പനാജി: ഗോവയിൽ സർക്കാർ രൂപീകരിക്കുമെന്ന് കോൺഗ്രസ്.ഭരണകക്ഷിയിലെ അഞ്ച് എംഎൽഎമാരുമായി ചർച്ചകൾ നടത്തിയെന്നും സർക്കാർ രൂപീകരിക്കുമെന്നും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഗിരീഷ് ചോഡാൻകർ പറഞ്ഞു. തങ്ങൾ അഞ്ച് ഭരണകക്ഷി എംഎൽഎമാരുമായി ബന്ധപ്പെട്ടു. നിലവിലെ സഖ്യത്തിൽനിന്നും പുറത്തുവന്ന് പുതിയ സർക്കാർ രൂപീകരിക്കാൻ കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് അവർ വാഗ്ദാനം ചെയ്തിട്ടുണ്ട്. കോൺഗ്രസ് സർക്കാർ രൂപീകരിച്ചാൽ ഭരണകക്ഷി സഖ്യത്തിൽനിന്നും പുറത്തുവന്ന് പുതിയ സർക്കാരിന് അവർ പിന്തുണ നൽകും- ഗിരീഷ് ചോഡാൻകർ അറിയിച്ചു.
ആരൊക്കെയാണ് മറുകണ്ടം ചാടുകയെന്ന ചോദ്യത്തിനു കാത്തിരുന്ന കാണുക എന്ന മറുപടിയാണ് കോൺഗ്രസ് അധ്യക്ഷൻ നൽകിയത്. അവർ നമ്മളെ വിശ്വിച്ചാണ് വരുന്നത്. അവരെ വിൽപ്പനയ്ക്കുവയ്ക്കാൻ കഴിയില്ല. നിങ്ങൾ കാത്തിരുന്നു കാണുക, ആരാണ് തങ്ങൾക്കൊപ്പം എത്തുക എന്നത്- ഗിരീഷ് ചോഡാൻകർ പറഞ്ഞു.
ഗോവയിലെ മുഖ്യപ്രതിപക്ഷമായ കോൺഗ്രസിന് 12 എംഎൽമാരാണുള്ളത്. നേരത്തെയും സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് അവകാശവാദം ഉന്നയിച്ചിരുന്നു. കർണാടകയിൽ 2018 മെയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചതിനു പിന്നാലെയാണ് ഗോവയിൽ കോൺഗ്രസ് അവകാശവാദം ഉന്നയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടുപോലും ഗോവയിൽ സർക്കാർ രൂപീകരിക്കാൻ കോൺഗ്രസിനെ ക്ഷണിച്ചിരുന്നില്ല. ഭൂരിപക്ഷമുണ്ടെന്ന് അവകാശപ്പെട്ട ബിജെപിയെയാണ് സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചത്.
എന്നാൽ കർണാടക നിയമസഭയിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായതോടെ മതിയായ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടുപോലും ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചു. ഇതിനു പിന്നാലെയാണ് ഗോവയിൽ കോൺഗ്രസ് അവകാശവാദം ഉന്നയിച്ചത്.
കഴിഞ്ഞ സെപ്റ്റംബറിലും പുതിയ സർക്കാർ ഉണ്ടാക്കാൻ അവകാശവാദം ഉന്നയിച്ച് ഗവർണർ മൃദുല സിൻഹയെ കോൺഗ്രസ് സമീപിച്ചു. മനോഹർ പരീക്കർ ആശുപത്രിയിൽ ആയതോടെയാണ് കോൺഗ്രസ് നീക്കം നടത്തിയത്. എന്നാൽ ഈ നീക്കവും ഫലവത്തായില്ല.ശിരോദ, മാൻഡ്രേം സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതുവരെ ഉപതെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചിട്ടില്ല. ഏതാനും മാസങ്ങൾക്കുള്ളിൽ തീയതി പ്രഖ്യാപിച്ചേക്കുമെന്നാണ് കരുതുന്നത്.


