മലയാളിയെ ‘ഇന്‍റര്‍നാഷണലാക്കി’യ ബൈജൂസ് ആപ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 2019 ലെ മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ പുരസ്കാരം. ഇന്ത്യന്‍ ക്രിക്കറ്റ് ടിമിന്റെ ജേഴ്‌സി സ്‌പോണ്‍സർ കൂടിയാണ് ബൈജൂസ് ലേണിംഗ് ആപ്പ്.

കൊച്ചി:മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ 2019 പുരസ്കാരം ബൈജൂസ് ആപ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്. മനോരമ ന്യൂസ് പ്രേക്ഷകര്‍ക്കിടയില്‍ നടത്തിയ അഭിപ്രായവോട്ടെടുപ്പില്‍ ഒന്നാമതെത്തിയാണ് ബൈജു പുരസ്കാരജേതാവായത്. മനസിലാക്കി പഠിക്കുക എന്ന ആശയത്തില്‍നിന്ന് ലോകത്തെ ഏറ്റവും മൂല്യമേറിയ എജ്യുടെക് കമ്പനിയായ ബൈജൂസാപ്പിനെ സൃഷ്ടിച്ച യുവസംരഭകനാണ് ബൈജു.സ്വപ്നങ്ങള്‍ക്കു പിന്നാലെപോകാന്‍ മറ്റുള്ളവര്‍ക്കും ഈ പുരസ്കാരം പ്രചോദനമാകട്ടെയെന്ന് ബൈജു പ്രതികരിച്ചു. നടന്‍ ജയറാമാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് അഭിമാനമാണ് ബൈജുവെന്ന് ജയറാം പറഞ്ഞു. മലയാളിയെ ‘ഇന്‍റര്‍നാഷണലാക്കി’ ബൈജുവെന്ന് പരസ്യചിത്രസംവിധായകന്‍ സിജോയ് വര്‍ഗീസ് പറഞ്ഞു.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക

ഇന്ത്യന്‍ ക്രിക്കറ്റ് ടിമിന്റെ പുതിയ ജേഴ്‌സി സ്‌പോണ്‍സറാണ് ബൈജൂസ് ലേണിംഗ് ആപ്പ്. ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയിലെ വിദ്യാർത്ഥികൾ‌ക്കിടയിൽ സാധാരണമായ പേരാണ് ബൈജൂസ് ലേണിങ് ആപ്പ് എന്നത്. ലളിതമായ രീതിയില്‍ രാജ്യത്തെ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പഠന സഹായം വാഗ്ദാനം ചെയ്തു കൊണ്ടായിരുന്നു ആപ്പ് ശ്രദ്ധ പിടിച്ച് പറ്റിയത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ വലിയ കമ്പനിയായി ബൈജൂസ് ആപ് മാറുകയായിരുന്നു. മലയാളിയായ ബൈജു രവീന്ദ്രനാണ് ഓണ്‍ലൈന്‍ എജൂക്കേഷന്‍ ടെക്നോളജി പ്ലാറ്റ്ഫോമായ ബൈജൂസ് ലേണിങ് ആപ്പിന്റെ സ്ഥാപകന്‍. കണ്ണൂർ അഴീക്കോട് സ്വദേശിയായ രവീന്ദ്രൻ ബാംഗുളൂരു ആസ്ഥാനമാക്കിയാണ് ബൈജൂസ് ആപ്പിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.

തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ബൈജൂസ് ആപ്പിന്റെ മാതൃസ്ഥാപനം. 2011 ല്‍ ആരംഭിച്ച കമ്പനി 2019 ഓടെ ലോകത്തെ മുൻ നിര എഡ്യൂടെക് കമ്പനിയായി വളരുകയായിരുന്നു. 2015 ലാണ് ബൈജൂസ് എന്ന പേരിൽ ആപ്പുമായി കമ്പനി രംഗപ്രവേശനം ചെയ്യുന്നത്. ഏകദേശം 40,000 കോടിയോളം രൂപയുടെ ആസ്തിയാണ് 9 വർഷത്തിനിടെ കമ്പനി സ്വന്തമാക്കിയത്. ഷരൂക് ഖാനും മോഹൻലാലുമുൾപ്പെടെ മുൻനിര താരങ്ങളാണ് ബൈജൂസിന്റെ ബ്രാൻഡ് അംബാസിഡർമാർ.

ഫ്രീമിയം (ഫ്രീ, പ്രീമിയം)മോഡലിലാണ് ആപ്പിന്റെ പ്രവർത്തനം. 15 ദിവസത്തേക്കാണ് ഫ്രീ വേർഷൻ ലഭ്യമാവുക. പിന്നീട് പ്രീമിയം വേർഷൻ എടുക്കേണ്ടിവരും. ഇതിനായി മുൻകൂറായി പണം നൽകുന്ന രീതിയാണ് കമ്പനി സ്വീകരിക്കുന്നത്. പ്ലസ്ടുവരെയുള്ള പഠന സഹായത്തിന് പുറമെ ഐഐടി- ജെഇഇ, നീറ്റ്, കാറ്റ്, ഐഎഎസ്, ജെആർഇ, ജി മാറ്റ് തുടങ്ങിയ മൽസര പരീക്ഷകൾക്കും ആപ്പ് പഠന സഹായം വാഗ്ദാനം ചെയ്യുന്നു.

12-20 വരെയുള്ള ഡിജിറ്റൽ ആനിമേറ്റഡ് വീഡിയോയിലൂടെയാണ് ബൈജൂസ് വിദ്യാർത്ഥികൾക്കായിപഠനത്തിൽ സഹായം നൽകുന്നത്. മാത്തമാറ്റിക്സ്, സയൻസസ് വിഷങ്ങളിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 22 ലക്ഷം വാര്‍ഷിക പെയ്ഡ് സബ്സ്ക്രൈബർമാരുണ്ടെന്നാണ് കണക്ക്. മൊത്തം 33 ലക്ഷം വരിക്കാരുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. പ്രാദേശിക ഭാഷകളിലടക്കമാണ് ഇപ്പോൾ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. നിലവിൽ 15% ഉപയോക്താക്കൾ വിദേശത്തു നിന്നുള്ളവരാണ്. പ്രത്യേകിച്ച് മധ്യപൂർവേഷ്യയിൽനിന്ന്. പഠനം സംബന്ധിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനായി ഓൺലൈൻ മെന്ററിങ് സംവിധാനവും ആപ്പിൽ ഒരുക്കിയിട്ടുണ്ട്. വരിക്കാർ ഓരോരുത്തരും ശരാശരി ഒരു ദിവസം 40 മിനിറ്റ് ആപ്പിൽ ചെലവഴിക്കുന്നതായാണു കണക്ക്.

കണ്ണൂർ അഴീക്കോട് തയ്യിൽവളപ്പിൽ പുത്തൻവീട്ടിൽ സ്വദേശി ബൈജു രവീന്ദ്രൻ ഒരു ലക്ഷം രൂപ മുതൽ മുടക്കിലാണ് തിങ്ക് ആൻഡ് ലേൺ കമ്പനി ആരംഭിക്കുന്നത്. എന്നാൽ ഈ കമ്പനിയിൽ 2016ൽ സോഷ്യൽ മീഡിയ ഭീമനായ ഫേസ്ബുക്ക് നടത്തിയ നിക്ഷേപം 332 കോടി രൂപയായിരുന്നു. ‘‘ലോകമെമ്പാടുമുള്ള വിദ്യാർഥികളുടെയും അധ്യാപകരുടെയും കൈകളിലേക്ക് ഒട്ടേറെ പുതുമകളുള്ള, വ്യക്ത്യാധിഷ്ഠിത പഠനസഹായി എത്തിക്കാൻ ഞാനും കൈകോർക്കുന്നു.’’ എന്നായിരുന്നു നടപടി സക്കർ ബർഗ് നൽകിയ വിശദീകരണം. സക്കർബർഗും ഭാര്യ ഡോ. പ്രിസില്ല ചാനും ചേർന്നു സ്ഥാപിച്ച നിക്ഷേപസംരംഭമായ ചാൻ സക്കർബർഗ് ഇനീഷ്യേറ്റീവ് (സിഇസഡ്ഐ) ആദ്യമായി ഏഷ്യയിൽത്തന്നെ ഒരു സ്ഥാപനത്തെ സാമ്പത്തികമായി പിന്തുണയ്ക്കുകയായിരുന്നെന്ന പ്രത്യേകതയും ഈ നടപടിക്കുണ്ട്.

ചാൻ-സക്കർബർഗിന് പുറമെ 2013ൽ ടി.വി. മോഹൻദാസ് പൈ, ഡോ.രഞ്ജൻ പൈ എന്നിവരുടെ ആരിൻ ക്യാപിറ്റൽ 50 കോടി രൂപയായിരുന്നു ബൈജൂസ് ആപ്പിലെ ആദ്യത്തെ പുറത്തുനിന്നുള്ള തുടക്കം. ലൈറ്റ് സ്പീഡ് വെഞ്ചേഴ്സ്, ടൈംസ് ഇന്റർനെറ്റ് തുടങ്ങിയ നിരയിലേക്കു സെക്യൂയ-സോഫിന 510 കോടി രൂപ നിക്ഷേപിച്ചതും കമ്പനിക്ക് നാഴികക്കല്ലായി. നാസ്‌പേർസ് വെൻച്വേഴ്‌സ് നയിച്ച ഫണ്ടിംഗ് സമാഹരണ യജ്ഞത്തിൽ 40 കോടി ഡോളർ (ഏകദേശം 2880 കോടി രൂപ) നേടി ഇന്ത്യയിലെ അഞ്ചാമത്തെ വലിയ ഓൺലൈൻ ഉപഭോക്‌തൃ സേവന കമ്പനിയായി മാറിയിരിക്കുകയാണ്. ബൈജൂസിന്റെ വാല്യൂവേഷൻ ഇപ്പോൾ 3.6 ബില്യൺ ഡോളറാണ്.

ഇതിന് പിന്നാലെയായിരുന്നു ബൈജൂസ് ലേണിങ് ആപ്പ് ബാംഗ്ലൂര്‍ ആസ്ഥാനമായ മാത് അഡ്വഞ്ചേഴ്സിനെ ഏറ്റെടുത്തത്. രാജ്യത്ത് ലളിതമായ രീതിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗണിത പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന മൊബൈല്‍ ആപ്പാണ് മാത് അഡ്വഞ്ചേഴ്സ്. ജൂലൈ 2017 ൽ ട്യൂട്ടോറിസ്റ്റ (എഡൂറൈറ്റ് ), 2019 ജനുവരിയിൽ, 3-8 വയസുവരെയുള്ള കുട്ടികൾക്കായി വിദ്യാഭ്യാസ ഗെയിമുകൾ നിർമ്മിക്കുന്ന യുഎസ് ആസ്ഥാനമായുള്ള ഓസ്മോയെയും 120 മില്യൺ ഡോളറിന് ബൈജു സ്വന്തമാക്കിയിരുന്നു.

സ്‌കൂള്‍ അധ്യാപക ദമ്പതികളുടെ മകനായി ജനിച്ച്, സാധാരണ സ്‌കൂളില്‍ പഠിച്ച, ക്രിക്കറ്റും ഫുട്‌ബോളും ടേബിള്‍ ടെന്നീസും കളിച്ച് നടന്ന വ്യക്തിയായിരുന്നു താനെന്ന് മുൻപൊരു മാഗസിന് നൽകിയ അഭിമുഖത്തിൽ ബൈജു രവീന്ദ്രൻ വ്യക്തമാക്കിയിരുന്നു. ക്രിക്കറ്റ് കമന്ററി കേട്ട് ഇംഗ്ലീഷ് പഠിച്ചത്. സ്വപ്‌നത്തില്‍ പോലും ഇല്ലാതിരുന്ന ഒന്നായിരുന്നു അധ്യാപകനാകുക എന്നത്. എന്നാൽ ഇന്ന് അധ്യയന സാങ്കേതിക വിദ്യയില്‍ വലിയ ചലനമാണ് ബൈജു ഉണ്ടാക്കിയിരിക്കുന്നത്. എന്‍ജിനീയറായി ജോലി നോക്കവെ സുഹൃത്തുക്കൾക്കായി ഐഐഎം പ്രവേശനത്തിനുള്ള കോമണ്‍ ആപ്റ്റിറ്റിയൂട്ട് ടെസ്റ്റ് വിജയിക്കാന്‍ സഹായിച്ചതോടെയാണ് ഈ രംഗത്തെ തന്റെ കഴിവ് ബോധ്യമായത് എന്നായിരുന്നു പ്രതികരണം. സുഹൂത്തുക്കള്‍ക്കു വേണ്ടിയുള്ള ക്ലാസ് പിന്നീട് ഒരു സ്റ്റേഡിയം മുഴുവനുള്ള വിദ്യാര്‍ത്ഥികള്‍ക്കു മുന്നിലേക്കും പിന്നീട് സാങ്കേതിക രംഗത്തേക്കും വളരുകയായിരുന്നു.

.

Top