ്‍ഗ്രസ് (എം) ട്രഷററായിരുന്നതിനാല്‍ സംഭാവന എന്ന നിലയിലാണ് പണം സ്വീകരിച്ചതെന്ന ആന്റോയുടെ വാദം ഇഡിക്ക് മുന്നില്‍ എത്രത്തോളം നിലനില്‍ക്കുമെന്നത് കണ്ടറിയണം.










