ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും; നിര്‍ണായകമായത് മൂന്ന് മൊഴികള്‍; ബിഷപ്പിന്റെ ലാപ്‌ടോപ്, മൊബൈല്‍ഫോണ്‍ എന്നിവ കണ്ടെടുത്തു; കന്യാസ്ത്രീയുടെ മൊഴി തൃപ്തികരമെന്നും പൊലീസ്‌

കോട്ടയം: കുറവിലങ്ങാട് മഠത്തില്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് സൂചന. ശക്തമായ തെളിവുകളും മൊഴികളും ലഭിച്ചുവെന്നും രണ്ടാംഘട്ട ചോദ്യം ചെയ്യലിന് ശേഷമാകും അറസ്റ്റെന്നും പൊലീസ് വ്യക്തമാക്കി. നിര്‍ണായകമായ മൂന്ന് മൊഴികള്‍ ലഭിച്ചുവെന്നും പൊലീസ് പറഞ്ഞു. ഇതുവരെ രേഖപ്പെടുത്തിയ എണ്‍പത്തൊന്ന് മൊഴികളില്‍ മൂന്നെണ്ണമാണ് ഏറ്റവും നിര്‍ണായകം. ബിഷപ്പിന്റെ മൊഴികള്‍ കളവാണെന്ന് തെളിയിക്കുന്നതും പീഡനം നടന്നുവെന്ന് പരാതിയില്‍ പറയുന്ന ദിവസം കുറവിലങ്ങാട് മഠത്തില്‍ എത്തിയിരുന്നുവെന്ന് തെളിയിക്കുന്നതുമായ മൊഴികളാണ് ലഭിച്ചിരിക്കുന്നത്.

ബിഷപ്പ് മഠത്തിലെത്തിയത് സ്ഥിരീകരിക്കുന്ന മൊഴികളും രേഖകളും കണ്ടെത്തി.  മഠത്തിലെ റജിസ്റ്ററില്‍ ഇക്കാര്യം രേഖപ്പെടുത്തിയ കന്യാസ്ത്രീയാണ് മൊഴി നല്‍കിയത്. കുറവിലങ്ങാട് മഠത്തിലല്ല മുതലക്കോടത്തെ മഠത്തിലാണ് താമസിച്ചതെന്നാണ് ബിഷപ്പിന്റെ മൊഴി. എന്നാല്‍ മുതലക്കോടത്ത് ബിഷപ്പ് എത്തിയിട്ടില്ല എന്ന് ഇവിടെ റജിസ്റ്റര്‍ കൈകാര്യം ചെയ്യുന്ന കന്യാസ്ത്രീയുടെ മൊഴിയുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കര്‍ദിനാളിന് കൈമാറിയ ആദ്യ പരാതിയില്‍ ലൈംഗികപീഡനത്തെക്കുറിച്ച് പരാമര്‍ശിച്ചില്ല എന്നതാണ് കന്യാസ്ത്രീയുടെ മൊഴിയില്‍ കണ്ടെത്തിയ വൈരുധ്യം. പരാതി ടൈപ്പ് ചെയ്ത് തയാറാക്കുമ്പോള്‍ മറ്റ് മൂന്നുപേര്‍ ഒപ്പമുണ്ടായിരുന്നുവെന്നും അവര്‍ ഇക്കാര്യം അറിയുമെന്ന് ഭയന്നാണ് പരാതിയില്‍ നിന്ന് ഒഴിവാക്കിയതെന്നും കന്യാസ്ത്രീ വിശദീകരിച്ചു. കന്യാസ്ത്രീ കര്‍ദിനാളിന് നല്‍കിയ പരാതിയിലെ വിശദീകരണം തൃപ്തികരമെന്നും പൊലീസ് പറഞ്ഞു.

പരിശോധനയില്‍  പരാതി തയാറാക്കിയ ലാപ്‌ടോപ്, കംപ്യൂട്ടര്‍, ഹാര്‍ഡ് ഡിസ്‌ക്, ബിഷപ്പിന്റെ ലാപ്‌ടോപ് മൊബൈല്‍ ഫോണ്‍ എന്നിവ പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇതോടൊപ്പം മഠങ്ങളിലെ സന്ദര്‍ശക റജിസ്റ്ററുകള്‍, ബിഷപ്പിന്റെ കേരളത്തിലെ ടൂര്‍ പ്രോഗ്രാം, ഇടയനോടൊപ്പം പരിപാടിയുടെ റജിസ്റ്റര്‍ തുടങ്ങി 34 രേഖകളും അന്വേഷണസംഘത്തിന്റെ പക്കലുണ്ട്.

എന്നാല്‍, പീഡനം നടന്ന സമയത്ത് ജലന്ധര്‍ ബിഷപ്പ് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താനിയില്ല. പുതിയ മൊബൈല്‍ വാങ്ങിച്ചപ്പോള്‍ പഴയത് ഉപേക്ഷിച്ചതായാണ് മൊഴി നല്‍കിയത്. നേരത്തെ കന്യാസ്ത്രീ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും കണ്ടെത്താന്‍ സാധിച്ചില്ല. മൊബൈല്‍ ഫോണുകള്‍ കണ്ടെത്താനാകാത്തത് അന്വേഷണത്തിന് തിരിച്ചടിയാകും. ഇതിന്റെ വിശദാംശങ്ങള്‍ പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. വത്തിക്കാന്‍ പ്രതിനിധിക്ക് നല്‍കാനുള്ള പരാതി സ്വീകരിച്ച ഭഗല്‍പൂര്‍ ബിഷപ്പ് കേരളത്തിലെത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ച സാഹചര്യത്തില്‍ പൊലീസ് ഭഗല്‍പൂരിലെത്തി മൊഴി രേഖപ്പെടുത്തും.

അതേസമയം, ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകാനുള്ള നോട്ടീസ് കിട്ടിയിട്ടില്ലെന്ന് അഭിഭാഷകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കില്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടുമെന്ന് അഭിഭാഷകന്‍ അറിയിച്ചു. ചോദ്യം ചെയ്യാന്‍ മാത്രമാണെങ്കില്‍ നോട്ടിസ് ലഭിച്ചാല്‍ ഹാജരാകും. അല്ലെങ്കില്‍ എന്തുവേണമെന്ന് ആലോചിച്ചു തീരുമാനിക്കുമെന്നും ബിഷപ്പിന്റെ അഭിഭാഷകനായ മന്ദീപ് സിങ് പറഞ്ഞു. എന്നാല്‍, അഭിഭാഷകന്റെ വാദം തള്ളി ജലന്ധര്‍ രൂപത പിന്നീട് രംഗത്തെത്തി.

നിലപാടു പറയാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ജലന്ധര്‍ രൂപത വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കുമെന്നും രൂപത അറിയിച്ചു. ഇ-മെയില്‍ വഴിയും ജലന്ധര്‍ പൊലീസ് മുഖേനയുമാണ് ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനുള്ള നോട്ടിസ് കേരള പൊലീസ് അയച്ചത്. സിആര്‍പിസി 41 എ വകുപ്പു പ്രകാരമാണ് ബിഷപ്പിന് നോട്ടിസ് അയച്ചത്. ചോദ്യം ചെയ്യുന്നതിന് ബിഷപ്പ് ഹാജരായാല്‍ വൈക്കം ഡിവൈഎസ്പി ആയിരിക്കും നേതൃത്വം നല്‍കുക.

Top