സാമൂഹ്യ പ്രവര്‍ത്തകനായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ആത്മകഥ‘ഓര്‍മ്മകളിലേക്ക് ഒരു യാത്ര’പ്രകാശനം ചെയ്തു

കൊച്ചി: പ്രമുഖ വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ആത്മകഥയായ ‘ഓര്‍മ്മകളിലേക്ക് ഒരു യാത്ര’ പ്രകാശനം ചെയ്തു. ഒരു സാധാരണ സ്റ്റെബിലൈസര്‍ കമ്പനി ജീവനക്കാരനായി ഔദ്യോഗിക ജീവിതം ആരംഭിച്ച കാലം മുതല്‍ വി ഗാര്‍ഡ്, വണ്ടര്‍ലാ എന്നീ സ്ഥാപനങ്ങളിലൂടെ വന്‍കിട ബിസിനസ്സ് സാമ്രാജ്യം പടുത്തുയര്‍ത്തിയ കാലഘട്ടം വരെയുള്ള കൊച്ചൗസേപ്പിന്റെ ജീവിതം എല്ലാ വിശദാംശങ്ങളോടെയും ഈ കൃതിയില്‍ പരാമര്‍ശിക്കപ്പെടുന്നു. വൃക്കദാനം, നോക്കുകൂലി , സന്ധ്യ-ജസീറ വിവാദം അടക്കം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പല പ്രശ്‌നങ്ങളുടെയും പിന്നണിക്കഥകള്‍ ഈ പുസ്തകത്തിലുണ്ട്. മാധ്യമ പ്രവര്‍ത്തകനായ സജില്‍ ശ്രീധറും വണ്ടര്‍ലാ ജനറല്‍ മാനേജര്‍ എം.എ. രവികുമാറും ചേര്‍ന്നാണ് പുസ്തകം തയ്യാറാക്കിയത്. കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന്‍ ടി. പത്മനാഭന്‍ സംവിധായകന്‍ ജിത്തു ജോസഫിന് പുസ്തകം നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി മറുപടി പ്രസംഗത്തില്‍ തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചു. എം.എ രവികുമാര്‍ സ്വാഗതവും ജോര്‍ജി തോമസ് നന്ദിയും പറഞ്ഞു. മാതൃഭൂമി ബുക്ക്‌സാണ് പ്രസാധകര്‍.

Top