സ്വന്തം ലേഖകൻ
കൊച്ചി: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്നു ടി.പി സെൻകുമാർ മാറി ലോക്‌നാഥ് ബഹ്‌റയെത്തിയതോടെ അറസ്റ്റില്ലാതെ അന്വേഷണം അവസാനിപ്പിക്കാൻ നീക്കം സജീവമായി. ഗൂഡാലോചന കേസിൽ തെളിവ് കിട്ടിയാലും അറസ്റ്റിലേയ്ക്കു നീങ്ങേണ്ടെന്ന നിർദേശമാണ് ഉന്നത പൊലീസ് കേന്ദ്രങ്ങളിൽ നിന്നു നടിയുടെ ആക്രമണക്കേസ് അന്വേഷിക്കുന്ന സംഘത്തിനു ലഭിച്ചിരിക്കുന്ന നിർദേശം. ഗുഡാലോചനക്കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ശേഷം പ്രതികൾക്കു മുൻകൂർ ജാമ്യമെടുക്കാൻ അവസരം നൽകണമെന്ന നിർദേശമാണ് പൊലീസ് ഇപ്പോൾ നൽകിയിരിക്കുന്നത്.
ഫെബ്രുവരിയിൽ കേസ് രജിസ്റ്റർ ചെയ്ത സംഭവത്തിൽ ഗൂഡാലോചന അന്വേഷണത്തിനുള്ള പഴുത് ബാക്കിയിട്ടാണ് പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ, കുറ്റപത്രം സമർപ്പിച്ച് രണ്ടു മാസം കഴിഞ്ഞിട്ടും കേസിൽ ഗൂഡാലോചനയുടെ ഭാഗം അന്വേഷണം പൂർത്തിയാക്കാൻ പൊലീസിനു സാധിച്ചിരുന്നില്ല. ഇതിനിടെയാണ് സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേയ്ക്ക് ടി.പി സെൻകുമാർ മടങ്ങിയെത്തിയത്. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് എത്തിയ സെൻകുമാർ ആദ്യം നടത്തിയ നീക്കം പൊലീസ് അന്വേഷണ സംഘത്തിൽ പിടിമുറുക്കുകയായിരുന്നു.
ഇതേ തുടർന്നാണ് അന്വേഷണസംഘം കേസിൽ സജീവമായി അന്വേഷണം നടത്തിയതും ദീലീപിനെയും, നാദിർഷായെയും നിരവധി സിനിമാ താരങ്ങളെയും പൊലീസ് സംഘം ചോദ്യം ചെയ്തതും ഡിജിപി സെൻകുമാർ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാൽ, സെൻകുമാർ സർവീസിൽ നിന്നു വിരമിച്ചതോടെ ലോകനാഥ് ബഹ്‌റ ഡിജിപി സ്ഥാനം ഏറ്റെടുക്കുകയാിരുന്നു. ഇതോടെയാണ് അന്വേഷണം വഴിതെറ്റി തുടങ്ങിയതെന്ന സൂചന ശക്തമായി ലഭിച്ചിരിക്കുന്നത്. സെൻകുമാർ അന്വേഷണം നടത്തിയതോടെ ഗൂഡാലോചനയിൽ പങ്കുണ്ടെന്ന് ആരോപണം ഉയർന്ന നടന്റെ അറസ്റ്റിലേയ്ക്കാണ് കാര്യങ്ങൾ നീണ്ടത്. എന്നാൽ, പിന്നീട് അന്വേഷണം വഴിതെറ്റുകയായിരുന്നു. ഇതോടെയാണ് കേസ് വഴിതെറ്റിയതും എങ്ങുമെത്താതെ അവസാനിക്കാൻ വഴിയൊരുങ്ങിയതെന്നുമാണ് സൂചന.


