എടിഎം കവർച്ചക്കാരെ കേരള പൊലീസ് പിടികൂടിയത് സാഹസികമായി: പൊലീസ് സംഘം നടത്തിയത് രഹസ്യ നീക്കം

സ്വന്തം ലേഖകൻ

കോട്ടയം: മൂന്നു ജില്ലകളിലെ പൊലീസിനെ വട്ടം ചുറ്റിച്ച്, എടിഎമ്മിന്റെ ലോക്ക് നിമിഷങ്ങൾക്കൊണ്ട് തകർത്ത് 35 ലക്ഷവുമായി കവർന്ന് പ്രഫഷണൽ മോഷ്ടാക്കളുടെ സംഘത്തിനെ കേരള പൊലീസ് പൊക്കിയയത് സാഹസികമായി.
യുപിയുടെയും രാജസ്ഥാന്റെയും ഹരിയാനയുടെയും അതിർത്തിയിൽ പടർന്നു കിടക്കുന്ന മൂന്ന് കുഞ്ഞു ഗ്രാമമായിരുന്നു കേരളത്തെ വിറപ്പിച്ച ഹൈവേ കൊള്ളക്കാരുടെ ആസ്ഥാനം. ഹരിയാനയിലെ മേവാത്, രാജസ്ഥാനിലെ ഭരത്പൂർ, ഉത്തർപ്രദേശിലെ മധുര. പേര് കേട്ടാൽ വീരൻമാരുടെ പാരമ്പര്യത്തിന്റെ കഥകൾ ആരുടെയും നാവിൻ തുമ്പിൽ ഓടിയെത്തും.
കഴിഞ്ഞ പന്ത്രണ്ടിന് സംസ്ഥാനത്ത് മോഷണം നടത്തി അതിവേഗം കേരള അതിർത്തി കടന്ന മോഷണ സംഘം മടങ്ങിയെത്തിയത് സ്വന്തം നാട്ടിലേയക്കായിരുന്നു. പക്ഷേ, ഇവർ നാട്ടിൽ മടങ്ങിയെത്തും മുൻപ് എ.ടി.എം പ്രഫഷണൽ രീതിയിൽ തകർത്ത സംഘത്തെ കേരള പൊലീസിലെ മിടുക്കൻമാർ കണ്ടെത്തിക്കഴിഞ്ഞിരുന്നു. കോട്ടയത്തെ രണ്ട് എടിഎമ്മുകളിലെ കവർച്ചാ ശ്രമവും, എറണാകുളത്ത് ഒരിടത്ത് കവർച്ചയും മറ്റൊരിടത്ത് കവർച്ചാ ശ്രമവും, തൃശൂരിൽ ഒരു എടിഎം കുത്തിപ്പൊളിച്ച് വൻ കവർച്ചയും നടത്തിയതോടെയാണ് പൊലീസ് അന്വേഷണത്തിൽ പിടി മുറുക്കിയത്.
കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എം.പി ദിനേശിന്റെയും, കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെയും നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയായിരുന്നു. മൂന്നു ജില്ലകളിലെയും മികച്ച കുറ്റാന്വേഷകരെ ഉൾപ്പെടുത്തിയായിരുന്നു അന്വേഷണ സംഘത്തെ രൂപീകരിച്ചത്. ചങ്ങനാശേരി ഡിവൈഎസ്പി എസ്.സുരേഷ്‌കുമാറിനായിരുന്നു അന്വേഷണത്തിന്റെ മേൽനോട്ടം.
കേരളത്തിലേതിൽ നിന്നു നൂറ് മടങ്ങ് വ്യത്യസ്തമായ അന്തരീക്ഷമാണ് മേവാത്തിലേതെന്ന് പൊലീസ് പറയുന്നു. അയ്യായിരം രൂപയ്ക്ക് ഏത് മോഡൽ തോക്കും നിർമ്മിച്ച് ന്ൽകുന്ന സംഘങ്ങൾ മേവാത്തിൽ സജീവമാണ്. കൃഷിയാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന ഉപജീവന മാർഗം. പകുതിയിലധികം ആളുകളും സ്‌കൂളിന്റെ പടി പോലും കണ്ടിട്ടില്ല. യുവാക്കൾ ട്രക്ക് ഡ്രൈവർമാർ. വെള്ളമില്ലാതായതോടെ വർഷത്തിൽ പകുതിയിലേറെ സമയവും കൃഷിയില്ലാതെയായി.ഇതോടെയാണ് ഉപജീവനത്തിനായി ട്രക്ക് ഡ്രൈവർമാരായ യുവാക്കൾ മോഷണം തന്നെ തൊഴിലായി തിരഞ്ഞെടുത്തത്.
തമിഴ്‌നാട്ടിലെ തിരുട്ട് ഗ്രാമത്തിന് സമാനമാണ് മേവാത്തിലെയും, ഭരത്പൂറിലെയും, മധുരയിലേയും ഗ്രാമങ്ങൾ. തിരുട്ട് ഗ്രാമത്തിലെ മോഷ്ടാക്കൾ കാര്യമായ ആക്രമണത്തിനു ശ്രമിക്കാതെ മോഷണം നടത്തി മടങ്ങാൻ ശ്രദ്ധിക്കുമ്പോൾ ഇവർ നേരെ തിരിച്ചാണ്. ആക്രമണം നടത്തി നാട്ടുകാരെ അറിയിച്ച ശേഷം അതിക്രൂരമായി മോഷണം നടത്തുന്നതാണ് സംഘത്തിന്റെ തന്ത്രം. ഡൽഹി പൊലീസിന്റെ പട്ടികയിലുള്ള ഹൈവേ മോഷ്ടാക്കളുടെ പട്ടികയിൽ മേവാത്തിലെ നൂറ് കൊടും ക്രിമിനലുകളുടൈ പേരും ഉൾപ്പെട്ടിട്ടുണ്ട്.
അഞ്ചു ദിവസത്തോളം നീണ്ടു നിന്ന്, അൻപതിനായിരത്തോളം ഫോൺ നമ്പരുകൾ പരിശോധിച്ച്, രണ്ടായിരത്തിലേറെ വാഹനങ്ങളുടെ വിശദാംശങ്ങൾ പരിശോധിച്ച് കേരള പൊലീസ് സംഘം മേവാത്തിലെ മോഷ്ടാക്കളുടെ വേരുകൾ കണ്ടെടുത്തു. അതിഭീകര മോഷ്ടാക്കളുടെ കേന്ദ്രമായ മേവാത്തിലേയ്ക്കു പോകാനുള്ള നിയോഗമെത്തിയത് അന്വേഷണ സംഘത്തിലെ ഏറ്റവും ചുറുചുറുക്കുള്ള ആറ് ഉദ്യോഗസ്ഥർക്കായിരുന്നു. അങ്ങിനെയാണ് എറണ്ാകുളം ഹിൽപ്പാലസ് സി.ഐ ഉത്തംദാസ്, കോട്ടയം ഈസ്റ്റ് എസ്.ഐ ടി.എസ് റെനീഷ്, എ.എസ്.ഐമാരായ കെ.കെ റെജി, അജിത്, അനസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ദിനിൽ എന്നിവർക്ക് നറക്കു വീഴുന്നത്.
പതിനാറ് ദിവസം മുൻപ് സംഘം ഡൽഹിയ്ക്ക് വണ്ടികയറി. രാജസ്ഥാനിൽ എത്തിയതോടെയാണ് ആദ്യ പ്രതിസന്ധി ഉടലെടുക്കുന്നത്. മോഷണവും എ.ടി.എം കൊള്ളയും അടക്കം 19 കേസുകളിൽ പ്രതിയായ പപ്പി സിംഗ് ജയിലിൽ. ഇയാളെ കണ്ടെത്തി തീഹാർ ജയിലിൽ വച്ചു തന്നെ അറസ്റ്റ് രേഖപ്പെടുത്തി, ചോദ്യം ചെയ്യലും പൂർത്തിയാക്കി. പിന്നീട് മറ്റു പ്രതികൾക്കായി പ്രാദേശിക പൊലീസിന്റെ സഹായം തേടി. ഇങ്ങ് തെക്കേ അറ്റത്തു നിന്ന് മൂന്ന് പ്രതികളെ തപ്പി തങ്ങളുടെ സ്റ്റേഷനിലെത്തിയ കേരള പൊലീസിനെ കണ്ട് മേവാത്തിലെ ഉദ്യോഗസ്ഥർ പുച്ഛച്ചിരി ചിര്ിച്ചു.
ലോക്കലിൽ മാന്യന്മാരായ കൊടും ക്രിമിനലുകളെ പിടിക്കാൻ പോകാനുള്ള വൈമനസ്യം ലോക്കൽ പൊലീസ് വ്യക്തമാക്കി. പിടിച്ചേ മടങ്ങു എന്ന കേരള പൊലീസിന്റെ മുറുക്കിപ്പിടിയിൽ ലോക്കൽ പൊലീസ് ഒന്ന് അയഞ്ഞു. പിന്നെ അതിവേഗ നീക്കത്തിൽ അപകടകരമായ മേവാത്തിലൈ ഗ്രാമത്തിൽ നിന്നും മോഷ്ടാക്കളെ വലിച്ച് പുറത്തെത്തിച്ച് അറസ്റ്റ് ചെയ്ത് മടക്കം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top